ന്യൂഡൽഹി: ഹാഥ്രസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അനുമതി ലഭിച്ചു. അഭിഭാഷകൻ വിൽസ് മാത്യുവുമായി അഞ്ച് മിനിറ്റ് നേരം സംസാരിക്കാനാണ് അനുവാദം നൽകിയത്.
തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കാപ്പൻ പറഞ്ഞതായി അഭിഭാഷകൻ അറിയിച്ചു. ജയിലിൽ മരുന്നും ആഹാരവും കിട്ടുന്നുണ്ടെന്നും കാപ്പൻ അറിയിച്ചെന്ന് അഭിഭാഷകൻ വ്യക്തമാക്കി. യു എ പി എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി ജയിലിൽ കഴിയുന്ന കാപ്പനെ ഒക്ടോബർ 5 നാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.