ഗുവാഹത്തി: രാജ്യത്തെ പ്രധാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് മെയിൻസിൽ (ജെ.ഇ.ഇ) ക്രമക്കേട് കാട്ടിയെന്നാരോപിച്ച് ഒന്നാം റാങ്കുകാരനും അച്ഛനും ഉൾപ്പെടെ അഞ്ച് പേരെ അസാം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവേശനപരീക്ഷയിൽ 99.8 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയ പരീക്ഷാർത്ഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പൊലീസ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ എൻജിനിയറിംഗ് കോളേജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
വിദ്യാർത്ഥിയായ നീൽ നക്ഷത്രദാസ്, അച്ഛൻ ഡോ. ജ്യോതിർമയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശർമ, പ്രഞ്ജൽ കലിത, ഹീരുലാൽ പഥക് എന്നിവരാണ് അറസ്റ്റിലായത്.
പരീക്ഷയിൽ ഒന്നാമതെത്താൻ കൃത്രിമം കാണിച്ചതായി സൂചന നൽകുന്ന വാട്സാപ്പ് സന്ദേശവും ഫോൺകാൾ റെക്കാഡുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മിത്രദേവ് ശർമ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്ററുൾപ്പെടെയുള്ള ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു.
ഉത്തരക്കടലാസിൽ പേരും റോൾനമ്പരും രേഖപ്പെടുത്താൻ മാത്രമാണ് നീൽ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസിൽ മറ്റൊരാൾ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും വലിയൊരു കണ്ണിതന്നെ ക്രമക്കേടിന് പിന്നിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.