തിരുവനന്തപുരം: വയനാട്ടിൽ വീണ്ടുമൊരു മാവോയിസ്റ്റിനെ വെടിവച്ചു കൊന്ന സംഭവത്തിൽ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ രംഗത്ത്. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിൽ വയനാട്ടിൽ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. എന്നാൽ, പ്രമേയത്തിൽ ഒരിടത്തും മുഖ്യമന്ത്രിയെയോ ആഭ്യന്തരവകുപ്പിനെയോ പേരെടുത്ത് പറഞ്ഞിട്ടില്ല.
കേരളത്തിൽ ജനജീവിതത്തെ മുൾമുനയിൽ നിറുത്തുന്ന മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ഏവർക്കുമറിയാം. യോജിപ്പില്ലാത്ത പ്രവർത്തന ശൈലിക്കാരെയെല്ലാം വെടിവച്ചു കൊല്ലുന്നതിനോട് യോജിക്കാനാവില്ല. തണ്ടർബോൾട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളിൽ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീർക്കുന്നതും അംഗീകരിക്കാനാവുന്നതല്ല. ഏത് ഭീഷണിയും മനസ്സിലാക്കാൻ കേരള പൊലീസിൽ സംവിധാനവും ഇടപെടാൻ സേനയുമുണ്ടെന്നിരിക്കെ, മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടർബോൾട്ടിനെ വിന്യസിക്കുന്നത് അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്. വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്ട്രേട്ട് തല അന്വേഷണം നടത്തണം. സമയബന്ധിതമായി റിപ്പോർട്ട് വാങ്ങി നടപടികളെടുക്കണം. ഏറ്റുമുട്ടൽ കൊലപാതകങ്ങളുണ്ടാകുമ്പോൾ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും പുറത്ത് വരാതിരിക്കുന്നത് ശരിയായ സമീപനമല്ല.
മാവോയിസ്റ്റുകളുടെ പ്രവർത്തനശൈലികളോട് പാർട്ടിക്ക് യോജിപ്പില്ല. എന്നാൽ അത്തരക്കാരെയെല്ലാം വെടിവച്ച് കൊല്ലുന്നതിനോടും യോജിക്കാനാവില്ല. എഴുപതുകളിൽ ഉദയം ചെയ്ത നക്സലൈറ്റ് പ്രസ്ഥാനവും അവരുടെ ഉന്മൂലന പ്രവർത്തനങ്ങളും കേരളത്തിൽ വേരോട്ടം നേടാതെ പോയത് വെടിവയ്പുകൾ നടത്തിയോ അവരെയെല്ലാം കൊന്നൊടുക്കിയോ അല്ലെന്നും സി.പി.ഐ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.