കൊച്ചി: 'ദൃശ്യം' സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയെ ഓർമ്മയില്ലേ? ചെറിയ വരുമാനമുള്ള കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളെ, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്നിട്ടും ജോർജുകുട്ടി ബുദ്ധിപൂർവം നേരിട്ടു. വരുമാനത്തിനൊത്ത് ചെലവു നിയന്ത്രിച്ച് ജീവിതം ആസ്വാദ്യമാക്കുന്നത് എങ്ങനെയന്ന പാഠം കൂടിയാണ് ജോർജുകുട്ടിയുടെ ജീവിതം.
ഇടത്തരം വരുമാനക്കാരനായ ജോർജുകുട്ടി വീട്ടുകാര്യങ്ങൾ ഭംഗിയായി നോക്കുന്നു; കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ വഹിക്കുന്നു. ബസ് ടിക്കറ്റ് ഉൾപ്പടെ എല്ലാ ബില്ലുകളും ശേഖരിച്ചു വച്ച് ഓരോ മാസത്തെയും വരവും ചെലവും നോക്കി ചെലവ് നിയന്ത്രിക്കുന്നു.
സിനിമയിൽ, കോൺസ്റ്റബിൾ സഹദേവൻ ''ഇങ്ങനെ എല്ലാ ബില്ലുകളും എടുത്തു വയ്ക്കുന്നതിൽത്തന്നെ എന്തോ ദുരുദ്ദേശ്യമില്ലേ സാറേ?" എന്നു ചോദിക്കുമ്പോൾ ജോർജുകുട്ടി നൽകുന്ന മറുപടിയുണ്ട്: ''വരവും ചെലവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നൊരു കുടുംബമാ ഞങ്ങടേത്. എല്ലാ മാസാവസാനോം ഈ ബില്ലെല്ലാം എടുത്ത് കൂട്ടിനോക്കും- അധികച്ചെലവ് എവിടാന്ന് കണ്ടുപിടിക്കാൻ!"
ഈ 'ഫിനാൻഷ്യൽ മാനേജ്മെന്റ് ' ആണ് ജോർജുകുട്ടിയുടെ ജീവിതവിജയം.
സാമ്പത്തിക അച്ചടക്കം
ജീവിതത്തിൽ എങ്ങനെ സാമ്പത്തിക അച്ചടക്കം പാലിക്കാമെന്ന് ജോർജുകുട്ടി കാണിച്ചുതരുന്നുണ്ട്. ആ ജീവിതത്തെ മറ്റൊരു രീതിയിൽ സങ്കല്പിക്കുക:
₹ 25,000: ഇതാണ് ജോർജുകുട്ടിയുടെ ഇപ്പോഴത്തെ മാസ വരുമാനം.
വീട്ടുചെലവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, മറ്റു ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്കായി വരുമാനത്തിന്റെ 50 ശതമാനം പ്രതിമാസം ചെലവാക്കുന്നു.
25 ശതമാനം തുക ലോൺ അടയ്ക്കാൻ വേണം.
15 ശതമാനം തുക പ്രതീക്ഷിക്കാത്ത ചെലവുകൾക്ക്
മാസം മിച്ചം പിടിച്ചത് : 10% തുക; അതായത്, 2500 രൂപ. ഇത് അദ്ദേഹം ചിട്ടിയിൽ നിക്ഷേപിച്ചു.
ജോർജുകുട്ടി തൊട്ടടുത്ത മാസം ചെലവുകൾക്കായുള്ള നീക്കിവയ്പ്പ് 50 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കി കുറച്ചു.
ലോൺ ചെലവിൽ മാറ്റമില്ല
അനാവശ്യച്ചെലവ് 10 ശതമാനത്തിൽ നിയന്ത്രിച്ചു
അപ്പോൾ മാസം മിച്ചം പിടിച്ചത് : 25% തുക = 6250 രൂപ.
ഈ പണം ചിട്ടിയിലും മക്കളുടെ വിവാഹം ഉൾപ്പെടെ ഭാവിയിലെ മറ്റു ചെലവുകൾക്ക് സഹായകമാകുന്ന നിക്ഷേപ പദ്ധതിയിലും അദ്ദേഹം നിക്ഷേപിച്ചു.