SignIn
Kerala Kaumudi Online
Wednesday, 19 May 2021 2.05 AM IST

ആറുപതിറ്റാണ്ടിന്റെ അത്ഭുതം...

maradona-

  • ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് 60 വയസ് തികയുന്നു

കളിക്കളത്തിൽ പ്രതിഭാവിലാസം കൊണ്ട് വിസ്മയം തീർത്തപ്പോഴും ജീവിതത്തിൽ അച്ചടക്കരാഹിത്യത്തിന്റെ ഉന്മാദവഴികൾ താണ്ടിയ ലോക ഫുട്ബാളിന് അർജന്റീന ജന്മം നൽകിയ ഇതിഹാസത്തിന്, കാൽപ്പന്തുകളിയുടെ പകരക്കാരനില്ലാത്ത മാന്ത്രികന്, ഡീഗോ അർമാൻഡോ മറഡോണയ്ക്ക് ഇന്ന് അറുപത് വയസ് തികയുന്നു.

ബ്യൂണസ് അയേഴ്സ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് പട്ടിണിയുമായി പടവെട്ടിയിരുന്ന കുടുംബത്തിൽ നാല് സഹോദരിമാരുടെ കുഞ്ഞനിയനായി പിറന്ന ഡീഗോ എട്ടാം വയസുമുതൽ കാൽപ്പന്തുകളിയിലെ തന്റെ മികവുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയതാണ്. തന്റെ കൗമാരവും യൗവനവും ലോക ഫുട്ബാളിന്റെ തന്നെ ആഘോഷങ്ങളാക്കി മാറ്റിയ ഡീഗോ അർജന്റീനയുടെ ഫുട്ബാൾചരിത്രത്തിലെ എന്നെന്നും ഒാർക്കാൻ ആഗ്രഹിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിച്ച ശേഷം ഒരിക്കലും ഒാർമ്മിക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ കളിക്കുപ്പായം അഴിച്ചുവച്ചയാളാണ്. 1986ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ഡീഗോ കിരീടമേറ്റുവാങ്ങുമ്പോൾ നൂറ്റാണ്ടിന്റെ ഗോളിന്റെ ഖ്യാതിയും ദൈവത്തിന്റെ കൈയുടെ അപഖ്യാതിയും ഒപ്പമുണ്ടായിരുന്നു. നാലുവർഷങ്ങൾക്ക് ശേഷം പശ്ചിമജർമ്മനിയോട് ഫൈനലിൽ അർജന്റീന തോൽക്കുമ്പോൾ ആരാധകർ കണ്ണീരൊഴുക്കുകയായിരുന്നുവെങ്കിൽ 1994 ലോകകപ്പിനിടെ ഉത്തേജകമരുന്നടിക്ക് പിടിയിലായി തലകുനിച്ച് മടങ്ങുമ്പോൾ അമ്പരന്ന് നിൽക്കുകയായിരുന്നു അവർ.

പിന്നീട് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നീരാളിക്കൈകളിൽപ്പെട്ട് ആശുപത്രിക്കിടക്കകളിലെ സ്ഥിരക്കാരനായ ഡീഗോ മരണത്തിന്റെ പടിവാതിൽക്കലെത്തി പലകുറി തിരിച്ചുവന്നു. തന്നെ പൂട്ടാനെത്തുന്ന ഡിഫൻഡർമാരെ മുന്നോട്ടും പിന്നോട്ടുമുള്ള ദ്രുതചലനങ്ങൾകൊണ്ട് കബളിപ്പിച്ച് ഗോളിലേക്ക് മുന്നേറുന്ന തന്നിലെ പ്രതിഭയുടെ സഞ്ചാരംപോലെ ഒടുവിൽ രോഗങ്ങളെ ചിതറിപ്പെറുപ്പിച്ച് ഡീഗോ പരിശീലകന്റെ വേഷത്തിൽ കളിക്കളത്തിൽ തിരികെയെത്തി.2010 ലോകകപ്പിൽ സാക്ഷാൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയു‌ടെ കോച്ചായി. എന്നാൽ മറഡോണയ്ക്ക്ശേഷം മറ്റാെരു അർജന്റീനക്കാരന് ഏറ്റുവാങ്ങാനാകാത്ത ഉയരത്തിൽ ഇന്നും ലോകകപ്പ് നിലകൊള്ളുന്നു. മുൻനിരയിലെങ്ങുമില്ലെങ്കിലും പരിശീലകനായി ഇപ്പോഴും മറഡോണ സജീവമാണ്.കഴിഞ്ഞ വാരമാണ് ലോകം ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയുടെ 80-ാം പിറന്നാൾ ആഘോഷിച്ചത്. ഒക്ടോബറിൽ പിറന്ന രണ്ട് പ്രതിഭകളിൽ പെലെയോ ഡീഗോയോ കേമൻ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ് ലോകം.ഒരു പക്ഷേ അതിന് കൃത്യമായൊരു ഉത്തരവുമില്ലായിരിക്കാം.

