കാത്തിരിപ്പിന് ഒടുവിൽ ജന്മസാഫല്യം സമ്മാനിച്ചിരിക്കുകയാണ് അയ്യപ്പൻ. ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി അയ്യപ്പനിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് മനസ് തുറക്കുന്നു...
എന്നും മനസിൽ അയ്യപ്പനായിരുന്നു. എന്നും അയ്യപ്പമന്ത്രങ്ങൾ മനസിൽ കാത്തുസൂക്ഷിച്ചിരുന്നു. പ്രാർത്ഥനയോടെയും സമർപ്പണത്തോടെയുമുള്ള ആ യാത്രയിൽ നിമിത്തങ്ങളും അത്ഭുതങ്ങളും വഴിനീളെയുണ്ടായിരുന്നു. ആർക്കും അറിയാത്ത ആ നിമിഷങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുനിറഞ്ഞ സന്തോഷത്തോടെ ശബരിമല മേൽശാന്തി വി.കെ. ജയരാജ് സംസാരിക്കുന്നു.
ശബരിമലയിലേക്കുള്ള നിയോഗം മാളികപ്പുറത്തമ്മയുടെ അനുഗ്രഹത്തിൽ നിന്ന് തുടങ്ങിയതാണല്ലോ, അതും പ്രായപരിധിയുടെ തുടക്കമായ 35 ൽ തന്നെ, ജീവിതത്തിലെ നാഴികക്കല്ലായി മാറുന്നതിന് വല്ല നിമിത്തങ്ങളും ഉണ്ടായിട്ടുണ്ടോ?
ശബരിമലയിൽ അയ്യപ്പനെ പൂജിക്കാനുള്ള നിയോഗം 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഫലമാകുമ്പോഴും പിന്നിട്ട വഴികളിൽ അത്ഭുതപ്പെടുത്തുന്ന നിമിത്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആർക്കും അറിയാത്ത നിമിത്തങ്ങളും നിമിഷങ്ങളും അനുഗ്രഹങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. വന്ന വഴി മറക്കാത്തതിനാൽ അതെല്ലാം തുറന്നുപറയാൻ യാതൊരു മടിയുമില്ല. എന്റെ ഭാര്യയ്ക്കും മക്കൾക്കും വരെ ആ നിമിത്തങ്ങളിലൂടെ വന്ന സൗഭാഗ്യം അറിയില്ല.
എന്താണ് ഇതുവരെ ആരോടും പറയാത്ത ആ നിമിത്തങ്ങൾ? ഒന്ന് വിശദമാക്കാമോ?
ഞാൻ പൂപ്പത്തി ചുളളൂർ മണിയത്തുകാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.2005 ൽ ഈ ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് തൊട്ടടുത്തുള്ള അനുബന്ധ ദേവീക്ഷേത്രത്തിലേക്ക് പൂജകൾക്കായി പോകുന്നതിനിടയിലാണ് ആദ്യ നിമിത്തം സംഭവിച്ചത്. ഭക്തരിൽ ആരോ പൂവ് പൊതിഞ്ഞു കൊണ്ടുവന്ന തലേദിവസത്തെ പത്രം അവിചാരിതമായി നോക്കിയപ്പോൾ അതിൽ ദേവസ്വം ബോർഡിന്റെ പരസ്യം ശ്രദ്ധയിൽ പെട്ടു. പൂജ കഴിഞ്ഞെത്തി സമയം ലഭിച്ചപ്പോൾ ആ പത്രത്തിന്റെ ചെറിയ ഭാഗത്തെ പരസ്യം വിശദമായി വായിച്ചു. ശബരിമല മാളികപ്പുറം മേൽശാന്തിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 35 ആയിരുന്നു. അപ്പോൾ എന്റെ പ്രായം 35 വയസും