ന്യൂഡൽഹി: ബീഹാറിൽ വീണ്ടും അധികാരത്തിലേറിയ നിതീഷ്കുമാർ മന്ത്രിസഭയ്ക്ക് തുടക്കത്തിലെ കല്ലുകടി. പുതിയ വിദ്യാഭ്യാസ മന്ത്രിയായി അഴിമതി ആരോപണ വിധേയനായ ജെ.ഡി.യുവിലെ മേവാലാൽ ചൗധരിയെ നിയമിച്ചതാണ് വിവാദമായത്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ നീക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ ആർ.ജെ.ഡി ആവശ്യപ്പെട്ടു. നവംബർ 23നുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ പ്രതിഷേധം ഉയർത്തുമെന്ന് സി.പി.ഐ.എം.എല്ലും വ്യക്തമാക്കി.
ഭഗൽപുരിലെ ബീഹാർ കാർഷിക യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരിക്കെ 2012ൽ 161 അസിസ്റ്റന്റ് പ്രൊഫസർമാരെയും ജൂനിയർ ശാസ്ത്രജ്ഞൻമാരെയും നിയമിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 2017ൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമതത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മേവാലാൽ ചൗധരിയെ ജെ.ഡി.യുവിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. അന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പിയും മേവാലാലിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
2015ൽ വൈസ് ചാൻസലർ പദവി രാജിവച്ചാണ് ജെ.ഡി.യു ടിക്കറ്റിൽ താരാപൂരിൽ നിന്ന് മത്സരിച്ച് ചൗധരി ആദ്യമായി നിയമസഭയിലെത്തിയത്. ഇക്കുറി വീണ്ടും സീറ്റ് നിലനിറുത്തി. ആദ്യമായാണ് മന്ത്രിയാവുന്നത്.