വാഷിംഗ്ടൺ: രണ്ട് വർഷത്തെ പരിശോധനകൾക്ക് ശേഷം ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കുള്ള നിരോധനം നീക്കി അമേരിക്ക. സോഫ്റ്റ്വെയർ അപ്ഗ്രേഡേഷനും പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നടത്തിയെന്ന് ബോയിംഗ് യു.എസ് ഫെഡറൽ ഏവിയേഷൻ അധികൃതരെ അറിയിച്ചു. തുടർന്നാണ് കമ്പനിയുടെ നിരോധനം നീക്കിയത്. 20 മാസത്തിന് ശേഷമാണ് ബോയിംഗ് വീണ്ടും പറക്കാനൊരുങ്ങുന്നത്.
അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങളുണ്ടായതോടെയാണ് ബോയിംഗ് 737 മാക്സിെന്റ സുരക്ഷയിൽ ആശങ്കയുയർന്നത്. ഇന്തോനേഷ്യയിലും എത്യോപയിലുമായി നടന്ന അപകടങ്ങളിൽ 346 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭൂരിപക്ഷം രാജ്യങ്ങളും ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
എയർബസിന്റെ എ320നിയോക്ക് എതിരാളിയായാണ് 737 മാക്സിനെ ബോയിംഗ് പുറത്തിറക്കിയത്. എന്നാൽ, അപകടങ്ങളുണ്ടായതോടെ മിക്ക രാജ്യങ്ങളും ബോയിംഗ് വിമാനം ഉപയോഗിക്കുന്നത് നിറുത്തിവച്ചു. യു.എസ് അനുമതി നൽകിയാലും മറ്റ് രാജ്യങ്ങളിൽ വിമാനം പറക്കണമെങ്കിൽ അതാത് രാജ്യങ്ങളുടെ അംഗീകാരം കൂടി വേണം.