കൊച്ചി: യു എ ഇ കോൺസുലേറ്റിൽ നിന്നുളള ഈന്തപ്പഴം സാമൂഹികനീതി വകുപ്പിന്റെ സ്ഥാപനങ്ങളിൽ വിതരണം നടത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ നിർദേശ പ്രകാരമെന്ന് വ്യക്തമാക്കുന്ന രേകഖൾ പുറത്ത്. 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളിൽ വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേർക്കാണ് ഈന്തപ്പഴം നൽകിയതെന്ന് സാമൂഹിക നീതി വകുപ്പ് വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരമുളള ചോദ്യങ്ങൾക്കാണ് സാമൂഹികനീതി വകുപ്പിന്റെ മറുപടി.
തൃശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് -1257.25. 234 കിലോ വിതരണം ചെയ്ത ആലപ്പുഴയിലാണ് ഏറ്റവും കുറവ്. സാമൂഹികനീതി വകുപ്പിനോട് ഐ ടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിന് നിർദേശിച്ചതിന്റെ കാരണങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വിവരാവകാശരേഖ പുറത്തുവരുന്നത്.
17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യു എ ഇയിൽ നിന്ന് എത്തിച്ചശേഷം പുറത്തു വിതരണം ചെയ്തതിൽ ചട്ടലംഘനം നടന്നതായാണ് കസ്റ്റംസ് വിലയിരുത്തൽ. സാമൂഹിക നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്തതിന് പുറമേ സ്വപ്നയ്ക്ക് പരിചയമുളള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മൂന്ന് വർഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.