നാരായണ പിള്ള എന്ന എൻ.എൻ. പിള്ള മേക്കപ്പ് മായ്ച്ച് ജീവിതത്തിന്റെ അരങ്ങിൽ നിന്നും കടന്നു പോയിട്ട് കാൽനൂറ്റാണ്ടായി. മലയാള നാടകവേദിയുടെ സുവർണകാലത്തായിരുന്നു ഒറ്റയാനായി
എത്തി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചത്
സ്വന്തം മരണത്തെക്കുറിച്ച് ആർക്കും എഴുതാനാവില്ലല്ലോ. എന്നാൽ തന്റെ ജനനത്തെക്കുറിച്ച് 'ഞാൻ "എന്ന മലയാളത്തിലെ വേറിട്ട (സത്യസന്ധമായ) ആത്മകഥയിൽ ഫാന്റസിയും റിയാലിറ്റിയും കൂടിച്ചേരുന്ന എൻ.എൻ പിള്ള നാടകത്തിലെ സന്ദർഭം പോലെ അദ്ദേഹം ഇങ്ങനെ കുറിച്ചു.
''എന്നെ എന്റെ അമ്മ എന്ന സ്ത്രീ പ്രസവിച്ച് ഉദ്ദേശം മൂന്നരക്കൊല്ലം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അതിന് മുമ്പ് നടന്നതെല്ലാം എന്നെ സംബന്ധിച്ച് വെറും കേട്ടുകേൾവികളും അഭ്യൂഹങ്ങളുമാണ്.....പത്തുമാസം തികഞ്ഞ് നീര് വന്ന് വീർത്ത അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഒരു വെളുത്തവാവിന്റെയന്ന് സന്ധ്യയ്ക്ക് 'ഞാൻ "എന്ന കുട്ടി ഞെങ്ങി ഞെരുങ്ങി തല കുത്തി പുറത്തേക്ക് ചാടിയത്, കരഞ്ഞുവിളിച്ചത്, പെണ്ണുങ്ങൾ കുരവയിട്ടത്, മാസങ്ങളോളം ഞാൻ മലർന്നുകിടന്നത്, പിന്നെ കമിഴ്ന്നു വീണത്, എനിക്ക് കരപ്പൻ വന്നത്, ഞാൻ പിച്ചവച്ചു നടന്നത്, തുടങ്ങി പല സംഭവങ്ങളും നടന്നതായി ഞാൻ പിൽക്കാലത്ത് കേട്ടിട്ടുണ്ട്. ഞാൻ വിശ്വസിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. അനുഭവിച്ചിട്ടില്ല ...""
കെ.പി.എ.സിയും കാളിദാസകലാകേന്ദ്രവുമടക്കം ഒരു പിടി നാടക സമിതികൾ ജ്വലിച്ചു നിന്ന മലയാള നാടകവേദിയുടെ സുവർണകാലത്തായിരുന്നു ഒറ്റയാനായി, നിഷേധിയായി, ക്ഷോഭിക്കുന്നവനായി നവതരംഗമായി എൻ.എൻ.പിള്ളയും നാടകകുടുംബവുമായ വിശ്വകേരള കലാസമിതിയും കടന്നുവന്നു പ്രേക്ഷകരെ ഞെട്ടിച്ചത്. സമുദായത്തിന്റെയോ വർഗത്തിന്റെയോ പ്രശ്നങ്ങൾ മറ്റുള്ളവർ നാടകത്തിന് പ്രമേയമാക്കിയപ്പോൾ ദേശകാലങ്ങൾക്കതീതമായി ആത്മവഞ്ചന, കാപട്യം, സദാചാരധ്വംസനം, സംസ്കാര ശൂന്യത, മാന്യതയുടെ മുഖം മൂടിയണിഞ്ഞ പൊള്ളത്തരങ്ങൾ അഴിമതി, വഞ്ചന, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള കള്ളത്തരങ്ങൾ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എന്തും കാണിയ്ക്കാനുള്ള മനുഷ്യസഹജമായ വാസന ഇവയൊക്കെയായിരുന്നു പിള്ളയുടെ നാടകത്തിന്റെ പ്രമേയം. പരിഹസിച്ചു പവിത്രീകരിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ദ്വയാർത്ഥത്തിലും നർമത്തിലും പൊതിഞ്ഞ വാചകങ്ങളിലൂടെ നാടക കൊട്ടകകളിൽ നടുക്കം സൃഷ്ടിച്ച പിള്ള പ്രേക്ഷകരെ ചിന്തിപ്പിച്ചു.
