SignIn
Kerala Kaumudi Online
Wednesday, 20 January 2021 11.18 PM IST

'ഇന്നസെന്റിന്റേത് മാനേഴ്സില്ലാത്ത സംസാരമല്ലേ? അങ്ങനെ പറയാൻ പാടുണ്ടോയെന്നായിരുന്നു മധുബാലയുടെ പ്രതികരണം'

madhubala-innocent

സെഞ്ച്വറി നിർമ്മിച്ച് രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാൾ പട്ടാളം. രാജീവ് കുമാറും സെഞ്ച്വറി കൊച്ചുമോനുംകൂടിവന്ന് ആ സിനിമയുടെ കഥ എന്നോട് പറഞ്ഞപ്പോൾത്തന്നെ എനിക്ക് വലിയ താത്പര്യം തോന്നി. ഇൻ ഹരിഹർ നഗർ വിജയിച്ചതിന് ശേഷം സംഘക്കളിയുടെ ഒരു കാലഘട്ടമായിരുന്നു അത്. നാല് നായകന്മാർ അല്ലെങ്കിൽ മൂന്ന് നായകന്മാർ. അങ്ങനെയുള്ള കഥകളുമായിട്ടാണ് എല്ലാവരുടെയും വരവ്. അത്തരം കഥകൾ കണ്ടും കേട്ടും ഞാൻ മടുത്തു തുടങ്ങിയിരുന്നു; നാട്ടുകാരും. ആ സമയത്താണ് വളരെ വ്യത്യസ്തമായ ഒരൊറ്റ നായകന്റെ കഥയുമായി ഒറ്റയാൾ പട്ടാളത്തിന്റെ വരവ്. ആ കഥ എന്നെ ഒരുപാടാകർഷിച്ചു. കലവൂർ രവികുമാറിന്റേതായിരുന്നു ആ സിനിമയുടെ സ്ക്രിപ്ട്. തമാശയുടെ മേമ്പൊടിയുണ്ടെങ്കിലും ഇമോഷൻസിനും ആക്ഷനും ത്രില്ലിനുമൊക്കെ പ്രാധാന്യമുള്ള ആഴമുള്ള ഒരു കഥ. എന്റെ കഥാപാത്രത്തിന് നല്ല അഭിനയ പ്രാധാന്യവുമുണ്ട്. യുവാവായും വൃദ്ധനായുമുള്ള വേഷപ്പകർച്ച. വൃദ്ധവേഷം കെട്ടേണ്ടിവരുന്ന ഒരു യുവാവിന്റെ വ്യത്യസ്തതയുള്ള കഥ.

കഥ കേട്ടയുടൻ ഞാൻ സമ്മതിച്ചു. ഒരാഴ്ചകഴിഞ്ഞ് വരാമെന്ന് പറഞ്ഞ് രാജീവ് കുമാറും. കൊച്ചുമോനും പോയി. ചെറുപ്പക്കാരന് മീശയുണ്ട്. വയസന്റേത് വയ്പ്പ് മീശയാണ്. അങ്ങനെയാണെങ്കിൽ മീശയെടുക്കേണ്ടിവരുമോയെന്നൊക്കെയുള്ള ചർച്ചകൾ നടന്നു.

എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള സൺ ഇന്റർനാഷണൽ ഹോട്ടലിലാണ് ഞാനന്ന് താമസിച്ചിരുന്നത്. സിനിമാക്കാരുടെയെല്ലാം പതിവ് സങ്കേതമായിരുന്നു അന്ന് ആ ഹോട്ടൽ.

രാജീവ് കുമാറും കൊച്ചുമോനും ഒരാഴ്ച കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് പോയി ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ തുളസിദാസും സംഘവും എന്റെ മുറിയിലേക്ക് ഇരച്ചുകയറിവന്നു.

'മിമിക്സ് പരേഡ് എന്ന ഉഗ്രനൊരു സ്‌ക്രിപ്ട് കിട്ടിയിട്ടുണ്ട്. ഫുൾ കോമഡി. നാൽവർ സംഘമൊന്നുമല്ല. പത്തോ പന്ത്രണ്ടോ പേർ ഒന്നിച്ച്. രണ്ട് മിമിക്രി ട്രൂപ്പുകാർ തമ്മിലുള്ള മത്സരമാണ്. അതിൽ ഒരുപാട് മിമിക്രി ഉൾപ്പെടുത്താം. എല്ലാ മിമിക്രി ആർട്ടിസ്റ്റുകളുമുണ്ടാകും. മുകേഷാണ് ഹീറോ. തുളസിദാസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

'ഇൗ പന്ത്രണ്ട് പേരിൽ എങ്ങനെയാ ഹീറോയാകുന്നത്?"