മറഡോണയിലെ കളിക്കാരനെയോ ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളെയോ പൂർണമായി ഇഴപിരിച്ച് മനസിലാക്കിയെടുക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. എല്ലാറ്റിന്റെയും അങ്ങേയറ്റമാണ് മറഡോണ.പ്രതിഭയിലും പ്രതിക്കൂട്ടിലും അയാൾക്ക് മേലേ മറ്റാെരാളില്ലതന്നെ. നെഗറ്റീവും പോസിറ്റീവും ഒരേ ഉടലിൽ കൊണ്ടുനടക്കുന്ന ബാറ്ററിപോലൊരു വിസ്മയ ഉൗർജപ്രവാഹമാണ് ഡീഗോ. ഇനിയും ഒരുപാടു പിറന്നാളുകൾ അദ്ദേഹത്തെ തേടിയെത്തട്ടെ....

ഏകാന്തതയുടെ 60-ാം പിറന്നാൾ ദിനം

ലോകമെങ്ങുമുള്ള ആരാധകർ പിറന്നാൾ ആഘോഷിക്കുമെങ്കിലും ഡീഗോ ഈ ദിനത്തിൽ ഏകാന്തതയിലായിരിക്കും. ലോകത്തെ മുഴുവൻ ഗ്രസിച്ച കൊവിഡാണ് മറഡോണയുടെ പിറന്നാളിനുമേലും കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അർജന്റീനിയൻ ക്ളബ് ജിംനേഷ്യ എസ്ഗ്രിമ ലാ പ്ളാറ്റയുടെ പരിശീലകനായ മറഡോണയുടെ അംഗക്ഷകന് കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് മറഡോണ ബ്യൂണസ് അയേഴ്സിലെ വീട്ടിൽ സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ഡീഗോ ഹൈ റിസ്ക് കാറ്റഗറിയിലായിരുന്നതിനാൽ നേരത്തെ ക്ളബിലെ ഒരു കളിക്കാരന് കൊവിഡ് വന്നപ്പോഴും മറഡോണ ഐസൊലേഷനിൽ പോയിരുന്നു.

രാഷ്ട്രീയം

തന്റെ രാഷ്ട്രീയ നിലപാടുകൾ ഒരിക്കലും ഡീഗോ മറച്ചുവച്ചിട്ടില്ല. ഫിഡൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസുമായുള്ള സൗഹൃദത്തിലൂടെ തന്റെ നിലപാടുകൾ അദ്ദേഹം തുറന്നുപറയുകയായിരുന്നു. ഡീഗോയുടെ ഇടംകാലിൽ കാസ്ട്രോയുടേയും വലംകൈയിൽ ചെഗുവേരയുടെയും ചിത്രം പച്ചകുത്തിയിട്ടുണ്ട്. ക്യൂബയിൽ ലഹരി മുക്തിചിക്തസയ്ക്കെത്തിയത് ആ നാടിനോടുള്ള സ്നേഹം കാെണ്ടാണ്. വെനിസ്വേലൻ ജനതയുമായും ഈ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു.