മൂന്ന് മാസവും ആയിരുന്നു. തുടർന്ന് മറ്റൊന്നും ആലോചിച്ചില്ല. അപേക്ഷിക്കുവാൻ തന്നെ തീരുമാനിച്ചു. പിന്നീട ് അപേക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി ശബരിമല തന്ത്രിയുടെ കൂടി കത്ത് വേണമായിരുന്നു. അപേക്ഷിക്കാനുള്ള അവസാന ദിവസത്തിന്റെ തലേന്ന് തന്ത്രി മുംബയ്ക്ക് പോകാൻ നെടുമ്പാശേരി വിമാനത്താളത്തിലേക്ക് വരുന്നുണ്ടെന്ന് അറിവ് ലഭിച്ചു. അങ്കമാലിയിൽ മകളുടെ വീട്ടിലെത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്കുള്ള യാത്ര. അതനുസരിച്ച് മകളുടെ വീട്ടിൽ എത്തി തന്ത്രിയെ കണ്ട് കാര്യം അറിയിച്ചു. അപ്പോഴാണ് കത്ത് എഴുതുന്നതിനുള്ള ലെറ്റർ പാഡും സീലും വീട്ടിലാണെന്നും അതുകൊണ്ടുതന്നെ കാര്യം ഈ വർഷം നടക്കില്ലെന്നും തന്ത്രി അറിയിച്ചു. മറ്റെല്ലാ രേഖകളും ശരിയായെങ്കിലും തന്ത്രിയുടെ കത്തില്ലാതെ അപേക്ഷിക്കാൻ കഴിയില്ലായിരുന്നു. അപ്പോഴാണ് നിമിത്തമായി തന്ത്രിയുടെ മകൾ കാര്യം തിരക്കിയത്. ലെറ്റർ പാഡിന്റെ സീൽ പതിച്ച ഒരു പേജ് വീട്ടിൽ എവിടെയോ മറന്നുവച്ചത് കണ്ടതുപോലെ തോന്നുന്നുവെന്ന് മകൾ അറിയിച്ചു. ഇത്രയും പറഞ്ഞപ്പോൾ നിരാശ അലിയുന്ന അവസ്ഥയായി.പിന്നെ മകൾ ആ പേജ് തപ്പിയെടുത്ത് കൊണ്ടുവന്ന് അച്ഛന് നൽകിയാണ് കത്ത് തയ്യാറാക്കി തന്നത്. പിന്നെ അപേക്ഷ നൽകേണ്ട അവസാന ദിവസം ബസിൽ കയറി തിരുവനന്തപുരത്ത് ദേവസ്വം ബോർഡിന്റെ ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയതോ ഓഫീസ് അടയ്ക്കുന്ന സമയത്ത്. ഓഫീസിലെ അവശേഷിക്കുന്ന ജീവനക്കാരന് മുന്നിലേക്ക് ഓടിക്കിതച്ചെത്തി കവറിലിട്ട അപേക്ഷ നീട്ടി. ഈ സമയത്താണോ കൊണ്ടുവരുന്നതെന്ന മുഖഭാവത്താൽ ഇഷ്ടക്കേട് പ്രകടിപ്പിച്ച് അപേക്ഷ വാങ്ങി മേശപ്പുറത്തിട്ടു. മാളികപ്പുറം മേൽശാന്തിയെന്താണെന്നോ അതിന്റെ ഗൗരവം പോലും ചിന്തിക്കാതെയാണ് അപേക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. എങ്കിലും ശുഭകരമായ നിമിത്തങ്ങളിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു. അപേക്ഷ സ്വീകരിച്ച് നടന്ന അഭിമുഖത്തിൽ ആറാം റാങ്കുകാരനായി.ദേവി ഉപാസനാ മൂർത്തിയായ കാരണം അമ്മ സങ്കൽപ്പത്തിൽ കൂടുതൽ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസവും ഭാഗ്യവും തുണച്ചപ്പോൾ എല്ലാ പ്രതികൂല ഘട്ടങ്ങളും തരണം ചെയ്യാൻ മാളികപ്പുറത്തമ്മയുടെ അനുഗ്രഹം എന്നെ തേടിയെത്തി.