ഞാൻ സ്വാഭാവികമായ ഒരു സംശയം തുളസിദാസിനോട് ചോദിച്ചു.

'അങ്ങനെയൊന്നുമല്ല. ഭയങ്കര സംഭവമാ". തുളസിദാസ് ആവേശത്തോടെ പിന്നെയും ഒാരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഒറ്റയാൾ പട്ടാളം തുടങ്ങുന്ന അതേ ഡേറ്റിലാണ് മിമിക്സ് പരേഡിന്റെയും ഷൂട്ടിംഗ് തുടങ്ങുന്നത്. തുളസിദാസും കൂട്ടരും ഒരു അരമണിക്കൂർ മുൻപ് വന്നിരുന്നെങ്കിൽ എനിക്ക് ഒറ്റയാൾ പട്ടാളം ചെയ്യാൻ പറ്റുമായിരുന്നില്ല.

'ഒറ്റയാൾ പട്ടാളം കമ്മിറ്റ് ചെയ്തുപോയിയെന്ന് ഞാൻ തുളസിദാസിനോട് പറഞ്ഞപ്പോൾ ആ സിനിമയൊന്ന് നീട്ടിവയ്ക്കാൻ പറ്റുമോ എന്നായിരുന്നു തുളസിദാസിന്റെ ചോദ്യം.

'സെഞ്ച്വറിയുടെ പടമാണ്. അവർ ഷൂട്ടിംഗ് നീട്ടിവയ്ക്കാൻ സാധ്യതയില്ല." എന്റെ മറുപടി കേട്ടപ്പോൾ തുളസിദാസും സംഘവും വളരെ വിഷമത്തോടെ മടങ്ങി. ജഗദീഷും സംഘവുമാണ് ഒടുവിൽ മിമിക്സ് പരേഡിൽ അഭിനയിച്ചത്. ആ സിനിമ സൂപ്പർ ഹിറ്റായി.

ഒറ്റയാൾപട്ടാളത്തിലെ നായിക വളരെ മോഡേണായ ഒരു പെൺകുട്ടിയാണ്. ലണ്ടനിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ അവളെ ഇഷ്ടപ്പെടുന്ന ഒരു നീഗ്രോയും അവളുടെ കൂടെ വരുന്നുണ്ട്.

ലണ്ടനിൽ ജനിച്ച് വളർന്ന ഒരു മോഡേൺ പെൺകുട്ടിയായി മലയാളത്തിലെ നായികമാരൊന്നും വന്നാൽ ശരിയാവില്ല.

'ആരാണ്. ആരാണ്?" ചർച്ചകൾ കൊഴുത്തു.

അജയ് ദേവ് ഗണോടൊപ്പം ഫുൽ ഒൗർ കാണ്ഡെ എന്ന ഹിന്ദി ചിത്രത്തിലും മമ്മൂട്ടിയോടൊപ്പം അഴകൻ എന്ന തമിഴ് ചിത്രത്തിലുമൊക്കെ അഭിനയിച്ച് മധുബാല വലിയ താരമായി മാറിക്കഴിഞ്ഞ സമയം. ഹേമമാലിനിയുടെ കസിനാണ് മധുബാല. അച്ഛൻ ഹിന്ദിയിലെ വലിയ നിർമ്മാതാവും.

'ആ കുട്ടിയെ കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു." കൊച്ചുമോൻ എന്നോട് പറഞ്ഞു.

മധുബാല ബോംബെയിലാണ് താമസമെങ്കിലും തമിഴറിയാം. തമിഴ് അയ്യങ്കാർ പെൺകുട്ടിയാണ്. തമിഴറിയാവുന്നത് കൊണ്ടുതന്നെ മലയാളത്തിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

മധുബാലയെന്ന മധുവിന്റെ ഡേറ്റ് കിട്ടി. ഒറ്റയാൾ പട്ടാളത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി. മധുബാലയുടെ പെർഫോമൻസ് കണ്ട് എല്ലാവരും ഹാപ്പിയായി. ആ കഥാപാത്രം അവതരിപ്പിക്കാൻ അന്ന് മധുബാലയേക്കാൾ മികവുള്ള മറ്റൊരു നായികയുണ്ടായിരുന്നില്ല. മോഡേണിന് മോഡേൺ. ടാലന്റിന് ടാലന്റ്. മലയാളത്തിൽ അഭിനയിക്കാൻ വരുന്ന ചില അന്യഭാഷാ നടികളെപ്പോലെ എനിക്കത് വേണം. ഇതുവേണമെന്നൊക്കെയുള്ള പിടിവാശികളൊന്നുമില്ല. എല്ലാവരുമായും അടുത്തിടപഴകുന്ന പ്രകൃതം.