ദൈവത്തിന്റെ കൈ

1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ളണ്ടായിരുന്നു അർജന്റീനയ്ക്ക് എതിരാളികൾ. മത്സരം അർജന്റീന 2-1ന് ജയിച്ചു. രണ്ടുഗോളുകളും നേടിയത് ഡീഗോ.ഇതിൽ ആദ്യ ഗോളാണ് ദൈവത്തിന്റെ കൈ കൊണ്ട് നേടിയ ഗോളായി വിശേഷിപ്പിക്കപ്പെട്ടത്. ഉയർന്നുചാടി ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡീഗോ കൈകൊണ്ട് തട്ടി പന്ത് വലയിൽ കയറ്റുകയായിരുന്നു. എന്നാൽ റഫറി ഗോൾ വിധിക്കുകയും ഡീഗോ ഒന്നുമറിയാത്തപോലെ ആഘോഷം നടത്തുകയും ചെയ്തു. പിന്നീട് വീഡിയോ റീപ്ളേയിൽ ഇത് ഹാൻഡ് ഗോളാണെന്ന് തെളിഞ്ഞപ്പോൾ മറഡോണ പറഞ്ഞത് -കുറച്ച് മറഡോണയുടെ തലയും കുറച്ച് ദൈവത്തിന്റെ കരങ്ങളും ചേർന്ന ഗോളായിരുന്നു അത്.- എന്നാണ്. എന്നാൽ 2005ൽ ഒരു ടെലിവിഷൻ ഷോയിൽ മറഡോണ താൻ മനപൂർവമാണ് പന്ത് കൈകൊണ്ട് തട്ടിയിട്ടതെന്ന് സമ്മതിച്ചു.

നൂറ്റാണ്ടിന്റെ ഗോൾ

ഇംഗ്ളണ്ടിനെതിരായ ഇതേ മത്സരത്തിലെ രണ്ടാം ഗോൾ ആദ്യ ഗോളിന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയുന്നതായിരുന്നു.ആദ്യഗോൾ പിറന്ന് നാലുമിനിട്ടിനകം സ്വന്തം ഹാഫിൽ നിന്ന് കിട്ടിയ പന്തുമായി മൈതാനത്തിന്റെ പാതിയിലേറെ ഒറ്റയ്ക്കോടിയ മറഡോണ അഞ്ച് ഡിഫൻഡർമാരെ വെട്ടിച്ച് ഗോളടിക്കുന്നതിനിടയിൽ 11 ടച്ചുകൾ പന്തിൽ നടത്തിയിരുന്നു.2002ൽ ഫിഫ നടത്തിയ വോട്ടെടുപ്പിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഗോളായിരുന്നു.

ലഹരിയുടെ വഴികൾ

1983ൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാൻ സ്പെയ്നിലേക്ക് എത്തുമ്പോൾത്തന്നെ ഡീഗോ കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു.പിന്നീട് നാപ്പോളിയിലേക്ക് എത്തിയപ്പോൾ ലഹരി ഉപയോഗം കളിയെ ബാധിക്കുന്ന രീതിയിലായി.അനിയന്ത്രിതമായി മാറിയ ശരീരഭാരം കുറയ്ക്കാൻ മരുന്ന് ഉപയോഗിച്ചതിനാൽ 1994 ലോകകപ്പിൽ ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടു.2004വരെ കൊക്കെയ്ൻ ഉപയോഗം തുടർന്ന താരം പൊണ്ണത്തടി കുറയക്കാൻ 2005ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അതിന്ശേഷം തടികുറഞ്ഞെങ്കിലും മദ്യപാനം തുടർന്നതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായി.2007 ൽ ദീർഘനാൾ ആശുപത്രി വാസത്തിന് ശേഷം ലഹരിയോട് വിടപറഞ്ഞു.

