ബാഴ്സലോണ : കൊവിഡ് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളത്തിലിറങ്ങാൻ കഴിയാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് ബാഴ്സലോണ. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി,പാരീസ് എസ്.ജി തുടങ്ങിയവർ വിജയം കണ്ടു
ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് മിന്നിത്തിളങ്ങിയത്. 14-ാം മിനിട്ടിൽ ഒസ്മാനേ ഡെംബെലെയ്ക്ക് ഗോളടിക്കാൻ വഴിയൊരുക്കിയ മെസി 90-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് സ്വന്തം പേരിലെ ഗോൾ കുറിച്ചത്. മൂന്ന് തവണ അൽവാരോ മൊറാട്ടയിലൂടെ ബാഴ്സയുടെ വലകുലുക്കിയെങ്കിലും അതെല്ലാം ഓഫ് സൈഡ് വിളിക്കുന്നത് കാണേണ്ടിവന്ന യുവന്റസിന് ഇൻജുറി ടൈമിന് തൊട്ടുമുമ്പ് ഡെമിറാൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായത് മറ്റൊരു തിരിച്ചടിയായി.
ആദ്യ മത്സരത്തിൽ ഫെറെങ്ക്വാറോസിനെ തോൽപ്പിച്ചിരുന്ന ബാഴ്സലോണ രണ്ടാം വിജയത്തോടെ ആറുപോയിന്റുമായി ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഡൈനമോ കീവിനെ തോൽപ്പിച്ച് മൂന്ന് പോയിന്റ് നേടിയ യുവന്റസാണ് രണ്ടാം സ്ഥാനത്ത്.
ഹാട്രിക്ക് നേടിയ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ മികവിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ തകർത്തത്. 21-ാം മിനിട്ടിൽ ഗ്രീൻവുഡിലൂടെയാണ് യുണൈറ്റഡ് ഗോളടി തുടങ്ങിയത്. 74,78,90+2 മിനിട്ടുകളിലായിരുന്നു റാഷ്ഫോർഡിന്റെ ഹാട്രിക്ക്.87-ാം മിനിട്ടിൽ അന്തോണി മാർഷലും സ്കോർ ചെയ്തു.
ഹഡ്സൺ ഒഡോയ്,ടിമോ വെർണർ,സിയേഷ്,ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർ നേടിയ ഗോളുകൾക്കാണ് ചെൽസി ക്രാസ്നോദറിനെ കീഴടക്കിയത്. 64,79 മിനിട്ടുകളിലായി മോയ്സ് കീൻ നേടിയ ഗോളുകളാണ് ഇസ്താംബുളിനെതിരെ പാരീസിന് വിജയം നൽകിയത്.
മത്സരഫലങ്ങൾ
ബാഴ്സലോണ 2-യുവന്റസ് 0
മാഞ്ച.യുണൈറ്റഡ് 5-ലെയ്പ്സിഗ് 0
ചെൽസി 4- ക്രാസ്നോദർ 0
പി.എസ്.ജി 2-ഇസ്താംബുൾ 0
ഡോർട്ട്മുണ്ട് 2-സെനിത്ത് 0
സെവിയ്യ 1- റെന്നെസ് 0
ലാസിയോ 1- ക്ളബ് ബ്രൂഗെ 1
ഡൈനമോ കീവ് 2- ഫെറെങ്ക് വാറോസ് 2