ലക്നൗ: ഉത്തർപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കരിമ്പിൻത്തോട്ടത്തിൽ കണ്ടെത്തി. പിലിഭിത്തിലെ ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ചില ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്.പി. ജയ്പ്രകാശ് സിംഗ് പറഞ്ഞു. സംഭവത്തിൽ കൊലപാതക, ബലാത്സംഗ കുറ്റങ്ങളും പോക്സോ വകുപ്പുകളും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.