പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അഞ്ച് വർഷം മുൻപുള്ള ബീഹാർ തിരഞ്ഞെടുപ്പ് ഫലമാണ് ഓർമ്മവരുന്നത്. നീതീഷ്കുമാർ എതിർ ചേരിയിൽ നിന്നപ്പോഴും ഫലസൂചനയിൽ ആദ്യം മുന്നിട്ട് നിന്ന ബി ജെ പി മധുരം നൽകിയും പടക്കം പൊട്ടിച്ചും ആഹ്ളാദ പ്രകടനം നടത്തി, എന്നാൽ മാറി മറിഞ്ഞ ഫലങ്ങളിൽ ബി ജെ പി പിന്നിലാവുകയും ആഹ്ളാദ പ്രകടനം നടത്തിയത് അന്ന് അദ്വാനിയുടെ പിറന്നാൾ ദിനം ആഘോഷിച്ചതാണെന്ന് ന്യായീകരിക്കേണ്ടിയും വന്നു പാർട്ടി നേതാക്കൾക്ക്. ഇതിന് മധുര പ്രതികാരമെന്നവണ്ണം അഞ്ച് വർഷത്തിന് ശേഷം ബി ജെ പി സംസ്ഥാനത്ത് കരുത്ത് കാട്ടിയിരിക്കുകയാണ്.
അതിമധുരം കഴിച്ച പ്രതീതിയിലാണ് ബി ജെ പി ഇപ്പോൾ. സംസ്ഥാനത്തെ ഒന്നാമത്തെ കക്ഷിയായി ആർ ജെ ഡിയെ പിന്നിലാക്കി ബി ജെ പി കുതിക്കുമ്പോൾ, എൻ ഡി എ സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകൾ സ്വന്തമാക്കി സംസ്ഥാനത്തിന്റെ തുടർഭരണം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ആർ ജെ ഡി നയിക്കുന്ന മഹാസഖ്യത്തിന് അനുകൂലമായപ്പോഴും ജനങ്ങളുടെ മനസ് ബി ജെ പിക്കൊപ്പമായിരുന്നു എന്ന് തെളിയിക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാറാലെ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും നിരവധി കാര്യങ്ങളിലാണ്.
കൊവിഡ് 'ടെസ്റ്റ്' പാസായി മോദി സർക്കാർ
അപ്രതീക്ഷിതമായി എത്തിയ കൊവിഡും പിന്നാലെ പ്രഖ്യമാപിക്കപ്പെട്ട ലോക്ഡൗണും രാജ്യത്തിന് പുതുമയുള്ള ഒരു അനുഭവമായിരുന്നു നൽകിയത്. സാധാരണക്കാരുടെ വരുമാന മാർഗത്തെ അടച്ചുകൊണ്ട് കൊവിഡ് വ്യാപനത്തിന് തടയിടാനായി കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഏറെയും കഷ്ടപ്പെട്ടത് അന്യസംസ്ഥാനത്ത് പോയി തൊഴിലെടുത്തിരുന്ന ബീഹാറിലെ തൊഴിലാളികളായിരുന്നു. പതിനായിരക്കണക്കിന് ബീഹാറി തൊഴിലാളികൾ ഡൽഹിയിൽ നിന്നും മറ്റുമായി കാൽ നടയായി ജന്മനാട്ടിലേക്ക് മടങ്ങുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. മോദി സർക്കാരിന് വൻ വെല്ലുവിളി ഇവർ തിരഞ്ഞെടുപ്പിൽ ഉയർത്തും എന്നാണ് കണക്കാക്കിയിരുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയും കൊവിഡ് നാളുകളിൽ തളർന്നു. ഇതെല്ലാം കേന്ദ്രത്തിനെതിരെയുള്ള ജനവിധിയായി തീരുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. എന്നാൽ ബീഹാറിലും ഒപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും മിന്നും പ്രകടനം കാഴ്ച വയ്ക്കാനായത് മോദി സർക്കാരിന് നൽകുന്ന ആശ്വാസം ചെറുതല്ല.
കോൺഗ്രസിന് 'അച്ചാദിൻ' ഇനിയുമകലെ
ഹിന്ദിഭൂമികയിൽ ഒരു തിരിച്ചു വരവിന് ഏറെ നാളായി ശ്രമിക്കുന്ന കോൺഗ്രസിന് ഒരു കച്ചിതുരുമ്പായിരുന്നു ബീഹാർ. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മഹാസഖ്യത്തിന്റെ തണലിൽ കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വിചാരിച്ച പോലെ മഹാസഖ്യത്തിന് മുന്നേറാനാകാത്തത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ പരാജയം ഒന്നുകൂടി ഉറപ്പിക്കുന്ന തരത്തിലായി. ഉത്തർ പ്രദേശിൽ അടുത്ത തിരഞ്ഞെടുപ്പിന് ഏറെ പ്രതീക്ഷ വയ്ക്കുന്ന കോൺഗ്രസിന് ബീഹാറിൽ അധികാരത്തിന്റെ പങ്ക് നേടാനായെങ്കിൽ നേട്ടമായേനെ.
