തൃശൂർ: കൊവിഡ് മാനദണ്ഡം പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കളക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനം പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശം ഉടൻതന്നെ താലൂക്ക് നോഡൽ ഓഫീസർമാർക്ക് കൈമാറുകയും താലൂക്ക് നോഡൽ ഓഫീസർമാർ അതത് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് കൈമാറുകയും ചെയ്യും. സെക്ടറൽ മജിസ്ട്രേറ്റുമാർ സ്ഥലം സന്ദർശിച്ച് നിയമ ലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
അനാവശ്യമായതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവർത്തനം ജില്ലാ കളക്ടർ ദിവസേന നേരിട്ട് വിലയിരുത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ജില്ലാ കളക്ടർ നേരിട്ടെത്തിയും നടപടിയെടുക്കും.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്
യുവമോർച്ച റോഡ് ഉപരോധം
തൃശൂർ : സ്വർണ്ണക്കള്ളക്കടത്തിന് അധികാര ദുർവിനിയോഗം നടത്തിയ എൽ.ഡി.എഫ് സർക്കാരും, മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ട് ഉപരോധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബാബു വലിയവീട്ടിൽ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണായി, രാഹുൽ നന്തിക്കര, അഖിൽ, ശ്രീബിൻ മുളയം, ശ്രീജിത്ത് വാകയിൽ, ഹരിഹരൻ ചേലക്കര, വിഷ്ണു മുരളി, അമൽ എന്നിവർ നേതൃത്വം നൽകി. തൃശൂർ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.