പൂജാവിധികൾ ആദ്യമായി ചെയ്തുതുടങ്ങിയത് എപ്പോഴായിരുന്നു?പിന്നിട്ട വഴികൾ?
പൂപ്പത്തിയ്ക്കടുത്തുള്ള മഠത്തുംപടി ദുർഗാ ദേവി ക്ഷേത്രത്തിലാണ് പത്താം വയസിൽ ആദ്യമായി പൂജകൾ ചെയ്തുതുടങ്ങിയത്. രാവിലെ പൂജ കഴിഞ്ഞ ശേഷം എസ്.എസ്.എൽ.സി.പരീക്ഷ എഴുതാൻ പോകുന്നതും ഓർമ്മയിൽ മായാതെ തെളിയുന്നുണ്ട്. അച്ഛനൊപ്പം ശിഷ്യനായി തുടങ്ങിയ ഉപാസന അവിടെ തന്നെ പത്തൊൻപതാം വയസിൽ മേൽശാന്തി ചുമതലയിലെത്തി. ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലും ഈ കാലഘട്ടത്തിൽ മേൽശാന്തിയാകാൻ അവസരം ലഭിച്ചു. 27 വയസ് മുതൽ മൂന്ന് വർഷം കുഴൂർ നാരായണൻകുളങ്ങര ക്ഷേത്രത്തിൽ മേൽശാന്തിയായി. തുടർന്ന് പൂപ്പത്തി ചുള്ളൂർ മണിയത്തുകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഏഴു വർഷം മേൽശാന്തിയായി. ഇതിനിടയിലാണ് മാളികപ്പുറം മേൽശാന്തിയാകുന്നത്. ചുള്ളൂരിൽ നാരായണനെ പൂജിക്കുമ്പോഴാണ് മാളികപ്പുറം മേൽശാന്തിയാകാൻ അവസരം ലഭിച്ചത്. 2016 മുതലാണ് ആളൂർ നാറാണത്ത് ക്ഷേത്രത്തിൽ മേൽശാന്തിയാകുന്നത്. അതിനിടയിൽ ഒരു വർഷം അവധിയെടുത്ത് രണ്ടാമത്തെ ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂർ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി. ശബരിമല പോലെ ആചാരങ്ങളും പൂജകളും നടക്കുന്നതാണ് ഈ ക്ഷേത്രം. ആളൂർ താഴേക്കാട് നാറാണത്ത് ക്ഷേത്രത്തിൽ രണ്ട് നാരായണന്മാരാണ് പ്രതിഷ്ഠ. മഹാവിഷ്ണുവും ശ്രീകൃഷ്ണനും. ഒരു നാരായണനെ പൂജിച്ച് മാളികപ്പുറത്തമ്മയെ പൂജിക്കാനും രണ്ട് നാരായണന്മാരെ പൂജിച്ച് ശബരിമലയിൽ അയ്യപ്പനെ പൂജിക്കാനും അവസരമുണ്ടായിരിക്കുകയാണ്.
ആദ്യ ശബരിമല ദർശനം എന്നായിരുന്നു? തുടർച്ചയായി ദർശനം നടത്താൻ കഴിഞ്ഞോ?എന്താണ് ആ അനുഭവങ്ങൾ?
ആറാം വയസിലാണ് ആദ്യമായി ശബരിമലയിലേക്ക് ദർശനത്തിനായി പോയത്. വല്യച്ഛൻ ശങ്കരൻ എമ്പ്രാന്തിരി നിറച്ചു തന്ന ഇരുമുടി കെട്ടുമായി അച്ഛനും സുഹൃത്തുക്കൾക്കും ഒപ്പമാണ് അന്ന് മല കയറിയത്. അടുത്ത വർഷം എരുമേലിയിൽ നിന്ന് കാനനപാതവഴി മലയിലേക്ക് പോയി. അന്നത്തെ യാത്രത്തിൽ വഴിയിൽ കിടന്ന പാമ്പിനെ ചവിട്ടിയത് ഓർമ്മകളിലുണ്ട്. 18 വയസ് മുതൽ തുടർച്ചയായി ശബരിമലയിലേക്ക് ദർശനത്തിനായി പോകുന്നുണ്ട്. മാളികപ്പുറം മേൽശാന്തിയായ ശേഷം എല്ലാമാസവും ദർശനത്തിനായി പോകാറുണ്ട്.