10

പത്താം നമ്പർ ജഴ്സിയെ ലോക പ്രസിദ്ധമാക്കിയത് മറഡോണയാണ്. അതിന് മുമ്പും ശേഷവും പലരും പത്താം നമ്പർ കുപ്പായം അണിഞ്ഞിട്ടുണ്ടെങ്കിലും ആ നമ്പർ തന്റെ പര്യായമാക്കി മാറ്റിയത് ഡീഗോയാണ്.അർജന്റീന ദേശീയക്കുപ്പായത്തിൽ മാത്രമല്ല ബാഴ്സലോണയിലും നാപ്പോളിയിലും സെവിയ്യയിലും ബൊക്ക ജൂനിയേഴ്സിലും ന്യൂവെൽ ബോയ്സിലുമൊക്കെ പത്താം നമ്പർ മറഡോണയുടെ സ്വന്തമായിരുന്നു.ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ പത്താം നമ്പർ അണിയുന്നത് ശീലമാക്കിയത് മറഡോണയ്ക്ക് ശേഷമാണ്.

  • മറഡോണ കളിയും കാലവും

1960

ഒക്ടോബർ 30ന് അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ജനനം.

1968

വീടിന് സമീപത്തെ എസ്റ്റെല്ലാ റോയ ക്ളബിനായി കളിതുടങ്ങി. 12വയസായപ്പോൾ സീനിയർ മത്സരങ്ങളുടെ ഇടവേളയിൽ ബാൾ സ്കിൽസ് പ്രദർശനം നടത്താൻ തുടങ്ങി.

1976

തന്റെ പതിനാറാം പിറന്നാളിന് പത്തുദിവസം മുമ്പ് അർജന്റീനാ ജൂനിയേഴ്സ് ക്ളബിലൂടെ പ്രൊഫഷണൽ അരങ്ങേറ്റം.

1977

അർജന്റീന ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

1979

അർജന്റീനയെ ഫിഫ അണ്ടർ-20 ലോകകപ്പ് ജേതാക്കളാക്കി.

1981

അർജന്റീനയിലെ പ്രമുഖ ക്ളബായ ബൊക്ക ജൂനിയേഴ്സിലെത്തി.

1982

സ്പാനിഷ് മുൻനിര ക്ളബ് ബാഴ്സലോണയിൽ എത്തി.

1984

ഇറ്റാലിയൻ ക്ളബ് നാപ്പോളിയിൽ .ഏറ്റവും കൂടുതൽ കാലം മറഡോണ കളിച്ച ക്ളബ് നാപ്പോളിയാണ്.ഏഴ് കൊല്ലം.

1986

ലോകകപ്പ് കിരീടനേട്ടം

1990

ലോകകപ്പ് റണ്ണർ അപ്പ്

1992

സ്പാനിഷ് ക്ളബ് സെവിയ്യയിൽ

1993

അർജന്റീനയിലെ ന്യൂവെൽസ് ബോയ്സ്ക്ളബിലേക്ക്.

1994

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാൽ ലോകകപ്പിൽ നിന്ന് പുറത്ത്. അന്താരാഷ്ട്ര കരിയറിന്അവസാനം.

1995

ബൊക്ക ജൂനിയേഴ്സിൽ തിരിച്ചെത്തി.

1997

ബൊക്ക ജൂനിയേഴ്സിൽ വച്ച് പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു.

2008

ചില ചെറുകിട ക്ളബുകളിൽ സെലിബ്രിറ്റി കോച്ചായിരുന്ന ഡീഗോ 2008ൽ അർജന്റീന ദേശീയ ടീം കോച്ചായി. 2010 ലോകകപ്പിൽ ക്വാർട്ടറിൽ തോറ്റതോടെ സ്ഥാനം തെറിച്ചു.

2011

യു.എ.ഇ ക്ളബ് അൽവാസലിന്റെ കോച്ച്.

2013

അർജന്റീന ക്ളബ് റിയസ്ട്രേയുടെ സഹപരിശീലകൻ

2017

യു.എ.ഇ ക്ളബ് ഫുജൈറയുടെ കോച്ച്.

2018

മെക്സിക്കൻ ക്ളബ് ഡോറഡോസ് കോച്ച്

2019

ജിംനേഷ്യ ഡി ലാ പ്ളാറ്റ കോച്ച്.

