മുംബയ് : യുവതിയുടെ കൺമുന്നിൽ വച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയുമായി കടന്ന് മോഷ്ടാക്കൾ. മുംബയ് മീരാ റോഡിലാണ് സംഭവം. ശാന്തിനഗർ സെക്ടർ 2, പായൽ കോ- ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ തന്റെ ഫ്ലാറ്റിലേക്ക് ഷോപ്പിംഗിന് ശേഷം വൈകിട്ട് 5.30 ഓടെ മടങ്ങിയെത്തിയതായിരുന്നു 27 കാരിയായ സുനിത ഉപാദ്ധ്യായ്. സുനിത കതക് തുറന്ന് ഉള്ളിലേക്ക് കടന്നതും പുറകിലെത്തിയ രണ്ട് അജ്ഞാതർ സുനിതയെ അകത്തേക്ക് തള്ളിയിടുകയും വീടിനുള്ളിൽ കടന്ന് വാതിൽ അടയ്ക്കുകയുമായിരുന്നു. സുനിതയേയും ഒമ്പത്, എട്ട്, ഒന്ന് വയസുള്ള മൂന്ന് പെൺമക്കളേയും ബാത്ത്റൂമിൽ പൂട്ടിയിടുകയായിരുന്നു.
എന്നാൽ ബാത്ത്റൂമിൽ നിന്നും സുനിത സഹായത്തിനായി ഉറക്ക കരഞ്ഞു. തുടർന്ന് മോഷ്ടാക്കൾ സുനിതയെ ബാത്ത് റൂമിൽ നിന്നും പുറത്തിറക്കി ബലംപ്രയോഗിച്ച് ബെഡ്റൂമിലെത്തിച്ചു. ഒച്ചവയ്ക്കാതിരിക്കാൻ സ്ക്രൂ ഡ്രൈവറോട് സാമ്യമുള്ള മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. മോഷ്ടാക്കളിൽ ഒരാൾ ആയുധവുമായി സുനിതയുടെ അടുത്ത് നിൽക്കവെ മറ്റേയാൾ കബോർഡിൽ നിന്നും 5 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സുനിത ഉടൻ തന്നെ ഐസ്ക്രീം പാർലർ ഉടമയായ ഭർത്താവ് രാംപ്രകാശിനെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഫ്ലാറ്റിൽ വാച്ച്മാൻ ഇല്ല. എന്നാൽ മാസ്ക് ധരിച്ച മോഷ്ടാക്കളുടെ രൂപം പതിഞ്ഞ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്.