കോഴിക്കോട്: ബാലുശേരിയിൽ നേപ്പാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്.
വീട്ടിൽ അതിക്രമിച്ചുകയറി ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെല്ലിപറമ്പിൽ രതീഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലിസ് സ്റ്റേഷന്റെ ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുറ്റസമ്മതത്തിന് ശേഷം പ്രതിയെ ശ്രദ്ധിക്കുന്നതിൽ പൊലിസിന് വീഴ്ച്ച പറ്റിയോ എന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇക്കാര്യത്തിൽ ക്രൈബ്രാഞ്ച് സ്റ്റേഷനിലെത്തി വിവരങ്ങൾ പൊലീസുകാരോട് ചോദിച്ചറിയും. വീഴ്ച്ച പറ്റിയിട്ടില്ലെന്നും ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതിയെ പുറത്തേയ്ക്ക് കൊണ്ടുവരുമ്പോൾ താഴേയ്ക്ക് ചാടുകയായിരുന്നുവെന്നുമാണ് പൊലിസ് നൽകുന്ന വിശദീകരണം. അതിനിടെ ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കും.