തൃശൂർ : കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന് അനുസരിച്ച് ആരോഗ്യ പ്രവർത്തകരിലും രോഗം കൂടുന്നു. നിലവിൽ ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ആയിരത്തിലേറെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ആശുപത്രികളിലും ക്ളിനിക്കുകളിലും പ്രവർത്തിക്കുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിന് പുറമേ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി കൊവിഡ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിയവർക്കാണ് ഏറെയും രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും സർക്കാർ സംവിധാനത്തിൽ സേവനമനുഷ്ഠിക്കുന്നവർ തന്നെയാണ്. ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, എച്ച്.ഐ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആശാ വർക്കർമാർ തുടങ്ങിയവർക്കാർ രോഗം കൂടുതലായും വന്നത്. ജൂലായ് അവസാനം വരെ നൂറോളം പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നിടുള്ള മാസങ്ങളിൽ ആരോഗ്യ പ്രവർത്തകരിൽ രോഗം കൂടി.
ഒക്ടോബർ, സെപ്തംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. പല സ്ഥലങ്ങളിലും ആവശ്യമായ വിശ്രമം പോലും ഇല്ലാതെയാണ് ആരോഗ്യ പ്രവർത്തകർ ജോലിയെടുക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവർ പോലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ ഉടൻ ജോലിക്ക് കയറേണ്ട സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.
പത്ത് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവർ
983 പേർക്ക് കൊവിഡ്
തൃശൂർ: 1037 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 983 പേർക്ക് കൂടി കൊവിഡ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,598 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 37,563 ആണ്. 27,646 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 964 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.