കവടിയാറിലെ ഗോൾഫ് ക്ളബിൽ ഷൂട്ടിംഗ് നടക്കുന്ന സമയം. ഷൂട്ടിംഗിന്റെ ഇടവേളയിൽ ഞാനും ഇന്നസെന്റും മധുബാലയും കൂടി സംസാരിച്ചിരിക്കുകയാണ്. ഇന്നസെന്റിന് ഹിന്ദി അറിയാവുന്നത് കൊണ്ട് ഹിന്ദിയിലാണ് സംസാരം. ഞങ്ങളിരിക്കുന്നിടത്ത് നിന്ന് ഒട്ട് ദൂരെമാറി മധുബാലയുടെ അച്ഛൻ ഇരിപ്പുണ്ട്.

'എന്റെ അച്ഛൻ ഒരു പ്രൊഡ്യൂസറാണ്. ഹിന്ദിയിൽ അഞ്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്." മധുബാല പറഞ്ഞു തീരുംമുൻപേ ഇന്നസെന്റ് ചോദിച്ചു:

'ഇൗ അഞ്ചെണ്ണത്തിലും നീ അഭിനയിച്ചോ."

'ഇല്ലില്ല. ആ സിനിമകളിലൊന്നും ഞാനില്ല." മധുബാലയുടെ മറുപടി കേട്ടപ്പോൾ ഇന്നസെന്റ് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു: 'അപ്പോ അച്ഛന് നല്ല ബുദ്ധിയുണ്ടല്ലോ."

ഇന്നസെന്റിന്റെ തമാശ കേട്ട് ഞാനും പൊട്ടിച്ചിരിച്ചു. പക്ഷേ മധുബാല പെട്ടെന്ന് വല്ലാതെയായി. കണ്ണുകൾ ചെറുതായിട്ടൊന്ന് നിറഞ്ഞു.

ആ തമാശ മധുബാലയ്ക്ക് മനസിലായില്ല. ഇന്നസെന്റ് അങ്ങനെ തമാശ പറയുന്നയാളാണെന്നും മധുബാലയ്ക്ക് അറിയില്ല.

കുറച്ചുനേരം കഴിഞ്ഞ് മധുബാലയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ ചോദിച്ചു:

'അത് ഫീല് ചെയ്തോ?"

'അല്ല. അതെന്താ അദ്ദേഹം അങ്ങനെ സംസാരിച്ചത്. അതൊരു മാനേഴ്സില്ലാത്ത സംസാരമല്ലേ? അങ്ങനെ പറയാൻ പാടുണ്ടോ! അച്ഛനെടുത്ത അഞ്ച് സിനിമകളിലും എന്നെ അഭിനയിപ്പിക്കാത്തത് ഞാൻ കൊള്ളില്ലാത്തത് കൊണ്ടാണെന്നൊക്കെ പറയാൻ പാടുണ്ടോ?" മധുബാലയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചു.

മലയാളത്തിലെ ഏറ്റവും വലിയ കൊമേഡിയന്മാരിലൊരാളാണ് ഇന്നസെന്റെന്നും ഇങ്ങനെയുള്ള തമാശകളുടെയും കൗണ്ടറുകളുടെയും ആശാനാണ് അദ്ദേഹമെന്നും ഞാൻ മധുബാലയെ പറഞ്ഞ് മനസിലാക്കി.

'ഒരിക്കലും മനസ് വിഷമിക്കാനോ മനസിലെന്തെങ്കിലും വച്ചുകൊണ്ടോ അല്ല അദ്ദേഹം അങ്ങനെ പറഞ്ഞത്. മലയാള സിനിമയിൽ ഞങ്ങളൊക്കെ അങ്ങനെയാണ്. തമാശകൾ കൊണ്ടും കൊടുത്തും ലൊക്കേഷനുകളെ സജീവമായി നിലനിറുത്തുന്നവർ. ഹിന്ദിയും തമിഴും പോലെയൊന്നുമല്ല. ഇവിടെ എല്ലാവരും ഒരു കുടുംബം പോലെയാണ്" എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ ബ്രെയിൻ വാഷ് ചെയ്തതോടെ മധുബാല ഒാ.കെയായി. അന്ന് മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി.

എന്റെ മൂത്ത മകൻ ശ്രാവൺ, അന്ന് തീരെ ചെറുതാണ്. ഇളയമകൻ തേജസ് ജനിച്ചിട്ടില്ല. ചെറിയ കുട്ടിയായിരുന്ന ശ്രാവൺ ലൊക്കേഷനിൽ രണ്ടുമൂന്ന് ദിവസമുണ്ടായിരുന്നു. ഷൂട്ടിംഗ് കാണാൻ വന്ന അവനുമായും മധുബാല നല്ല കൂട്ടായി. ഒട്ടും ജാഡയോ തലക്കനമോ ഇല്ലാത്തയാളാണ് മധുബാലയെന്ന് അതോടെ എനിക്ക് വീണ്ടും ബോധ്യമായി.

