ദുബായ് : ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ പ്ളേ ഓഫ് സ്ഥാനമുറപ്പാക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മേൽ സമ്മർദ്ദമേറ്റി ചെന്നൈ സൂപ്പർ കിംഗ്സിന് ആറുവിക്കറ്റ് വിജയം. കൊൽക്കത്ത ഉയർത്തിയ 173 റൺസിന്റെ ലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. സീസണിലെ അഞ്ചാം ജയം നേടിയെങ്കിലും പ്ളേ ഓഫ് കാണില്ലെന്ന് നേരത്തേ ഉറപ്പിച്ചിരുന്ന ചെന്നൈ കൊൽക്കത്തയുടെ സാദ്ധ്യതകളെക്കൂടി തുലാസിലാക്കുകയാണ് ചെയ്തത്. ഒരു കളി ശേഷിക്കേ 12 പോയിന്റുമായി അഞ്ചാമത് തുടരുകയാണ് കൊൽക്കത്ത. ഇന്നലെ ജയിച്ചിരുന്നെങ്കിൽ അവർക്ക് ഏറെക്കുറെ പ്ളേ ഒാഫ് ഉറപ്പിക്കാമായിരുന്നു.
ഓപ്പണർ റിതുരാജ് ഗേയ്ക്ക്വാദിന്റെ അർദ്ധസെഞ്ച്വറിയും (72), അമ്പാട്ടി റായ്ഡു(20 പന്തുകളിൽ 38റൺസ്),രവീന്ദ്ര ജഡേജ (11 പന്തുകളിൽ 31 റൺസ്) എന്നിവരുടെ പോരാട്ടവുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. വാട്ട്സണും (14), അമ്പാട്ടിയും ധോണിയും (1), 53പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടിച്ച റിതുരാജും പുറത്തായതോടെ 140/4 എന്ന നിലയിലായ ചെന്നൈയെ ജഡേജയും സാം കറാനും ചേർന്ന് ജയിപ്പിക്കുകയായിരുന്നു.
അർദ്ധസെഞ്ച്വറി നേടിയ ഓപ്പണർ നിതീഷ് റാണയുടെ (61പന്തുകളിൽ 87 റൺസ് ) മികവിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 172 റൺസടിച്ചത്.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി കൊൽക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലും (26) റാണയും ചേർന്ന് നല്ല തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. എട്ടാം ഓവറിൽ ടീം സ്കോർ 72 ലെത്തിയപ്പോഴാണ് ഗില്ലിനെ പുറത്താക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞത്.17 പന്തുകളിൽ നാലുബൗണ്ടറികൾ പായിച്ച ഗിൽ ക്രാൺ ശർമ്മയുടെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ സുനിൽ നരെയ്ന് പതിവ് വെടിക്കെട്ട് പുറത്തെടുക്കാനായില്ല. ഏഴ് പന്തുകളിൽ ഏഴുറൺസ് മാത്രം നേടിയ നരെയ്ൻ സാന്റ്നറുടെ ബൗളിംഗിൽ ജഡേജയ്ക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ടീം സ്കോർ 60/2 ആയിരുന്നു.തുടർന്ന് റിങ്കു സിംഗിനെ(11) കൂട്ടുനിറുത്തി റാണ സ്കോർ ബോർഡ് ഉയർത്താൻ തുടങ്ങി.എന്നാൽ റാണ അർദ്ധസെഞ്ച്വറിയിലെത്തുംമുമ്പ് റിങ്കു കൂടാരം കയറി. 11 പന്തുകളിൽ 11 റൺസ് നേടിയ റിങ്കു ജഡേജയുടെ ബൗളിംഗിൽ അമ്പാട്ടിക്കാണ് ക്യാച്ച് നൽകിയത്. 93/3 എന്ന നിലയിലായി ഇതോടെ കൊൽക്കത്ത.
തുടർന്നെത്തിയ നായകൻ ഇയോൻ മോർഗനെ കൂട്ടുനിറുത്തി നിതീഷ് അർദ്ധസെഞ്ച്വറി കടന്നു. ടീം 100 കടക്കുകയും ചെയ്തു. സീസണിലെ തന്റെ മൂന്നാം അർദ്ധസെഞ്ച്വറി തികച്ചശേഷം നിതീഷ് വേഗത്തിൽ സ്കോർ ഉയർത്താൻ തുടങ്ങി. സെഞ്ച്വറി തികയ്ക്കുമെന്ന് തോന്നിപ്പിച്ച നിതീഷ് പക്ഷേ അതിന് 13 റൺസകലെ വീണു. ലുംഗി എൻഗിഡിയുടെ പന്തിൽ കറാന് ക്യാച്ച് നൽകിയ നിതീഷ് നേരിട്ട 61 പന്തുകളിൽ 10 ബൗണ്ടറികളും നാലു സിക്സുകളും പായിച്ചിരുന്നു.
പിന്നീട് നായകൻ മോർഗനും (15 )മുൻ നായകൻ ദിനേഷ് കാർത്തിക്കും (21 നോട്ടൗട്ട് ) ചേർന്ന് 18 ഓവറിൽ 150 കടത്തി.12 പന്തുകളിൽ രണ്ട്ബൗണ്ടറികൾ പായിച്ച മോർഗനെ അവസാന ഓവറിലാണ് എൻഗിഡി പുറത്താക്കിയത്. ഗേയ്ക്ക്വാദിനായിരുന്നു ക്യാച്ച്.10 പന്തുകളിൽ മൂന്ന് ബൗണ്ടറികളാണ് കാർത്തിക് പായിച്ചത്.
ചെന്നൈയ്ക്ക് വേണ്ടി എൻഗിഡി രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ജഡേജ,സാന്റ്നർ,ക്രാൺ ശർമ്മ എന്നിവർ ഓരോ വിക്കറ്റ് നേടി.