ചാട്ടവാറടികളായി ഡയലോഗുകളെ മാറ്റിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
''അച്ചന് പട്ടം തന്നതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണ് എന്ന് വീട്ടിൽ പിരിവിനെത്തിയ വൈദികനോട് 'കാപാലിക" എന്ന നാടകത്തിലെ നായിക പറയുന്നത് ഞെട്ടലോടെ കേട്ട മലയാളി ഇരുട്ടത്തിരുന്നു പുളഞ്ഞപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ കളിച്ച നാടകമായി കാപാലിക മാറി. ഒളശ്ശയിൽ ഡയനീഷ്യ (ഗ്രീക്കു നാടകവേദിയുടെ പേര്) എന്ന ഇരുനില മാളിക പണിയാനും നാടക വാഹനം സ്വന്തമാക്കാനും പിള്ളയെ സഹായിച്ചത് കാപാലികയായിരുന്നു . 'പിന്നിൽ ഒരു മറ. നിൽക്കാൻ ഒരു തറ. എന്റെ ഉള്ളിൽ ഒരു നാടകം. എന്റെ മുന്നിൽ നിങ്ങളും... "എൻ.എൻ.പിള്ള കുറിച്ച (നാടകദർപ്പണം) ഈ വരികളായിരുന്നു അദ്ദേഹത്തിന്റെ നാടക സങ്കല്പവും.
1918 ഡിസംബർ 23ന് വൈക്കത്ത് ജനിച്ച് പല ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പഠിച്ച് വളർന്നു 1995 നവംബർ 14ന് മരിച്ച എൻ.എൻ.പിള്ള സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന് അസാധാരണമായ വ്യക്തിത്വത്തിനുടമയായി മാറിയ സാധാരണമനുഷ്യനായിരുന്നു. 33 നാടകങ്ങൾ രചിച്ചു. ഒൻപത് ഏകാങ്കങ്ങൾ, മൂന്ന് പഠന ഗ്രന്ഥങ്ങൾ, ഞാൻ എന്ന ആത്മകഥ. എഴുപതുവയസിനു ശേഷം അഞ്ഞൂറാനായി അഭിനയിച്ചു ഞെട്ടിച്ച 'ഗോഡ്ഫാദർ" അടക്കം നാലുസിനിമകൾ. കേന്ദ്ര സാഹിത്യഅക്കാഡമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ജീവിത നാടകം നീളുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് മലയായിലെത്തി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിൽ ചേർന്നു. യുദ്ധാവസാനം നാട്ടിലെത്തി പല ബിസിനസും നടത്തി പൊളിഞ്ഞ കാഥികനും തുള്ളൽ കലാകാരനുമായി. 1952ൽ സ്വന്തം കുടുംബാംഗങ്ങളുമൊത്ത് വിശ്വ കേരളകലാസമിതിക്ക് രൂപം നൽകി.