ഒറ്റയാൾ പട്ടാളത്തിന്റെ ക്ളൈമാക്സ് ചിത്രീകരിക്കുന്ന സമയം ഞാൻ വയസനായിട്ട് അഭിനയിക്കുകയാണ്. വേറെയാർക്കുമറിയില്ല വൃദ്ധവേഷത്തിൽ നിൽക്കുന്നത് ഒരു ചെറുപ്പക്കാരനാണെന്ന്. പ്രേക്ഷകർക്കറിയാം ചെറുപ്പക്കാരനെ മധുബാലയുടെ നായികാകഥാപാത്രം പ്രണയിക്കുന്നുണ്ട്. വൃദ്ധൻ മറ്റൊരാളെന്നാണ് അവൾ വിചാരിക്കുന്നത്. പക്ഷേ എവിടെയോവച്ച് രണ്ടും ഒരാൾ തന്നെയെന്ന് അവൾക്ക് മനസിലാകും. അവൾക്ക് മനസിലായെന്നത് എനിക്കൊട്ട് മനസിലാകുകയുമില്ല.

ഷമ്മി തിലകനാണ് വില്ലൻ. ഷമ്മിയും ഞാനുമായുള്ള ഒരു സംഘട്ടനത്തിനിടയിൽ ഞാൻ മധുബാലയുടെ കഥാപാത്രത്തെക്കുറിച്ച് മോശമായിട്ട് സംസാരിക്കും. അത് കേട്ട് 'അങ്കിളിനെക്കുറിച്ച് ഞാൻ ഇങ്ങനെയല്ല കരുതിയത്. എനിക്കിനി ജീവിക്കേണ്ടയെന്ന് പറഞ്ഞ് മധുബാല കായലിൽ ചാടാനായി പോകും.

അവൾ കായലിലേക്ക് ചാടിക്കഴിഞ്ഞാൽ ഞാനും ചാടേണ്ടതായിട്ട് വരും. വൃദ്ധവേഷത്തിൽ നിൽക്കുന്ന ഞാൻ ചാടിക്കഴിഞ്ഞാൽ എന്റെ വിഗ്‌ഗും വയ്പ്പ് മീശയുമൊക്കെ ഇളകിപ്പോകും. ഞാൻ ചെറുപ്പക്കാരനായിട്ടുള്ളയാളാണ്. പിടികിട്ടാപ്പുള്ളിയായിട്ടുള്ള ആളാണെന്നത് അവൾ അറിയും.

'അയ്യോ.. മോളേ ചാടല്ലേ" യെന്ന് പറഞ്ഞ് വൃദ്ധവേഷം കെട്ടിയ ഞാൻ അവശത അഭിനയിച്ച് അവൾക്ക് പിന്നാലെ ഒാടുന്നു.

അവസാനം രണ്ടും കല്പിച്ച് ഞാനെടുത്ത് ചാടുന്നു. എന്നിട്ട് അവളെ രക്ഷിക്കുന്നു. അവിടെവച്ച് എന്റെ വയ്പ്പ് താടിയും മുടിയുമൊക്കെ ഒഴുകിപ്പോകുന്നു. അവൾക്ക് എന്നെ മനസിലാകുന്നതും മനസിലായിയെന്ന് എനിക്ക് മനസിലാകുന്നിടത്ത് രണ്ടുപേരും കെട്ടിപ്പിടിച്ച് നിൽക്കുന്നിടത്താണ് ആ സിനിമ തീരുന്നത്. ബാക്കി എല്ലാ ഷോട്ടുകളുമെടുത്ത് കഴിഞ്ഞു. ഇനി മധുബാല ചാടുന്ന ഷോട്ടാണ് എടുക്കാനുള്ളത്. മധുബാല ചാടുമ്പോൾ ഞാൻ കൂടെ ചാടണം. വെള്ളത്തിലുള്ള ഷോട്ടുകൾ മാത്രം ബാക്കിയായി.

'ചാടരുതേ" യെന്ന് പറഞ്ഞ് ഞാൻ പിന്നാലെ ഒാടുമ്പോൾ 'ചാടു"മെന്ന് പറഞ്ഞ് മധുബാല മുൻപേ ഒാടി കായലിനരികിലെത്തി.

ഷൂട്ടിംഗ് നടക്കുന്ന വേളി കായലിനരികിലുള്ള ഒരു ഗോഡൗണിൽ ഞാൻ അടുത്ത ഷോട്ട് റെഡിയാകുന്നതും കാത്തിരിക്കുകയാണ്. അവിടെയിരുന്നാൽ എനിക്ക് ലൊക്കേഷൻ കാണാം. മധുബാലയുടെ അതേ കോസ്റ്റ്യൂമണിഞ്ഞ് ഒരു ലൈറ്റ് ബോയ് ലൊക്കേഷനിൽ നിൽക്കുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. നായികയുടെ കോസ്റ്റ്യൂമുമിട്ട് ലൈറ്റ് ബോയി നിൽക്കുന്നത് എന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ല.

ഞാൻ രാജീവ് കുമാറിന്റെ അടുത്തേക്ക് ചെന്നു: 'എന്താ ഇവിടെ സംഭവിക്കുന്നത്? നായികയുടെ ഡ്രസ് എന്തിനാ ലൈറ്റ് ബോയി ഇട്ടിരിക്കുന്നത്?"

രാജീവ് കുമാർ ആകെ മൂഡൗട്ടായിരുന്നു.

'മുകേഷ് ആ ഗോഡൗണിനകത്ത് ഇരിക്കുകയായിരുന്നു അല്ലേ? ഇവിടെ നടന്ന സംഭവമൊന്നും അറിഞ്ഞില്ലല്ലോ!"

'ഇല്ല. അരമണി​ക്കൂറി​നുള്ളി​ൽ എന്താ സംഭവി​ച്ചത്?" ഞാൻ ആകാംക്ഷയോടെ ചോദി​ച്ചു.

എല്ലാം കുഴഞ്ഞ് മറി​ഞ്ഞ് മുകേഷേ. നമ്മുടെ കൂട്ടത്തി​ലുള്ള ആരെങ്കി​ലുമാണോ അതോ നാട്ടുകാരാരെങ്കി​ലുമാണോ അതി​ന് പി​ന്നി​ലെന്നറി​ഞ്ഞൂടാ. നല്ലൊരു പാര പണി​തി​ട്ടുണ്ട്. രാജീവ് കുമാർ നി​രാശ നി​റഞ്ഞ മുഖത്തോടെ പറഞ്ഞു.

'എന്ത് പാര?" എന്റെ ആകാംക്ഷ വർദ്ധി​ച്ചു.

'അത് മധുബാലയോടും അച്ഛനോടും ആരോ പോയി​ പറഞ്ഞുകൊടുത്തു. ഒരി​ക്കലും വേളി​ക്കായലി​ൽ ചാടരുതെന്ന്" അടി​യൊഴുക്കും ചുഴി​യുമുള്ള കായലാണെന്ന്. എത്രയോപേർ വേളിക്കായലിലെ അടിയൊഴുക്കിലും ചുഴിയിലും പെട്ട് മരിച്ചിട്ടുണ്ടെന്ന്."

രാജീവ് കുമാർ അത്രയും പറഞ്ഞപ്പോൾ ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു: 'അങ്ങനെ ആരെങ്കിലും മരിച്ചിട്ടുണ്ടോ?"

'എവിടെ ചുമ്മാ പറയുന്നതല്ലേ മുകേഷേ.

പക്ഷേ മധുബാലയുടെ അച്ഛൻ രാജീവ് കുമാറിനോട് പറഞ്ഞു: വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യാൻ പറ്റില്ലാന്ന്. ആരോ പറഞ്ഞ നുണ അക്ഷരംപ്രതി വിശ്വസിച്ചിരിക്കുകയാണ് അച്ഛനും മകളും.

ചാടുന്നതിലാണ് അതിന്റെ ബ്യൂട്ടി. ഇവിടെ അടിയൊഴുക്കും ചുഴിയുമൊന്നുമില്ല. നമ്മുടെയാൾക്കാരെക്കൊണ്ട് ചാടിച്ച് കാണിക്കാം. എന്നൊക്കെ രാജീവ് കുമാർ പറഞ്ഞുനോക്കിയെങ്കിലും മധുബാലയുടെ അച്ഛൻ വഴങ്ങിയില്ല.

'ആണുങ്ങൾ ചാടുന്ന പോലെയാണോ ഒരു പെൺകുട്ടി സ്വിമ്മിംഗ് പൂളിൽ നീന്തുന്ന പോലെയാണോ കായലിൽ? ജീവൻവച്ച് കളിക്കാൻ വയ്യ. നത്തിംഗ് ഡൂയിംഗ്."

അച്ഛൻ പറയുന്നതിനപ്പുറം മധുബാലയുമില്ല.

