പേരാമ്പ്ര : ചെങ്ങോടുമലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി പൊളിച്ചുമാറ്റിയ കേസിൽ പൊലീസ് കണ്ടെത്തലിനെതിരെ ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചു. ആക്ഷൻ കൗൺസിൽ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ചീനിക്കൽ നൽകിയ പരാതിയിൽ ഡെൽറ്റ റോക്സ് പ്രൊഡക്ട് ഉടമയെയും രണ്ട് മാനേജർമാരേയും പ്രതിചേർത്ത് ബാലുശേരി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ടാങ്ക് തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞ് ബാലുശേരി പൊലീസ് കേസ് കൂരാച്ചുണ്ട് പൊലീസിന് കൈമാറി. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ കേസ് വ്യാജമാണെന്ന റിപ്പോർട്ടാണ് നൽകിയത്. തുടർന്ന് നാദാപുരം എ.എസ്.പിക്ക് സമരസമിതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്റ്റേഷനിലെ മറ്റൊരു എസ്.ഐക്ക് അന്വേഷണം കൈമാറി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ 'തെളിവ് ലഭിക്കാത്ത ' എന്ന ഗണത്തിൽപെടുത്തി അന്വേഷണ റിപ്പോർട്ട് പേരാമ്പ്ര കോടതിക്ക് കൈമാറി. ഇതിനെതിരെയാണ് സമരസമിതി കോടതിയിൽ ഹർജി നൽകിയത്. ടാങ്ക് പൊളിച്ചതിന് സാക്ഷികൾ ഉണ്ടായിട്ടും ക്വാറി മുതലാളിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതാണെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ചെങ്ങോടുമലയിലെ കുടിവെള്ള ടാങ്ക് 2017ൽ തേങ്ങാ കൂടയാക്കി രൂപമാറ്റം വരുത്തുകയും 2018ൽ മുഴുവനായും പൊളിച്ചു മാറ്റുകയുമായിരുന്നു. രണ്ട് ഗുണഭോക്താക്കൾ കൊടുത്ത പരാതിയിൽ ഹൈക്കോടതി പൊളിച്ച സ്ഥലത്ത് ടാങ്ക് നിർമ്മിക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയിരുന്നു.