ന്യൂഡൽഹി: കൊവിഡ് കാലത്ത് മെഡിക്കൽ രംഗത്ത് ആയുർവേദം വളരെ പ്രധാനപ്പെട്ട കടമയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലാദ്യമായി പ്രാചീന ഭാരതത്തിലെ ശാസ്ത്രവും ആധുനിക ലോകത്തിന്റെ ശാസ്ത്രവും കൈകോർത്ത് മുന്നേറുമെന്നും ജാം നഗറിലെയും ജയ്പൂരിലെയും ആയുർവേദ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് ജാം നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്റ് റിസർച്ച് ഇൻ ആയുർവേദയും ജയ്പൂരിലെ ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്റെ ഉന്നതമായ ആയുർവേദ കേന്ദ്രത്തിന്റെ ഭാഗമായി നിൽക്കുന്നതിൽ നിങ്ങളുടെ ഉത്തരവാദിത്വം വർദ്ധിച്ചിരിക്കയാണെന്നും അന്താരാഷ്ട്ര നിലവാരത്തിലുളള സിലബസ് ആണ് ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുളള പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ വസ്തുക്കളുടെ ഉപയോഗം ലോകമാകെ വർദ്ധിച്ചു. രാജ്യത്ത് വലിയ ജനസംഖ്യയുണ്ടെങ്കിലും കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്ത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മഞ്ഞൾ ചേർത്ത പാല്, അശ്വഗന്ധം എന്നിവയുണ്ട്. ഈ കൊവിഡ് സമയത്ത് അവയുടെ ആവശ്യം ആഗോളതലത്തിൽ വർദ്ധിച്ചു.' പ്രധാനമന്ത്രി പറയുന്നു. ധന്വന്തരി ജയന്തിയോടനുബന്ധിച്ച് 2016 മുതലാണ് രാജ്യത്ത് ആയുർവേദ ദിനം ആചരിച്ച് തുടങ്ങിയത്.