മാളികപ്പുറം മേൽശാന്തിയായ ശേഷം തിരിച്ചെത്തിയപ്പോൾ ഉണ്ടായ മാറ്റം?
വീടിനോട് ചേർന്നുള്ള പൂപ്പത്തി മഠത്തിക്കാവ് ഭഗവതി ക്ഷേത്രത്തിൽ 27 വർഷം മുൻപ് അയ്യപ്പൻ വിളക്ക് തുടങ്ങിയപ്പോൾ മുഖ്യ കാർമ്മികനായി. ഇന്നും അത് തുടരുന്നുണ്ട്. മാളികപ്പുറത്ത് നിന്ന് തിരിച്ചെത്തിയപ്പോൾ മഠത്തിക്കാവ് ക്ഷേത്രത്തിൽ അയ്യപ്പവിഗ്രഹവുമായി മറ്റൊരു ക്ഷേത്രം പ്രതിഷ്ഠ കഴിഞ്ഞു. വീടിന്റെ ജനലിലൂടെ നോക്കുമ്പോൾ കാണുന്ന അയ്യപ്പനെ അന്നു മുതൽ വണങ്ങുന്നുണ്ട്. അതൊരു നിയോഗമായിരുന്നു. അന്നു മുതൽ ശബരിമല മേൽശാന്തിയാകാൻ നിയോഗത്തിനായി അപേക്ഷ നൽകാറുണ്ട്. എന്നാൽ 12 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷമാണ് അയ്യപ്പനെ പൂജിയ്ക്കാനുള്ള നിയോഗം ഉണ്ടാകുന്നത്.
ഗുരുസ്ഥാനീയർ ആരെല്ലാം? മാളികപ്പുറത്ത് മേൽശാന്തിയായി സ്ഥാനം ഏറ്റെടുത്ത് എത്തിയപ്പോൾ ഉണ്ടായ ആദ്യ അനുഭവം?
സംസ്കൃതത്തിലുള്ള വേദമന്ത്രങ്ങളുടെ അർത്ഥങ്ങൾ വിവരിച്ച് തന്നിരുന്നത് അപ്പൻ ( അച്ഛന്റെ അനുജൻ) ദാമോദരൻ മാസ്റ്ററായിരുന്നു. മന്ത്രങ്ങളുടെ അർത്ഥം അറിഞ്ഞ് കർമ്മം ചെയ്താൽ ഫലം കൂടുമെന്നാണ് വിശ്വാസം. പരേതനായ ഹരിദത്തൻ നമ്പൂതിരിയാണ് ഗുരുസ്ഥാനീയൻ. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് ആണ് പൂജാകാര്യങ്ങൾ കൂടുതൽ പഠിപ്പിച്ചത്. മാളികപ്പുറത്ത് ചുമതല എടുക്കുന്നതിന് മുൻപ് ഒരു മാസവും ശേഷം നാല് മാസത്തോളവും തന്ത്രിയുടെ ശിഷ്യനായി. മേൽശാന്തിയായി അവരോധിക്കുന്ന കലശം പൂജിച്ച് അഭിഷേകം ചെയ്ത് കൈപിടിച്ച് ക്ഷേത്രത്തിനകത്തേറ്റ് കയറ്റി ആദ്യമായി മൂലമന്ത്രം കാതിൽ ഉപദേശിച്ചത് തന്ത്രി കണ്ഠരര് മോഹനര് ആയിരുന്നു.
ഇനിയുള്ള ആഗ്രഹം?നാടുമായുള്ള ബന്ധം?