നിതീഷിനെ ഒതുക്കി ബി ജെ പി, ഇനി പ്ലാൻ ബി വേണ്ടിവരുമോ ?
ബീഹാറിൽ ഇതുവരെ മുഖ്യമന്ത്രി കസേരയിൽ ഉറച്ചിരിക്കാൻ കഴിയാത്ത പാർട്ടിയായിരുന്നു ബി ജെ പി. ബീഹാറിൽ മുന്നണി അധികാരത്തിൽ വന്നിരുന്നുവെങ്കിലും നിതീഷിന്റെ നിഴലിൽ തുടരുവാനേ പാർട്ടി സംസ്ഥാന നേതൃത്വത്തിനായിരന്നുള്ളു. കേന്ദ്രത്തിന് നിതീഷിനോടുള്ള വിധേയത്വമായിരുന്നു അദ്യഘട്ടത്തിലുണ്ടായിരുന്നത്. എന്നാൽ മോദിയുഗത്തിന് ശേഷം നിതീഷിനെ നിലയ്ക്ക് നിർത്തണമെന്ന വികാരം ബി ജെ പിയിൽ ശക്തമായി. രണ്ടാം മോദി സർക്കാരിൽ നിന്നും മന്ത്രി സ്ഥാനം ഏറ്റെടുക്കാതെ മസിലു പിടിച്ച നിതീഷിനെ കാര്യമായി എടുക്കാതെ ബി ജെ പി മുന്നോട്ടു പോയിരുന്നു.
ബീഹാർ തിരഞ്ഞെടുപ്പിലും ഫലം അനുകൂലമായാൽ നിതീഷ് കുമാർ കൂടുതൽ വിലപേശും എന്ന് ബി ജെ പി കണക്ക് കൂട്ടിയിരുന്നു. സർക്കാരുണ്ടാക്കാൻ വേണ്ടി വന്നാൽ നിതീഷിനെ വെട്ടി രാംവിലാസ് പാസ്വാന്റെ മകൻ നേതൃത്വം നൽകുന്ന എൽ ജെ പിയുമായി കൂട്ടുകൂടാനുള്ള പ്ലാൻ ബിയും ബി ജെ പി ഒരുക്കിയിരുന്നു. പ്രചരണ വേളയിൽ എൽ ജെ പിയെ കടന്നാക്രമിക്കാതെ ബി ജെ പി കേന്ദ്ര നേതാക്കൾ മിതത്വം പാലിച്ചതും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴത്തെ ഫല സൂചന പ്രകാരം നിതീഷ് കൂടുതൽ തർക്കങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
അമിത് ഷാ ഇറങ്ങാത്ത ബീഹാർ
പ്രചരണങ്ങളിൽ ബി ജെ പിയുടെ ചാണക്യനെന്ന വിശേഷണമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിറങ്ങാത്ത തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ബിജെപിക്കുണ്ട്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ നിതീഷിന്റെ പ്രഭാവത്തിന് മങ്ങലേൽക്കുന്നു എന്ന തിരിച്ചറിവിൽ പ്രധാനമന്ത്രി കൂടുതൽ ഇടങ്ങളിൽ പ്രചാരണത്തിനെത്തിയപ്പോഴും അമിത് ഷാ ഇറങ്ങിയിരുന്നില്ല. എന്നാൽ വരുന്ന ബംഗാൾ തിരഞ്ഞെടുപ്പിടക്കം നേരിട്ട് പടനയിക്കാനൊരുങ്ങുകയാണ് അമിത് ഷാ.
ജാതിരാഷ്ട്രീയം തുലഞ്ഞു, യുവാക്കൾ കരുത്ത് കാട്ടി
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ യുവാക്കളുടെ നിരാശയും ദേഷ്യവുമെല്ലാം നിതീഷ് കുമാറിനോട് തീർക്കുന്നതാണ് പ്രചരണത്തിൽ കാണാനായത്. തൊഴിലില്ലായ്മ നിരക്ക് 2020 ഏപ്രിലിൽ 46.6 ശതമാനമായിരുന്നു, കഴിഞ്ഞ വർഷം ഇത് 10.3 ശതമാനമാനമായിരുന്നു എന്നത് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിച്ചത്ത് കൊണ്ടുവരുന്നു. മോദിയെ അനുകൂലിച്ചും നിതീഷിനെ എതിർത്തും പരസ്യമായി പ്രതികരിക്കുന്നവരെയും കാണാമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്ന യുവാക്കളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നതെന്ന പ്രവചനങ്ങൾ ഫല പ്രഖ്യാപനത്തോടെ സത്യമായി തീർന്നിരിക്കുകയാണ്.
വരുന്ന തിരഞ്ഞെടുപ്പുകളിൽ പുത്തനുണർവ്
അടുത്ത വർഷം തിരഞ്ഞെടുപ്പുകളുടെ വർഷമാണ്. ബംഗാൾ കേരളം തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് മാസങ്ങളുടെ ഇടവേളയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ നഷ്ടപ്പെടാൻ അധികമില്ലാത്ത ബി ജെ പിക്ക് കിട്ടുന്നതെല്ലാം നേട്ടമാണ്. അതിലേക്കായി പുത്തനുണർവാകുകയാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം.