ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ തേരോട്ടം ഓൺലൈനിലും. രണ്ടുവർഷം മുമ്പാണ് മാരുതി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഇതിനകം ഓൺലൈൻ അന്വേഷണങ്ങളിൽ മൂന്നിരട്ടി വർദ്ധനയുണ്ടായി. 2019 ഏപ്രിൽ മുതൽ ഇതുവരെ വിറ്റഴിച്ചത് രണ്ടുലക്ഷം യൂണിറ്റുകൾ. ലഭിച്ചത് 21 ലക്ഷം അന്വേഷണങ്ങൾ.
രാജ്യത്തെ ആയിരം ഡീലർഷിപ്പുകൾ ഓൺലൈൻ ശൃംഖലയിലുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ഇന്ത്യയിലെ മൊത്തം വാഹന വില്പനയുടെ 95 ശതമാനത്തിനും ഇപ്പോൾ ഡിജിറ്റൽ സ്വാധീനമുണ്ട്. ഉപഭോക്താക്കൾ ഓൺലൈനിൽ വിശദമായി പരിശോധിച്ച ശേഷമാണ് വാഹനം വാങ്ങലിലേക്ക് കടക്കുന്നത്.
ഓൺലൈനിലൂടെ പുതിയ കാറിനെ കുറിച്ച് അന്വേഷിക്കുന്ന ഉപഭോക്താവ് ശരാശരി 10 ദിവസത്തിനകം വാഹനം വാങ്ങുന്നുണ്ടെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മാരുതിയുടെ മൊത്തം ഉപഭോക്തൃ അന്വേഷണങ്ങളിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഓൺലൈനിന്റെ പങ്ക് 33 ശതമാനമായി ഉയർന്നിട്ടുണ്ട്.