ലോംഗ് ഷോട്ടിൽ ഡ്യൂപ്പിട്ട് നിൽക്കുന്ന ലൈറ്റ് ബോയിയെക്കൊണ്ട് കായലിൽ ചാടുന്ന ഷോട്ടെടുക്കാമെന്ന് ഒടുവിൽ രാജീവ് കുമാർ തീരുമാനിച്ചു.

'എന്തായാലും സീൻ കുളമാകും. ക്ളൈമാക്സും ." രാജീവ് കുമാർ നിരാശയോടെ പറഞ്ഞു.

മധുബാലയോട് വേളിക്കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ടെന്നൊക്കെ പച്ചക്കള്ളം പറഞ്ഞ് കൊടുത്തവർ ഒരു പാര പണിഞ്ഞ സന്തോഷത്തിൽ ഇപ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ടാവാം.

മധുവിനോട് ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ." രാജീവ് കുമാറിന്റെ നിരാശയും സങ്കടവും കണ്ട് ഞാൻ ചോദിച്ചു.

ഞങ്ങളെല്ലാം സംസാരിക്കേണ്ടതിന്റെ മാക്സിമം സംസാരിച്ചതാ. ഒരു പ്രതീക്ഷയും വേണ്ട. നമുക്ക് എങ്ങനെയെങ്കിലും എടുക്കാം. ഒാരോ സിനിമയ്ക്കും ഒാരോ വിധിയുണ്ടല്ലോ. ഇൗ സിനിമയുടെ വിധി ഇങ്ങനെയായിരിക്കും." രാജീവ് കുമാർ പറഞ്ഞു.

'എന്തായാലും ഞാനൊന്ന് നോക്കട്ടെ"യെന്ന് പറഞ്ഞപ്പോൾ രാജീവ് കുമാർ ഒരു പ്രതീക്ഷയുമില്ലാതെ പറഞ്ഞു: 'അത് മുകേഷിന്റെ ഇഷ്ടം."

ഞാൻ മധുബാലയുടെയടുത്തേക്ക് ചെന്നു. ദൂരെ മാറിയിരിക്കുന്ന മധുബാലയുടെടുത്ത് അച്ഛനും ഇരിപ്പുണ്ട്. രണ്ടുപേരും ടെൻഷനിലാണ്. ജാഡ കൊണ്ടല്ല ജീവനിൽ പേടിയുള്ളതു കൊണ്ടാണ് ആരോ പേടിപ്പിച്ചപ്പോൾ ഒരു കടുത്ത തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചത് . ആരോ അത്രയും വലിയ ഒരു 'തിരുവനന്തപുരം പാര" കയറ്റിയതിന്റെ പരിണതഫലം!"

ഞാൻ മധുവിനടുത്ത് ചെന്നിരുന്ന് ഒരു നാലഞ്ച് മിനിട്ട് നേരം സംസാരിച്ച് കാണും. അത് കഴിഞ്ഞയുടൻ മധുബാല എഴുന്നേറ്റ് നേരെ രാജീവ് കുമാറിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു: 'ഞാൻ ചാടാം. ലൈറ്റ് ബോയ് ഇട്ടിരിക്കുന്ന ആ കോസ്റ്റ്യും വാങ്ങിത്തരൂ."

രാജീവ് കുമാർ അന്തംവിട്ട് മധുബാലയെ നോക്കി. 'നോ പ്രോബ്ളം സർ. ഐ വിൽ ജംപ്."

മധുബാലയുടെ അച്ഛൻ 'മധൂ"വെന്ന് വിളിച്ചപ്പോൾ മധുബാല വിലക്കി. 'അച്ഛൻ ഇതിൽ ഇടപെടണ്ട. ഇതെന്റെ പ്രൊഫഷനാണ്."

രാജീവ് കുമാറിന് മനസിൽ കണ്ടതുപോലെ തന്നെ മനോഹരമായി ഷോട്ടുകളെല്ലാമെടുക്കാൻ പറ്റി. സന്തോഷം കൊണ്ട് ഇനി രാജീവ് കുമാറെങ്ങാനും കായലിലേക്ക് എടുത്ത് ചാടിക്കളയുമോയെന്ന് പോലും ഞാൻ സംശയിച്ചുപോയി.

'മുകേഷ് എന്ത് ടെക്‌നിക്കാണ് പ്രയോഗിച്ചത്. നാലഞ്ച് മിനിട്ടുകൊണ്ട് എങ്ങനെയാണ് ഒരാളുടെ മനസ് മാറ്റിയെടുത്തത്?" ഷോട്ടൊക്കെ എടുത്ത് കഴിഞ്ഞ് രാജീവ് കുമാറും നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോനും എന്റെ പിന്നാലെ നടന്നു.

