ന്യൂഡൽഹി : റഷ്യയുടെ സ്പുട്നിക് V കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. വാകിസിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടത്താൻ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ഡ്രഗ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
സ്പുട്നിക് V, ഡോ. റെഡ്ഡീസ് എന്നിങ്ങനെ ലോഗോകളോട് കൂടിയ കണ്ടെയ്നറുകൾ ഒരു ചെറിയ ട്രക്കിൽ നിന്നും ഇറക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകൾ വഴി പുറത്തുവന്നിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിലെത്തിയതായി ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും ക്ലിനിക്കൽ ട്രയലുകൾ ഉടൻ ആരംഭിക്കുമെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച സ്പുട്നിക് 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് സ്പുട്നിക് ഇന്ത്യയിലെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
ട്രയലിനിടെ വോളന്റിയർമാരിൽ പാർശ്വഫലങ്ങൾ ഉണ്ടായില്ലെന്നും റഷ്യൻ അധികൃതർ പറയുന്നു. സ്പുട്നികിന്റെ ഇടക്കാല ഗവേഷണങ്ങളെ മുൻനിറുത്തിയാണിത്. ഓഗസ്റ്റിലാണ് സ്പുട്നികിന് റഷ്യ അംഗീകാരം നൽകിയത്. സെപ്റ്റംബറിൽ തന്നെ വാക്സിന്റെ വൻ തോതിലുള്ള ഉല്പാദനം ആരംഭിച്ചിരുന്നു.