നാട്ടിലെ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് കൊടുക്കണം.അതിന് അയ്യപ്പൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. നാട്ടിലെ എല്ലാ കലാ സാംസ്കാരിക കായിക പരിപാടികളിലും പങ്കാളിത്തം ഉണ്ട്. എന്റെ ഗ്രാമത്തിന്റെ പ്രാർത്ഥനയും ഈ നിയോഗത്തിന് കാരണമായിട്ടുണ്ട്. ജാതിമത ഭേദമില്ലാതെ നിരവധി സുഹൃത്തുക്കൾ എല്ലാക്കാലത്തും കരുത്തായുണ്ട്. ആ സൗഹൃദങ്ങൾ സമ്മാനിച്ചത് വിവരണങ്ങൾക്ക് അതീതമായ വളർച്ചയാണ്. നിരവധി പേരെ പലപ്പോഴായി സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. മാളികപ്പുറം മേൽശാന്തിയായ ശേഷം നിരവധി പ്രമുഖരുമായി ബന്ധം സൃഷ്ടിക്കാൻ കഴിഞ്ഞു.
ഇപ്പോൾ മേൽശാന്തിയായി പ്രവർത്തിക്കുന്ന താഴേക്കാട് നാരായണത്ത് മഹാവിഷ്ണുക്ഷേത്രവുമായുള്ള ബന്ധം? അവിടത്തെ പ്രത്യേകതകളും വിശദമാക്കാമോ?
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് താഴേക്കാട് നാരായണത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണുവും ശ്രീകൃഷ്ണനുമാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രം ട്രസ്റ്റ്, മാതൃസംഘം, യുവജന സംഘം തുടങ്ങിയ സംഘടനകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ട്രസ്റ്റ് പ്രസിഡന്റ് ദിനേഷ് ബാബു കാമറ്റത്തിലിന്റെ ആശയവും ശക്തമായ നേതൃത്വവുമാണ് ക്ഷേത്രത്തെ പുരോഗതിയിലേക്ക് നയിച്ചത്. മേൽശാന്തി എന്ന നിലയിലും വ്യക്തിപരമായും വലിയ പിന്തുണയാണ് ദിനേഷ് ബാബു നൽകിയിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവൻ ധ്യാനത്തിലിരുന്ന ഇടമാണ്. ആ സ്ഥലം ഇടക്കുഴി എന്ന പേരിലാണ് അറിയുന്നത്. അങ്ങനെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ്. പിതൃകർമ്മങ്ങൾ നടത്തുന്നതിനും വിശേഷമാണ്. ഇവിടെയെത്തി പ്രാർത്ഥന നടത്തിയ നിരവധി പേർക്ക് അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രാർത്ഥനയുടെ ഫലം കൂടിയാണ് എന്റെ ഇപ്പോഴത്തെ നിയോഗവുമെന്നാണ് വിശ്വാസം. നാറാണത്ത് ഭഗവാന്റെ അനുഗ്രഹം കൂടി ഉണ്ടായതാണ് ഈ മേൽശാന്തി നിയോഗത്തിന് ഇടയാക്കിയത്.
കുടുംബത്തെ കുറിച്ച്?
അച്ഛൻ വാരിക്കാട്ട് മഠത്തിൽ കൃഷ്ണൻ എമ്പ്രാന്തിരി,അമ്മ ലക്ഷ്മി അന്തർജ്ജനം. ഇരുവരും ജീവിച്ചിരിപ്പില്ല. അച്ഛനിൽ നിന്നാണ് പൂജകൾ പഠിച്ചത്.അമ്മയുടെ പ്രാർത്ഥനയും ആഗ്രഹവുമായിരുന്നു ശബരിമല മേൽശാന്തിയാവുകയെന്നത്. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയോഗം വന്നപ്പോൾ അമ്മയില്ലെന്ന സങ്കടമുണ്ട്. കോട്ടയം ചോഴിയെക്കാട് താമരശ്ശേരി ഇല്ലത്ത് പരേതനായ ജാതവേദൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകൾ ഉമാദേവിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.ആനന്ദ് കൃഷ്ണൻ (ബി.എസ് സി) വിദ്യാർത്ഥിയും അർജ്ജുൻ കൃഷ്ണൻ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.