SignIn
Kerala Kaumudi Online
Thursday, 26 November 2020 9.58 AM IST

'ചില കുട്ടികൾക്ക് ചോറ് കൊടുക്കുമ്പോൾ വേണ്ടാന്ന് പറഞ്ഞ് കാലു കൊണ്ട് തട്ടും, എന്നാലും അമ്മ കൊടുക്കും'; ശോഭ സുരേന്ദ്രന്റെ പിണക്കം കണ്ടില്ലെന്ന് നടിച്ച് ബി ജെ പി നേതാക്കൾ

shobha-surendran

തിരുവനന്തപുരം: ബി ജെ പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമർശനം കണ്ടില്ലെന്ന് നടിച്ച് ബി ജെ പി നേതാക്കൾ. സംസ്ഥാന-ദേശീയ പുന:സംഘടനയിൽ തഴയപ്പെട്ട ശോഭയുടെ പ്രതികരണത്തിൽ പരസ്യമായി മറുപടി പറയാൻ ബി ജെ പി നേതാക്കളാരും തയ്യാറായില്ല. ശോഭ സുരേന്ദ്രൻ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കൃഷ്‌ണദാസ് പക്ഷവും കാര്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ശോഭയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പ്രവർത്തകരും അസംതൃപ്‌തരാണ്. ശോഭയുടെ ഫേസ്ബുക്കിൽ അത് കമന്റുകളുടെ രൂപത്തിൽ പ്രകടമാകുന്നുമുണ്ട്.

പുന:സംഘടനയിൽ അതൃപ്‌തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുളള ശ്രമം ശോഭ നടത്തുമ്പോഴും അതിനെ പരിഹാസത്തോടെ തളളി കളയുകയാണ് സംസ്ഥാന നേതാക്കളിൽ ഭൂരിപക്ഷവും. സുരേന്ദ്രൻ തലപ്പത്ത് വന്ന ശേഷം പാർട്ടി പരിപാടികളിൽ ഒന്നും തന്നെ ശോഭ സജീവമായിരുന്നില്ല. മാസങ്ങൾ കഴിഞ്ഞ് ഇത് വാർത്തമാദ്ധ്യമങ്ങളിൽ ഇടം നേടിയപ്പോഴും ശോഭയെ അനുനയിപ്പിക്കാനുളള യാതൊരു ശ്രമവും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.

ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബി ജെ പിയിൽ പരസ്യ വിമർശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാർട്ടി നേതൃത്വവുമായുളള അകൽച്ച മൂർദ്ധന്യത്തിൽ എത്തിയപ്പോഴാണ് ശോഭ ഇന്നലെ പൊട്ടിത്തെറിച്ചത്. തന്റെ പിണക്കത്തിന് കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നത്.

കെ സുരേന്ദ്രൻ പ്രസിഡന്റായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിർപ്പ് പരസ്യമാക്കിയത്.

ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ അപവാദങ്ങൾ ഉയർത്തുന്ന പ്രചാരണത്തിന് പിന്നിൽ പാർട്ടിയിലെ എതിർചേരിയാണെന്നും ശോഭ സംശയിക്കുന്നു. ഒരേ സമയം സംസ്ഥാന -ദേശീയ നേതൃത്വങ്ങൾ അവഗണിച്ചുവെന്ന് കരുതുന്ന ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്. രാധാകൃഷ്‌ണ മേനോൻ, ജെ ആർ പത്മകുമാർ അടക്കം സുരേന്ദ്രൻ പ്രസിഡന്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ചുളള ഗ്രൂപ്പിനുളള ശ്രമത്തിലാണ് ശോഭ.

എം ടി രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്തും എ എൻ രാധാകൃഷ്‌ണനെ കോർ കമ്മിറ്റിയിലും നിലനി‍ർത്തിയതോടെ കലാപക്കൊടി ഉയർത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോൾ സരേന്ദ്രനുമായി നല്ല ബന്ധത്തിലാണ്. അതേസമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമർശനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തുടർനീക്കമെന്നും പറയപ്പെടുന്നു.

'ശോഭയുമായി സംസാരിച്ചിട്ടില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സംസാരിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു' പി കെ കൃഷ്‌ണദാസ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. സംസ്ഥാന അദ്ധ്യക്ഷനായ സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായില്ല. ജനങ്ങളെ ബാധിക്കുന്ന ഗൗരവകാര്യങ്ങളിൽ മാത്രം പ്രതികരിക്കും. പാർട്ടികാര്യങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

'ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ തന്നോട് ചോദിക്കാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് എന്നാണ് ശോഭയുടെ പരാതി. ശോഭയോട് ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല. അബ്‌ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് ആര് പറഞ്ഞിട്ടാണെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ബി ജെ പിക്കില്ലെന്നും' ഒരു മുതിർന്ന നേതാവ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

'ചെറിയ കുട്ടികൾ അമ്മയോട് ദേഷ്യപ്പെട്ടതു പോലെ കണ്ടാൽ മതി. ശോഭ സുരേന്ദ്രനെ പൊക്കി മാദ്ധ്യമങ്ങൾ അവരെ ഇല്ലാതാക്കേണ്ട. ഒരു കുടുംബത്തിനകത്ത് ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. ചില കുട്ടികൾക്ക് ചോറ് കൊടുക്കുമ്പോൾ വേണ്ടാന്ന് പറഞ്ഞ് കാലു കൊണ്ട് തട്ടും. എന്നാലും അമ്മ ചോറു കൊടുക്കും. അത് സുരേന്ദ്രൻ ചെയ്‌തോളുമെന്നും' ഒരു ബി ജെ പി നേതാവ് പറഞ്ഞു.

ബി ജെ പി വ്യക്തിയധിഷ്‌ഠിതമായ പാർട്ടിയല്ല. വാജ്‌പേയി ഇരുന്നിടത്തേക്കാണ് അദ്വാനി വന്നത്. ആ സ്ഥാനത്താണ് ഇപ്പോൾ മോദിയിരിക്കുന്നത്. ശോഭയുടെ പ്രതികരണം ഗൗരവമായി കാണേണ്ട. അതുകൊണ്ട് തന്നെ പരസ്യപ്രതികരണങ്ങൾക്കില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHOBHA SURENDRAN, BJP, K SURENDRAN, P K KRISHNADAS, NARENDRA MODI, NDA;, AMIT SHAH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.