കൊച്ചി : മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും,സർക്കാർ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സർക്കാരിന്റെ നടപടി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചത് സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധികളുമുണ്ട്.
ഇതിനു വിരുദ്ധമായി, സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിനുള്ള മാനദണ്ഡമാക്കിയത് ഭരണഘടനാപരമായി അസാധുവാണ്.. സാമ്പത്തിക സംവരണം അംഗീകരിച്ചാൽ പോലും കേരളത്തിലെ ജനസംഖ്യയനുസരിച്ച് പത്തു ശതമാനം സംവരണം അനുവദിക്കുന്നത് അനീതിയാണെന്ന് ഹർജിയിൽ പറയുന്നു
മുന്നാക്ക വിഭാഗങ്ങളിലെ ജനസംഖ്യ വളരെക്കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇവിടെ പത്തു ശതമാനം സാമ്പത്തിക സംവരണം നൽകുന്നത് കൃത്യമായ പഠനമോ കണക്കോ ഇല്ലാതെയാണ്.. പത്തു ശതമാനം സംവരണം അധികമാവുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിവു വരുന്ന സ്ഥിതിയുണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് ഒക്ടോബർ 23 ന് നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല. നിയമവിരുദ്ധമായി സാമ്പത്തിക സംവരണം അനുവദിച്ച് സർക്കാർ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണം. പൊതു വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എത്രയെന്ന് പഠനം നടത്തി സംവരണം പുനർനിശ്ചയിക്കണം.. നിവേദനം പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.