ചെന്നൈ: ചെന്നൈ സൗകാർപേട്ടിൽ മൂന്നുനില അപ്പാർട്ട്മെന്റിലെ താഴത്തെ നിലയിൽ താമസിച്ചിരുന്ന ദമ്പതിമാരെയും മകനെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധനകാര്യസ്ഥാപന ഉടമയും രാജസ്ഥാൻ സ്വദേശിയുമായ ദിലീപ് താലീൽ ചന്ദ് (74), ഭാര്യ പുഷ്പ ബായ് (70), മകൻ ഷിർഷിത് (40) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ദിലീപിന്റെ മകൾ പിങ്കി മാതാപിതാക്കളെ ഫോണിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടർന്ന് പിങ്കി ഭർത്താവിനെ അപ്പാർട്ട്മെന്റിലേക്ക് പറഞ്ഞയച്ചു. രാത്രി 7.30ഓടെ ഇദ്ദേഹം അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്.
സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ താടിഭാഗത്താണ് വെടിയേറ്റിട്ടുള്ളത്. ഭാര്യയ്ക്ക് നെറ്റിയിലും. ഷിർഷിത്തിന്റെ തലയിൽനിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. അതേസമയം, വീട്ടിൽനിന്ന് വെടിയൊച്ചകളോ മറ്റ് അസ്വാഭാവിക ശബ്ദങ്ങളോ കേട്ടിരുന്നില്ലെന്നാണ് അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ നൽകിയ മൊഴി. എന്നാൽ, ബുധനാഴ്ച വൈകിട്ട് അപ്പാർട്ട്മെന്റിന് സമീപം ഒരു അജ്ഞാതൻ എത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കേസന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നും സൂചനയുണ്ട്.
എന്നാൽ ഷിർഷിത്തിന്റെ കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്കു കാരണമെന്ന സൂചനകളും പുറത്തു വന്നു.
പുനൈ സ്വദേശിയായ ഭാര്യ ജയമാലയുമായി അകന്ന് കഴിയുകയായിരുന്നു ഷിർഷിത്ത്.വിവാഹമോചനത്തിനായി ഒരു കോടി ജയമാലയുടെ കുടുംബം ചോദിച്ചിരുന്നു. ഇവരുടെ സഹോദരങ്ങളായ വികാസും കൈലാശും ശീതളിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതിന് തൊട്ടു പിറകെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുമെന്ന് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ അറിയിച്ചു.