SignIn
Kerala Kaumudi Online
Tuesday, 01 December 2020 3.16 PM IST

കാഴ്ചയുടെ വസന്തം സമ്മാനിക്കുന്ന സപ്ത സഹോദരിമാർ

seven-sisters

ഒരു ജീവിതം കൊണ്ടു കണ്ടുതീരുവാൻ സാധിക്കാത്ത കാഴ്ചകളാണ് വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രത്യേകത. ഓരോ തരത്തിലുള്ള അത്ഭുതങ്ങളുമായാണ് ഓരോ വടക്കു കിഴക്കൻ ഗ്രാമങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, ഇവിടെ എത്തുന്നത് വളരെ കുറച്ച് മാത്രം സഞ്ചാരികൾ മാത്രം.

പർവ്വതങ്ങളും മഞ്ഞപുതച്ച ഗ്രാമങ്ങളും ഗുഹകളും കാടും എല്ലാമായി മനസ്സിൽ നിറ‍ഞ്ഞു നിൽക്കുന്ന കാഴ്ചകൾ നിരവധിയുണ്ടിവിടെ. ഓരോ യാത്രയിലും ഒരായിരം കാഴ്ചകളാണ് സമ്മാനിക്കുക. 'സപ്ത സഹോദരിമാർ" എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ നോക്കാം.

മജൂലി

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്നറിയപ്പെടുന്നതാണ് മജൂലി ദ്വീപ്. അസാമിലെ ബ്രഹ്മ പുത്ര നദി ഒഴുകുന്നിതിനിടയിലായി രൂപം കൊണ്ട ഈ ദ്വീപ് ഏറെ അത്ഭുതക്കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന ഖ്യാദിയും മജൂലി ദ്വീപിന് സ്വന്തമാണ്. അസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മജൂലി നിരവധി അത്ഭുതക്കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. അസാമിലെ ഗോത്രവിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാർ. അസാമിലെ ഗുവാഹത്തിയിലെ ജോർഘട്ട് ജില്ലയിലാണ് മജൂലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

സീറോ വാലി (അരുണാചൽ പ്രദേശ്)

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് അരുണാചൽ പ്രദേശിലെ സീറോ വാലി. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം വടക്കു കിഴക്കിലെ ഏറ്റവും മികച്ച സോളോ യാത്രയ്ക്ക് പറ്റിയ ഇടം കൂടിയാണ്. ഭൂമിയിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സീറോ വാലി. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 115 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന സീറോ വാലി അപ്പതാനി എന്നറിയപ്പെടുന്ന പ്രത്യേക ഗോത്രവിഭാഗങ്ങളുടെ ഭൂമിയാണ്. പച്ച പുതച്ചു കിടക്കുന്ന നെൽവയലുകളാണ് ഇവിടുത്തെ പ്രത്യേക കാഴ്ച. ടാലേയ് വന്യജീവി സങ്കേതം, കിലേ പാക്കോ റിഡ്ജ്, ബാംബൂ ഗ്രോവ്സ് തുടങ്ങിയവയാണ് ഇവിടുത്തെ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകൾ.

തവാംഗ് (അരുണാചൽ പ്രദേശ്)

അരുണാചൽ പ്രദേശിൽ ചൈനയോട് അതിർത്തി ചേർന്നു കിടക്കുന്ന തവാംഗ് ക‍ൊടുമുടികളുടെ സാന്നിദ്ധ്യം കൊണ്ടും അതിമനോഹരമായ കാഴ്ചകളാലും സമ്പന്നമായ പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ബുദ്ധാശ്രമമായ തവാംഗ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തവാംഗ് എന്നാൽ കുതിര തിരഞ്ഞെടുത്തത് എന്നാണ് അർത്ഥം. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൂടാതെ ഗ്രാമീണ ജീവിതങ്ങൾ ഇവിടെ കാണേണ്ട കാഴ്ചയാണ്. തവാംഗിൽ നിന്ന് 42 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷോങ-റ്റിസെർ തടാകം, ഗോർസാം ചോർടെൻ സ്തൂപം, സെല ചുരം, തുടങ്ങിയ സ്ഥലങ്ങളും കാഴ്ചകളും കൂടാതെ പ്രാദേശികമായ ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

ലോക്താക് തടാകം (മണിപ്പൂർ)

മണിപ്പൂരിന്റെ വിസ്മയങ്ങളിലൊന്നാണ് ലോക്താക് തടാകം. ഒഴുകി നടക്കുന്ന തീരങ്ങളാണ് ലോക്താക് തടാകത്തിന്റെ സവിശേഷത. മാന്ത്രികക്കരകൾ എന്നാണ് പ്രദേശവാസികൾ ഇതിനെ വിളിക്കുന്നത്. യഥാർത്ഥത്തിൽ വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഈ ജൈവാവശിഷ്ടങ്ങൾ ഒഴുകിനടന്ന് തടാകത്തിനകത്തെ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണ് ഇത്തരം കരകളായി തീരുന്നത്. ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്.

ധ്വാകി (മേഘാലയ)

സ്ഫടികം പോലെ തെളിഞ്ഞ വെള്ളമാണ് മേഘാലയയിലെ ദ്വാകി നദിയുടെ സവിശേഷത. പച്ചയും നീലയും കലർന്ന് തെളിഞ്ഞു കിടക്കുന്ന ഈ കാഴ്ച മേഘാലയയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ഷില്ലോംഗിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധ്വാകി ബംഗ്ളാദേശിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശവും കൂടിയാണ്.

മാവ്ലിനോംഗ് (മേഘാലയ)

ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മാവ്ലിനോംഗ്. മേഘാലയയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷില്ലോംഗിൽ നിന്ന് 80 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പച്ചപ്പും വെള്ളച്ചാട്ടങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മേഘാലയയുടെ പ്രധാന കാഴ്ചയായ ജീവനുള്ള വേരുകൾക്കൊണ്ടുണ്ടാക്കിയിരിക്കുന്ന പാലങ്ങളും ഇവിടെ കാണുവാൻ സാധിക്കും.

സുലുക്ക് വില്ലേജ് (സിക്കിം)

ഇന്ത്യയും ടിബറ്റും തമ്മിലുള്ള ചരിത്രപ്രധാനമായ സിൽക്ക് റൂട്ട് കടന്നു പോകുന്ന സുലുക്ക് വില്ലേജ് സിക്കിമിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ഗാംഗ്ടോക്കും സിലിഗുരിയുമാണ് സുലുക്ക് ഗ്രാമത്തിന് സമീപമുള്ള പ്രധാന നഗരങ്ങൾ. കാഞ്ചണജുംഗ പർവ്വതത്തിന്റെ അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ഗ്രാമം അധികം ആളുകളൊന്നും എത്തിച്ചേരാത്ത ഇടം കൂടിയാണ്. ഇവിടെ സൂര്യോദയത്തിന്റെ ഭംഗി എത്ര വർണ്ണിച്ചാലും മതിയാവില്ല.

കിസാമാ (നാഗാലാന്റ്)

നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് കിസാമ. നാഗാ ഗോത്രവിഭാഗക്കാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടം അവരുടെ ജീവിതക്കാഴ്ചകൾ കാണാനും അടുത്തറിയാനും പറ്റിയ പ്രദേശമാണ്. ലോകപ്രസിദ്ധമായ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നതും ഈ പ്രദേശത്താണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SEVEN SISTERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.