മലയാള സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു കെ.ജി ജോർജ് എന്ന മഹാനായ സംവിധായകൻ. പഞ്ചവടിപ്പാലം പോലെ കാലത്തിന് മുന്നേ സഞ്ചരിച്ച നിരവധി സിനിമകൾ അദ്ദേഹം സിനിമാപ്രേമികൾക്ക് സമ്മാനിച്ചു.
യവനിക പോലെ മമ്മൂട്ടിയെ നായകനാക്കി നിരവധി സിനിമകൾ കെ.ജി ജോർജ് ചെയ്തിട്ടുണ്ട്. അതിൽ മിക്കതും ആരാധകരുടെ കൈയടി നേടുകയും ചെയ്തു. അതേസമയം മമ്മൂട്ടിയ്ക്കൊപ്പം തന്നെ തിളങ്ങിയ മോഹൻലാലിനൊപ്പം ഒരു സിനിമ പോലും കെ.ജി ജോർജ് ചെയ്തിട്ടില്ല. ഇപ്പോഴിതാ, എന്തുകൊണ്ട് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്തില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെ.ജി ജോർജിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ സൽമ ജോർജ്. മെട്രോ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സൽമ മനസു തുറന്നത്.
' കഥ കേട്ട് കഴിയുമ്പോൾ നിർമ്മാതാക്കൾ എല്ലാം പറഞ്ഞിരുന്നത് ഈ സിനിമയിൽ നായകനായിട്ട് മമ്മൂട്ടി മതിയെന്നായിരുന്നു. എല്ലാ സിനിമകളിലും അത് തന്നെ സംഭവിച്ചു. അന്ന് നിർമ്മാതാക്കൾക്കെല്ലാം മമ്മൂട്ടി മതിയായിരുന്നു. ഒരിയ്ക്കലും അദ്ദേഹം നായകൻമാരെ മുൻകൂട്ടി കണ്ട് സിനിമ എഴുതാറില്ല.
മോഹൻലാലിനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. വളരെ സ്വഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹൻലാൽ എന്നാണ് അഭിപ്രായം. ലാലിന്റെ അനായാസമായ അഭിനയം അദ്ദേഹം ആസ്വദിക്കുന്നത് ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്. ലാലിന്റെ നമ്പർ 20 മദ്രാസ് മെയിൽ വലിയ ഇഷ്ടമാണ്. മദ്യപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കവിളത്തു ഉമ്മ കൊടുക്കുന്നതും ആ ചിരിയും പാട്ടുമൊക്കെ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ ഒരു നടനും ഇത്രയും ഒറിജിനാലിറ്റിയോടെ ഈ വേഷം ചെയ്യില്ല എന്നായിരുന്നു.
സി.വി ബാലകൃഷ്ണന്റെ 'കാമമോഹിതം' എന്ന കഥ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഫുൾ സ്ക്രിപ്റ്റ് പൂർത്തിയാക്കിയതാണ്. എന്നാൽ അത് നടന്നില്ല. ആ ചിത്രത്തിന് വലിയ മുതൽമുടക്ക് ആവശ്യമായിരുന്നു. ഒന്നു രണ്ടു നിർമ്മാതാക്കളുമായി ചർച്ച ചെയ്തിരുന്നു. അക്കാലത്ത് അത്രയും കാശ് മുതൽമുടക്കാൻ പലർക്കും പേടിയായിരുന്നു. ഇന്നായിരുന്നെങ്കിൽ ആരെങ്കിലും ആ ചിത്രം ചെയ്യുമായിരുന്നു. അത് നടന്നിരുന്നുവെങ്കിൽ മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രം കൂടി നമുക്ക് കാണാമായിരുന്നു. ആരോ ആ സ്ക്രിപ്ട് ഇവിടെ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയി. വീട്ടിൽ വരുന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൾക്കെല്ലാം വായിക്കാൻ കൊടുക്കും. അങ്ങനെ ആരോ അത് കൊണ്ടുപോയി. പലരോടും ചോദിച്ചിട്ടും ഫലമുണ്ടായില്ല.'-സൽമ പറഞ്ഞു.