അതെന്റെ ട്രേഡ് സീക്രട്ടാണ്. ഞാൻ പറയില്ല. ഇനിയും പലയിടത്തും പ്രയോഗിക്കാനുള്ളതാണ്. എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ ഒരു ടെക്നിക്കാണത്. പുറത്തറിഞ്ഞാൽ ഇനിയത് പ്രയോഗിക്കാൻ പറ്റില്ല. അല്ലെങ്കിൽ എല്ലാവരും ഇതേ ടെക്‌നിക്ക് പ്രയോഗിച്ചെന്നും വരും. അത് ശരിയാവില്ല."

രാജീവ് കുമാറും കൊച്ചുമോനും എത്ര നിർബന്ധിച്ചിട്ടും ഞാനാ ടെക്‌നിക്ക് എന്താണെന്ന് വെളിപ്പെടുത്തിയില്ല.

ഒറ്റയാൾ പട്ടാളം റിലീസായിട്ട് മുപ്പത് വർഷത്തോളമാകുന്നു. മധുബാലയുടെ അഭിമുഖം അടുത്തിടെ ഫ്ളാഷ് മൂവീസിൽ വന്നത് വായിച്ചപ്പോഴാണ് ഞാനാ പഴയ സംഭവങ്ങളൊക്കെ വീണ്ടും ഒാർത്തത്.

രാജീവ് കുമാറും കൊച്ചുമോനും എത്ര നിർബന്ധിച്ചിട്ടും വെളിപ്പെടുത്താത്ത ആ ടെക്നിക് എന്തായിരുന്നുവെന്ന് ഞാനിപ്പോൾ പറയാം.

മധുവിനടുത്തേക്ക് ചെന്നപ്പോൾ കായലിൽ ചാടാൻ പറ്റാത്തതിനെക്കുറിച്ച് എക്‌സ്‌ക്യൂസ് പറയാൻ തുടങ്ങുകയായിരുന്നു മധു. കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ട്. അച്ഛൻ ഇങ്ങനെ പറയുന്നു എന്നൊക്കെ.

മധൂ ഞാൻ പറയുന്നത് കേൾക്ക്. കോൺഫിഡൻസ് ഇല്ലാതെ നമ്മൾ ഒരു കാര്യവും ചെയ്യരുത്. കായലിൽ ചാടിക്കഴിഞ്ഞാൽ അടിയൊഴുക്കുണ്ട് അപകടമുണ്ടാകുമെന്ന് മധുവിന് തോന്നുന്നുണ്ടെങ്കിൽ നെവർ ഡൂ ഇറ്റ്. ഒരിക്കലും ചെയ്യരുത്.

ഞാൻ എങ്ങനെയെങ്കിലും കായലിൽ ചാടാമോ , ചാടിക്കൂടേ എന്നൊക്കെ പറയുമെന്ന് കരുതിയ മധു അത് കേട്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു: യാ യാ.. യൂ സെ ഡ് ഇറ്റ് മുകേഷ് ജീ.

'ഞാൻ ചിലപ്പോൾ ഒരു മലയുടെ മുകളിൽ നിന്ന് ചാടിയെന്നിരിക്കും. ചിലപ്പോൾ രണ്ടടി പൊക്കത്തിൽ നിന്ന് ചാടാൻ പറഞ്ഞാൽ അത് ചെയ്തില്ലെന്നുമിരിക്കും. അത് ഒരു ആക്ടറുടെ ഡിസിഷനാണ്. ഞാൻ വീണ്ടും പറഞ്ഞു. ഞാനെന്ത് വിചാരിക്കുമെന്നോർത്ത് വിഷമിച്ചിരുന്ന മധുവിന് സന്തോഷമായി.

ഒരു നിമിഷ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ പറഞ്ഞു : മധു പക്ഷേ ഒരു കാര്യം കൂടി എനിക്ക് പറയാതിരിക്കാൻ പറ്റില്ല."

എന്താണ്?

