തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിൽ യു.ജി.സി നിർദ്ദേശം നാലു വർഷമായി നടപ്പാക്കാത്തതു കാരണമുള്ള പ്രതിസന്ധിയെത്തുടർന്ന് കേരള സർവകലാശാലയിൽ 2016 മുതൽ പിഎച്ച്. ഡിക്ക് രജിസ്റ്റർ ചെയ്തവരുടെ പ്രബന്ധങ്ങൾ കെട്ടിക്കിടക്കുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിലാണ് യു.ജി.സി മാറ്റങ്ങൾ നിർദ്ദേശിച്ചത്. നിർദ്ദേശങ്ങൾ ഇവയായിരുന്നു: പ്രബന്ധങ്ങൾ മൂന്ന് അദ്ധ്യാപകർ മൂല്യനിർണയം നടത്തണം. ആദ്യ മൂല്യനിർണയം ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഗൈഡ് നടത്തണം. മറ്റ് രണ്ട് മൂല്യനിർണയം നടത്തേണ്ടത് സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ളവരായിരിക്കണം. അതിലൊന്ന് വിദേശ സർവകലാശാലയിലെയോ ഗവേഷണ സ്ഥാപനത്തിലെയോ വിദഗ്ദ്ധരാവണം.
യു.ജി.സി 2016ൽ നൽകിയ ഈ നിർദ്ദേശം കേരള സർവകലാശാല ഇതുവരെ നടപ്പാക്കിയിട്ടില്ല. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ചട്ടങ്ങൾ തയാറാക്കിയില്ല. ഗൈഡിന്റെയും വിദേശ സർവകലാശാലയിലെയും മൂല്യനിർണയത്തെച്ചൊല്ലിയാണ് തർക്കം. നിരവധി വിദ്യാർത്ഥികൾ പ്രബന്ധം നൽകി ഒരു വർഷമായിട്ടും മൂല്യനിർണയത്തിന് അയയ്ക്കാൻ പോലും സർവകലാശാല തയാറായിട്ടില്ല. ആറ് മാസത്തിനകം മൂല്യനിർണയം നടത്തുകയോ പ്രബന്ധം മടക്കി നൽകുകയോ വേണമെന്നാണ് ചട്ടം. വിദേശ സർവകലാശാലകളിലെ മൂല്യനിർണയം ഒഴിവാക്കി പഴയ രീതി തുടരാനും സർവകലാശാല ശ്രമിക്കുന്നുണ്ട്. അക്കാഡമിക് കൗൺസിൽ ഈ വിഷയം പരിഗണിക്കുകയാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.