പാവറട്ടി: ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരനായിരുന്ന എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനോട് അനുബന്ധിച്ച് ബിനോയി നിർമ്മിച്ച സംഗീത ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു. ആൽബം ഇറക്കി ഒരു മാസം കൊണ്ട് പതിനയ്യായിരത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ആസ്വദിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണി ബാറ്റ് വീശി അടിക്കുന്ന ദൃശ്യവും താളവുമെല്ലാം 'നമ്മ തല ധോണി' എന്ന പേരിലുള്ള മ്യൂസിക്കൽ ഗാനത്തിന് ചാരുത പകരുന്നു.
ക്ളൗഡ് റൈനിന്റെ പേരിലാണ് ഗാനം ഇറക്കിയിരിക്കുന്നത്. 2013 ഇന്ത്യൻ ടീമിൽ നിന്നും സച്ചിൻ ടെണ്ടുൽക്കർ വിരമിച്ചപ്പോഴും ഒരു മ്യൂസിക്കൽ ഗാനം ചെയ്തിരുന്നു. 'ഹമാരെ സച്ചിൻ' എന്ന പേരിൽ. ഗാനം എഴുതാനും തന്റെ സുഹൃത്തുക്കളെയാണ് ബിനോയ് ഏൽപ്പിച്ചത്. കൊവിഡ് സമയമായതിനാൽ പുറത്ത് പോയി ഈ മ്യൂസിക്കൽ പാട്ടു ചെയ്യാനായിരുന്നില്ല. പെരുവള്ളൂരിലെ തന്നെ തന്റെ സ്റ്റുഡിയോ ആയ ക്ളൗഡ് റൈനിൽ തന്നെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഒരു ദിവസം കൊണ്ട് 'നമ്മ തല ധോണി' ഷൂട്ട് ചെയ്തത്. വളരെ ചെറുപ്പത്തിലേ ക്രിക്കറ്റിനോടും കളിയോടും ഉള്ള അമിതമായ താല്പര്യവും ധോണി എന്ന കളിക്കാരനോടുള്ള ആരാധനയുമാണ് ഈ വിഷ്വൽ ആൽബം ചെയ്യാൻ പ്രേരണയായതെന്ന് ബിനോയ് പറയുന്നു. എ.ആർ റഹ്മാന്റെ സൗണ്ട് എൻജിനീയറും പ്രോഗ്രാമറുമായ ഹെൻഡ്രി കുരുവിളയിൽ നിന്നാണ് ബിനോയ് സംഗീതം കൂടുതൽ പഠിക്കുന്നത്. അവതരണത്തിലും കാഴ്ചപ്പാടിലും സംഗീതത്തിന് പുതിയൊരു ഭാഷ്യം ഈ ഗാനത്തിലൂടെ നൽകാൻ ഈ ഗായകന് സാധിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ ധോണി എന്നെങ്കിലും തന്റെ ഈ ഗാനം കേൾക്കുമെന്ന ഒരാഗ്രഹം മാത്രമാണ് ബിനോയിക്കുള്ളത്. സ്വന്തം നാട്ടിലെ പാട്ടുകാരെയും കലാകാരന്മാരെയും ഉൾപ്പെടുത്തി 'മുത്തേ മുത്തേ ' എന്നൊരു നാടൻ പാട്ടും ആൽബമായി ചെയ്തിരുന്നു. തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ആൽബം ബിനോയ് ചെയ്തിട്ടുണ്ട്. പെരുവല്ലൂർ പൂവൻത്ര ശശികുമാറിന്റെയും സുജാതയുടെയും മകനാണ്.