4
1982, 1986,1990,1994 എന്നിങ്ങനെ നാലു ലോകകപ്പുകളിൽ കളിച്ച താരമാണ് മറഡോണ. ആദ്യ ലോകകപ്പിൽ പ്രതീക്ഷിച്ച മികവ് കാട്ടാനായില്ലെങ്കിലും നാലുവർഷത്തിന് ശേഷം മെക്സിക്കോയിൽ ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് കിരീടം ഏറ്റുവാങ്ങിയ നായകൻ ഡീഗോ ആയിരുന്നു.നാലുവർഷത്തിന് ശേഷം അതേ ജർമ്മനിയോട് ഫൈനലിൽ തോറ്റു. 1994ൽ ഉത്തേജകപരിശോധനയിൽ തോറ്റ് നാണം കെട്ട് മടങ്ങി.

91

മത്സരങ്ങളാണ് 17 കൊല്ലം നീണ്ട കരിയറിൽ അർജന്റീനയുടെ കുപ്പായത്തിൽ കളിച്ചത്. 34 ഗോളുകൾ നേടി.

491

മത്സരങ്ങളാണ് 21 കൊല്ലം നീണ്ട പ്രൊഫഷണൽ ക്ളബ് കരിയറിൽ കളിച്ചത്. 259 ഗോളുകളും നേടി.

പുരസ്കാരങ്ങൾ

1979,80

സൗത്ത് അമേരിക്കൻ ഫുട്ബാളർ ഒഫ് ദ ഇയർ

1979,80,81,86

സൗത്ത് അമേരിക്കൻ ഫുട്ബാൾ റൈറ്റേഴ്സ് അവാർഡ്

1985

സെരി എ ഫുട്ബാളർ ഒഫ് ദ ഇയർ

1986

ലോകകപ്പ് ഗോൾഡൻ ബാൾ,സിൽവർ ഷൂ

1989-90

യൂറോപ്യൻ ഫുട്ബാളർ ഒഫ് ദ സീസൺ

1990

ലോകകപ്പ് ബ്രൗൺസ് ബാൾ

1996

വിശിഷ്ട സേവനത്തിന് ബാൾ ഓൺ ഡി ഓർ

1999

അർജന്റീന ഫുട്ബാൾ റൈറ്റേഴ്സ് പ്ളേയർ ഒഫ് ദ സെഞ്ച്വറി

2000

20-നൂറ്റാണ്ടിലെ മികച്ച താരമായി പെലെയ്ക്കൊപ്പം ഫിഫ തിരഞ്ഞെടുത്തു

2002

ഫിഫ ഗോൾ ഒഫ് ദ സെഞ്ച്വറി അവാർഡ്

5' 5"

അഞ്ചടി​ അഞ്ചി​ഞ്ച് (1.65 മീറ്റർ )ഉയരം കൊണ്ടാണ് മറഡോണ ലോകത്തി​ന്റെ നെറുകയി​ലെത്തി​യത്.

കേരളത്തിലെത്തിയ ദൈവം

കേരളത്തിലെ ഫുട്ബാൾ ആരാധകർക്ക് ആവേശം പകർന്ന് മറഡോണ 2012ൽ കണ്ണൂരിലെത്തിയിരുന്നു. താൻ ബ്രാൻഡ് അംബാസഡറായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ജുവലറി ഉദ്ഘാടനത്തിനായിരുന്നു അത്. വൻ ജനാവലിയാണ് മറഡോണയെ കാണാനെത്തിയത്.2008ൽ കൊൽക്കത്തയിലും മറഡോണ എത്തിയിരുന്നു.

സ്റ്റേഡിയത്തിലും ടെലിവിഷനിലും എന്റെ കളികണ്ടവർക്ക് ആനന്ദവും വിസ്മയവും സമ്മാനിക്കാൻ കഴിഞ്ഞു എന്നതാണ് ജീവിതത്തിലെ വലിയ നേട്ടം. പിറന്നാൾ ദിനത്തിൽ ഇംഗ്ളണ്ടിനെതിരെ കൈകൊണ്ട് ഒരുഗോൾകൂടിനേടുന്നതാണ് ഞാൻ സ്വപ്നം കാണുന്നത്. ഇത്തവണ വലതുകൈകൊണ്ട് ഗോളടിക്കണം.

