പാലോട്: വാശിയേറിയ കായിക മാമാങ്കങ്ങൾക്ക് വേദിയാകാറുള്ള മലയോര ഗ്രാമങ്ങളിൽ ആവേശവും പ്രതീക്ഷയും ജനിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തോടെ പെരിങ്ങമ്മല മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് ഹബ്ബും യാഥാർത്ഥ്യമായി. പ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ ഇടമില്ലാതെ വലഞ്ഞ പുതുതലമുറയ്ക്ക് സ്വപ്നസാക്ഷാത്കരമാണ് മലനാട്ടിൽ പൂവണിഞ്ഞ സ്പോർട്സ് ഹബ്ബ്.
പള്ളിക്കൽ, ഉഴമലയ്ക്കൽ, പ്ലാമൂട്ടുക്കട, മിതൃമ്മല എന്നിവിടങ്ങൾക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുൻകൈ എടുത്ത് നിർമ്മിച്ചതാണ് പെരിങ്ങമ്മല ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് ഹബും.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റിനോട് ചേർന്ന് 50 സെന്റ് സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.
സ്പോർട്സ് ഹബ്ബ് നിർമ്മിച്ച പബ്ലിക് മാർക്കറ്റ് കോമ്പൗണ്ടിൽ അര ഏക്കറിലധികം സ്ഥലത്ത് പരമ്പരാഗത മാർക്കറ്റ് തനിമ ചോരാതെ നവീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. രണ്ടു കോടി രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്താണ് മാർക്കറ്റിന്റെ നവീകരണവും നടത്തുന്നത്. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെയും സംസ്ഥാന മത്സ്യഫെഡിന്റെയും സഹകരണവും ആധുനിക രീതിയിലുള്ള മാർക്കറ്റ് നിർമ്മാണത്തിൽ സഹായകമാണ്. നെടുമങ്ങാട് താലൂക്കിലെ ഒരു നൂറ്റാണ്ടോളം പഴക്കം ചെന്ന പൊതുചന്തയാണ് പെരിങ്ങമ്മലയിലേത്. ചന്തയുടെ പഴക്കവും പ്രൗഢിയും വിളംബരം ചെയ്ത് ഒരു അരയാൽ ഇവിടെ തലയുയർത്തി നിൽപ്പുണ്ട്. ഈ മുത്തശ്ശി മരം കേന്ദ്രീകരിച്ച് കുട്ടികളുടെ പാർക്ക് കൂടി രൂപകല്പന ചെയ്തിട്ടുണ്ട്. മൂന്ന് കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച 'ശാന്തികുടീരം" പൊതു ശ്മശാനവും സ്പോർട്സ് ഹബ്ബും മാർക്കറ്റ് നവീകരണവും ഉൾപ്പടെ 8 കോടി രൂപയുടെ വികസന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് പെരിങ്ങമ്മലയിൽ പൂർത്തീകരിച്ചത്.
പ്രത്യേകതകൾ
പി.വി.സി ഫ്ലോറിംഗ് ചെയ്ത ബാഡ്മിന്റെൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബാൾ കോർട്ടുകൾ, അന്താരാഷ്ട്ര നിലവാരത്തിൽ ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, വീഡിയോ കോൺഫറൻസ് ഹാൾ, എക്സർസൈസ് സൗകര്യങ്ങൾ.
സ്പോർട്സ് ഹബ്ബ് 2 ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
നിർമ്മാണം പൂർത്തിയായ സ്പോർട്സ് ഹബ്ബ് നവംബർ 2ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്വാഗതം ആശംസിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജിംനേഷ്യവും ഡി.കെ. മുരളി എം.എൽ.എ ക്രിക്കറ്റ് നെറ്റ്സും ഉദ്ഘാടനം ചെയ്യും. എൽ.എസ്.ജി.ഡി എക്സി.എഞ്ചിനിയർ ബി. ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിക്കും.
''ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകളുടെ വളർച്ചയ്ക്ക് സ്പോർട്സ് ഹബ്ബ് മുതൽക്കൂട്ടാകും"
--വി.കെ. മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)