അവസാനകാലം വരെ നാടകവേദിയിൽ നിറസാന്നിദ്ധ്യമായിരുന്നു. നിലവിലെ സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു നേരേ വാക്കുകൾ കൊണ്ടും നടനം കൊണ്ടും നിറയൊഴിച്ചു. 32ാമത്തെ വയസിൽ നാടകത്തിൽ വന്നു പെട്ടപ്പോൾ മൂലധനം വട്ടപ്പൂജ്യമായിരുന്നു. ഭാര്യയും മൂന്നു കുഞ്ഞുങ്ങളും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തെ പോറ്റണം. കടുത്ത ദാരിദ്ര്യം, ചുറ്റിനും അവജ്ഞയോടെയും സംശയദൃഷ്ടിയോടെയും നോക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിലായിരുന്നു നാടകമെഴുത്തും സംവിധാനവും അഭിനയവും. 'എന്തൊരത്ഭുതം! എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ അല്ല. ഞാനെന്നിൽകൂടി സൃഷ്ടിച്ചതോ ഉത്തരം കാണാത്തൊരെന്റെ ചോദ്യങ്ങൾക്ക് അവസാനമുത്തരമെഴുതുമെൻ മരണപത്രത്തിൽ ഞാൻ..." എൻ.എൻ. പിള്ളയുടെ ഈ വരികൾ ഒളശയിലെ വീട്ടീലെ ശവകുടീരത്തിൽ മകനും നടനുമായ വിജയരാഘവൻ എഴുതി ചേർത്തിട്ടുണ്ട്.
28 വയസിനുള്ളിൽ നടന്ന ഓർമയിലുള്ള കാര്യങ്ങളുടെ സത്യസന്ധമായ അടയാളപ്പെടുത്തലാണ് ആത്മകഥയായ 'ഞാൻ" പിള്ള തന്റെ ജീവിതത്തെ വിലയിരുത്തുന്നത് ഇങ്ങനെ: ''ഉദാത്തം, ഉജ്വലം, ഗഹനം, അക്ലിഷ്ടസുന്ദരം, ചിന്താഘനം, പണ്ഡിതോചിതം തുടങ്ങിയ വിശേഷങ്ങൾക്കൊന്നിനും ഇത് അർഹമല്ലെന്നെനിക്കറിയാം. പക്ഷേ, മുപ്പത്തേഴ് വർഷങ്ങൾക്കു ശേഷം ഒരു കുറുപ്പിന്റെ സഹായം പോലുമില്ലാതെ വെറും ഓർമ്മയിൽ നിന്നുമാത്രം എഴുതിയ ഈ വരികളിൽ സത്യം മാത്രമേയുള്ളൂ. സത്യം വിരസമായാൽ പോലും വിരൂപമാകാനിടയില്ലെന്നാണ് എന്റെ വിശ്വാസം."" ജീവിതത്തിന്റെ വിരൂപവും സുന്ദരവും ക്രൂരവും മൃദുലവും ഭയാനകവും ഹാസ്യാത്മകവും ആയ മുഖങ്ങൾ മാറി മാറി പ്രതിഫലിക്കുന്ന ആത്മകഥയിൽ എപ്പിലോഗായി ഭാര്യ ചിന്നമ്മയുടെ ഓർമകൾ കൂടി കുറിക്കാതെ ഈ എൻ.എൻ. പിള്ളയുടെ ജീവിതം പൂർണമാകില്ല. ''വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഞാനിടീച്ച വിവാഹമോതിരം അദ്ദേഹം വിറ്റു. റേഷനരി മേടിക്കാൻ. എന്തുസുന്ദരമായ ഗൃഹപ്രവേശം... കഴിഞ്ഞ 35 വർഷമായി ഒരിക്കൽപോലും പിരിഞ്ഞിരിക്കാൻ ഇടവന്നിട്ടില്ലാത്ത ഞങ്ങളുടെ ജീവിതത്തിൽ ഒരു നിരാശയേ എനിക്കുള്ളൂ. എന്തും ചെയ്യാൻ മടിയില്ലാത്ത ഈ മനുഷ്യൻ എന്നെ തല്ലിയിട്ടില്ല. ചിന്നേ എന്നല്ലാതെ എടീ , നീ എന്നു പോലും വിളിച്ചിട്ടുമില്ല. കഷ്ടം.... ഒരു പക്ഷേ അദ്ദേഹം എന്നെ ചേച്ചിയായിക്കൂടി കരുതുന്നുണ്ടാവാം.""