കളമശേരി: ഏലൂർ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജുവല്ലറിയിൽ വൻ സ്വർണക്കവർച്ച. മൂന്നു കിലോ സ്വർണം, 25 കിലോ വെള്ളി , 6 ജോഡി ഡയമണ്ട്സ് റിംഗ് എന്നിവയാണ് മോഷണം പോയെന്നാണ് പരാതി.
ഷോപ്പിംഗ് കോംപ്ളക്സിലെ കടയിൽ ജുവലറിയും ബാർബർ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. പ്ലൈവുഡ് കൊണ്ടാണ് രണ്ടായി തിരിച്ചിട്ടുള്ളത്. ബാർബർ ഷോപ്പിനോടു ചേർന്നുള്ള ഭിത്തി പുറകു വശത്ത് നിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഇന്നലെ രാവിലെ 6 മണിക്ക്തൊട്ടടുത്ത ബേക്കറി ജീവനക്കാർ ഭിത്തി തുരന്നിട്ടതു കണ്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
മുപ്പത്തടം ശോഭനാലയത്തിലെ വിജയകുമാർ (ഷാജി) ആണ് രണ്ടു കടയുടെയും ഉടമ. സി.സി.ടി.വി കാമറയുണ്ടെങ്കിലും പ്രവർത്തിച്ചിരുന്നില്ല.
കാമറയുൾപ്പെടെയുള്ള വൈദ്യുത കണക്ഷനുകൾ മുറിച്ചു മാറ്റിയിരുന്നു. ഞായറാഴ്ച ജുവലറി ഷോപ്പ് തുറക്കാറില്ല. ബാർബർ ഷാപ്പ് രാത്രി 7 മണി വരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. മുടി വെട്ടുന്നഒരു ജീവനക്കാരൻ മാത്രമാണ് കടയിലുള്ളത്.
ചുറ്റിനും മൂന്നു ഷിഫ്റ്റ് പ്രവർത്തിക്കുന്ന വ്യവസായശാലകൾ ഉള്ളതും
എപ്പോഴും ആൾ സഞ്ചാരമുള്ള പ്രദേശമാണിവിടം. ഫാക്ടിന്റെ സി.സി.ടി.വി കാമറകളും പരിസരത്ത് ഉണ്ട്. സി.ഐ.എസ്.എഫ് ജവാന്മാർ കമ്പനി കവാടങ്ങൾക്കു മുന്നിൽ സദാസമയവും കാവലുമുണ്ടാകും. നൂറുമീറ്ററിനുളളിലാണ് പൊലീസ് സ്റ്റേഷൻ. പരാതിയെക്കുറിച്ച് വിശദമായി വിലയിരുത്തി വരികയാണ് പാെലീസ്.
ഡി.സി.പി രാജീവ്, എ.സി.പി. ലാൽജി, ഏലൂർ ഇൻസ്പെക്ടർ മനോജ്, എസ്.ഐ. പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.