മധുവിനെപ്പോലൊരാൾ മലയാളത്തിൽ ആദ്യമാണ്. ഇത്രയും എനർജറ്റിക്കായിട്ട് ഇത്ര ബ്യൂട്ടിഫുളായിട്ട് ഇത്ര ആക്ടിംഗ് ടാലാൻഡുള്ള ഒരാൾ മലയാളത്തെ സംബന്ധിച്ച് ഒരുപാട് കാലങ്ങൾക്കുശേഷം ആദ്യമാണ്. ഇപ്പോഴും ഞാൻ പറയാം. നമ്മുടെ സിനിമ റിലീസാകുമ്പോൾ കായലിൽ ചാടുന്ന രംഗം വരുന്ന വരെ പ്രേക്ഷകർ സാധാരണ മട്ടിലിരിക്കും. മലയാളത്തിൽ ഷീലയും ശാരദയും ജയഭാരതിയും തൊട്ട് ഇപ്പോഴുള്ള ഉർവശിയും ശോഭനയും വരെ വെള്ളത്തിലേക്ക് എടുത്ത് ചാടിയിട്ടില്ല. പക്ഷേ മധുവിന് നീന്തലറിയാം. മധു ലോകം കണ്ടയാളാണ്. കഥാപാത്രത്തോട് ഇഴുകിച്ചേരുന്നയാളാണ്. മധു ചാടിയാൽ അതൊരു ചരിത്രമാകും. ആ സീൻ വരുമ്പോൾ തിയേറ്ററുകൾ കയ്യടി കൊണ്ട് നിറയും. കാരണം അവരാദ്യമായിട്ടായിരിക്കും ഒരു നായിക ഇങ്ങനെ ഒരു ത്രില്ലിംഗ് സീനിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് കാണുന്നത്. സിനിമ കണ്ടിറങ്ങിയശേഷം പ്രേക്ഷകർ പരസ്പരം പറയും ഹോ ആ പെൺകുട്ടി കായലിലോട്ട് ചാടിയത് ഭയങ്കര സംഭവമായിപ്പോയിയെന്ന്! ഇങ്ങനെ ഒരു മറുവശം കൂടിയുണ്ട്. പക്ഷേ കോൺഫിഡൻസില്ലെങ്കിൽ മധു ചാടരുത്."

ഞാൻ ചാടുമെന്ന് പറഞ്ഞ് അവിടെ നിന്നെഴുന്നേറ്റ് മധു നേരെ പോയതാണ് രാജീവ് കുമാറിന്റെയടുത്തേക്ക്.

മധുവിനോടൊപ്പം ഞാൻ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലും അഭിനയിച്ചു.

ജെമിനി ഗണേശന്റെ മകളായ ഡോ. കമലയുടെ ചെന്നൈയിലുള്ള ആശുപത്രിയിലാണ് എന്റെ രണ്ടാമത്തെ മകൻ തേജസ് ജനിച്ചത്.

മകൻ ജനിച്ച് രണ്ടുദിവസം കഴിഞ്ഞ് രാത്രി ഒരു പത്തര മണികഴിഞ്ഞ് കാണും. ഞാനും ബന്ധുക്കളുമെല്ലാം ആശുപത്രിയിലുണ്ട്.

സ്യൂട്ട് റൂം പോലെയുള്ള വലിയ റൂമിന്റെ വാതിലിൽ മുട്ട് കേട്ട ഞാൻ ചെന്ന് തുറന്നു: ആശുപത്രിയിലെ ഒരു സ്റ്റാഫാണ്.

റോജ റിലീസായിക്കഴിഞ്ഞ് മധുബാല രാജ്യമെമ്പാടും തരംഗമായിക്കഴിഞ്ഞ കാലമാണ്.

റോജയിലെ നായിക മധുബാല കുഞ്ഞിനെ കാണാൻ വേണ്ടി വന്നിട്ടുണ്ട്. അവർ പെർമിഷൻ ചോദിക്കുന്നു. കയറ്റിവിടട്ടെ?"

അയ്യോ വരാൻ പറ.

ഏതോ സിനിമയുടെ ഗാനചിത്രീകരണത്തിനിടയ്ക്ക് നിന്ന് അതിലെ കിന്നരിയും ഗിൽറ്റുമൊക്കെ വച്ച കോസ്റ്റ്യുമണിഞ്ഞാണ് മധുബാലയുടെ വരവ്.

ഞാൻ ഇന്നാണറിഞ്ഞത് മുകേഷ് ജീ. ഇവിടെ അടുത്തുള്ള ഒരു സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. രാത്രി മുഴുവൻ ഷൂട്ടിംഗുണ്ട്.നിങ്ങൾ ഉറങ്ങിപ്പോയാലോയെന്ന് വിചാരിച്ചിട്ടാണ് ഇപ്പോൾത്തന്നെ വന്നത്.

സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം മധുബാലയുമായുള്ള സൗഹൃദവും വിട്ടുപോയി.

ഫ്ളാഷ് മൂവീസിൽ മധുബാലയുടെ അഭിമുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുനല്ല സൗഹൃദത്തെക്കുറിച്ച് പഴയ ഒാർമ്മകളെ ഒാർത്തെടുക്കാനും സാധിച്ചതിൽ സന്തോഷം.

(മുകേഷ് കഥകൾ- ഫ്ളാഷ് മൂവീസ്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MADHUBALA, ACTOR MUKESH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.