കൊച്ചി : ബുധനാഴ്ച ഇ.ഡി കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിലാണ് ഇന്നലെ ശിവശങ്കർ കോടതിയിൽ ഹാജരായത്. നീല ടി - ഷർട്ടും ട്രാക് സ്യൂട്ടും. രാവിലെ 10.25 ന് മുല്ലശേരി കനാൽ റോഡിലെ ഇ.ഡി ഒാഫീസിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കാറിലാണ് ശിവശങ്കർ ഒരു കിലോമീറ്റർ അകലെയുള്ള ജില്ലാ കോടതിയിൽ എത്തിയത്.
രാവിലെ തന്നെ കോടതിയിലും ഇ.ഡി ഒാഫീസ് പരിസരത്തും കനത്ത പൊലീസ് കാവൽ ഒരുക്കിയിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും മുമ്പ് ഡോക്ടർമാരുടെ സംഘം ഇ.ഡി ഒാഫീസിലെത്തി ശിവശങ്കറിനെ പരിശോധിച്ചു.
10.29 - ഇ.ഡിയുടെ കാർ കോടതി വളപ്പിൽ. കാമറകൾ പൊതിഞ്ഞു. തിക്കിലും തിരക്കിനുമിടയിലൂടെ ശിവശങ്കർ പുറത്തേക്ക്. പൊലീസ് ഒരുക്കിയ വഴിയിലൂടെ ലിഫ്റ്റിൽ കയറി. മാദ്ധ്യമ പ്രവർത്തർ ചോദ്യങ്ങളുമായി തിക്കിത്തിരക്കിയെങ്കിലും ഗൗരവത്തിലായിരുന്നു.
10.32 - ശിവശങ്കർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. അഭിഭാഷകൻ എസ്. രാജീവ് ഉൾപ്പെടെ ഒപ്പമുണ്ടായിരുന്നു. ഇ.ഡിയുടെ അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണൻ, ഇ.ഡി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും എത്തി.
10.40 - പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്ത് കോടതിയിലെത്തി. അവധി ദിനമായിട്ടും ഈ കേസ് പരിഗണിക്കാൻ മാത്രമായിരുന്നു സിറ്റിംഗ്. പ്രതിക്കൂട്ടിൽ നിന്ന ശിവശങ്കർ ചിലകാര്യങ്ങൾ കോടതിയോടു പറയാനുണ്ടെന്ന് അറിയിച്ചു. തന്റെ അടുത്തേക്ക് വരാൻ ജഡ്ജി ആവശ്യപ്പെട്ടു. ഇ.ഡി പീഡിപ്പിക്കുന്നതായും വൈദ്യസഹായം നൽകിയില്ലെന്നും പരാതി ബോധിപ്പിച്ചു. ബന്ധുക്കളെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കി.
11.05 - വാദം പൂർത്തിയായതോടെ കോടതി കസ്റ്റഡി അനുവദിച്ചു. സഹോദരൻ നാരായണൻ, അനന്തരവൻ അനന്തകൃഷ്ണൻ എന്നിവരെ കാണാൻ ശിവശങ്കറിന് അനുമതി നൽകി.
11. 25 - ശിവശങ്കറും അഭിഭാഷകരും കോടതിക്ക് പുറത്തേക്ക് വന്നു. ശിവശങ്കർ സഹോദരനോടും അനന്തരവനോടും സംസാരിച്ചു.
ഉച്ചക്ക് 1.05 -ശിവശങ്കറിനെ പുറത്തേക്ക് കൊണ്ടുവന്നു. മാദ്ധ്യമങ്ങളോടു സംസാരിച്ചില്ല. ഇ.ഡിയുടെ കാറിൽ എൻഫോഴ്സ്മെന്റ് ഒാഫീസിലേക്ക്.