- പിറന്നാളിന് മുന്നോടിയായി ഒരു ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡീഗോ മറഡോണ പറഞ്ഞത്.

സത്യസന്ധനായ ഫുട്ബാളറാണ് മറഡോണ.86 ലോകകപ്പിൽ കൈകൊണ്ട് നേടിയ ഗോളിന് ശേഷം പത്രക്കാരോട് മറഡോണയുടെ തലയും ദൈവത്തിന്റെ കൈയും എന്ന് പറഞ്ഞതിൽ താൻ ചെയ്ത അപരാധത്തിന്റെ കൃത്യമായ സൂചനയുണ്ടായിരുന്നു. പിന്നീട് ആ ഗോൾ നേടിയതിലെ കുറ്റബോധം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. 82 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ താരത്തെ ഫൗൾ ചെയ്തതിന് ചുവപ്പുകാർഡ് വാങ്ങിയതിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നും നീതിക്ക് വേണ്ടി നിലകൊണ്ടയാളാണ് ഡീഗോ. ഫിഡൽ കാസ്ട്രോയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദസംഭാഷണങ്ങൾ അതിന് തെളിവാണ്.

- പന്ന്യൻ രവീന്ദ്രൻ‌

മുൻ എം.പി, ഫുട്ബാൾ നിരീക്ഷകൻ

1986 മെക്സിക്കോ ലോകകപ്പ് ടിവിയിൽ കണ്ടതുമുതൽ ആരാധ്യ പുരുഷനാണ് മറഡോണ.അദ്ദേഹം കേരളത്തിൽ വന്നപ്പോൾ എനിക്കും ഐ.എം വിജയനും ഷറഫലിക്കുമൊക്കെ നേരിട്ടുകാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒരു ഫുട്ബാളറായി ജീവിച്ചിരിക്കാൻ കഴിയുന്നതുതന്നെ ഭാഗ്യമാണ്.

- ജോപോൾ അഞ്ചേരി

മുൻ ഇന്ത്യൻ ഫുട്ബാളർ

ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം പെലെയുടെ കളി ഒരു സങ്കൽപ്പം മാത്രമാണ്. ടെലിവിഷനിലൂടെയെങ്കിലും കാണാൻ ഭാഗ്യമുണ്ടായ ഇതിഹാസമാണ് മറഡോണ.ആ കേളീശൈലി എക്കാലവും ആരാധകമനസിൽ നിറഞ്ഞുനിൽക്കും.

എബിൻ റോസ്

- മുൻ കേരള ഫുട്ബാളർ

സിഗ്നൽ കിട്ടാൻ ടി.വി ആന്റിന തിരിച്ച് കാത്തിരുന്ന് കണ്ട അത്ഭുതമാണ് ഡീഗോ മറഡോണ. 1986 ലോകകപ്പ് മുതൽ മനസിൽ കുടിയേറിയതാണ് ആ മുഖം. പിന്നീട് ഒരിക്കലും എന്റെ ഇടനെഞ്ചിൽ നിന്ന് ഇറങ്ങിപ്പോയിട്ടില്ല. അദ്ദേഹത്തിന്റെ നിഴൽപ്പാടിന്റെപോലും ഏഴയലത്ത് എത്തില്ലെങ്കിലും കേരളത്തിന്റെ മറഡോണ എന്ന് ചിലരെങ്കിലും എന്നെ വിളിച്ചിരുന്നതിൽ അഭിമാനിച്ചിരുന്നയാളാണ് ഞാൻ.തലമുറകളെയൊക്കെ കോരിത്തരിപ്പിക്കുന്ന പ്രതിഭാസമല്ലേ ഡീഗോ. ഡീഗോയ്ക്ക് തുല്യം ഡീഗോ മാത്രം. എക്കാലത്തേയും മികച്ച ഫുട്ബാളർ ഡീഗോയല്ലാതെയാരാണ്?.

- ആസിഫ് സഹീർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, MARADONA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.