ന്യൂഡൽഹി: കൊവിഡ് ബാധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എഴുപത്തൊന്നുകാരനായ അഹമ്മദ് പട്ടേലിന് കഴിഞ്ഞമാസം ആദ്യമാണ് രോഗബാധയുണ്ടായത്. രോഗം ബാധിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രോഗം കടുത്തതോടെയാണ് കൂടുതൽ ചികിത്സക്കായി അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയവിവരം അദ്ദേഹത്തിന്റെ മകനാണ് പുറത്തുവിട്ടത്. 'അഹമ്മദ് പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ നിരീക്ഷണത്തിൽ തുടരുന്നു. സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം' മകൻ ഫൈസൽ പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു.