നെയ്റോബി: ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു വെള്ള ജിറാഫിന് ജി.പി.എസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച് അധികൃതർ. വടക്കുകിഴക്കൻ കെനിയയിലെ ഗാരിസ കൗണ്ടിയിലുള്ള ജിറാഫിനാണ് വനപാലകരും വന്യജീവി സംരക്ഷകരും ചേർന്ന് ജി.പി.എസ് ഘടിപ്പിച്ചത്. ജിറാഫിന്റെ നീക്കങ്ങൾ അറിയുന്നതിനും അതിലൂടെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ജി.പി.എസ് സഹായിക്കുക. ഈ കാട്ടിൽ മൂന്ന് വെള്ള ജിറാഫുകളുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ അതിൽ ഒരു അമ്മയെയും കുഞ്ഞിനെയും വേട്ടക്കാർ കൊലപ്പെടുത്തിയതോടെയാണ് ഇതൊന്നു മാത്രമായി അവശേഷിച്ചത്. ലൂസിസം എന്ന അവസ്ഥ കാരണമാണ് ജിറാഫിന് വെളുത്ത നിറം ലഭിച്ചത്. ഏഴ് മാസം പ്രായമുണ്ടായിരുന്ന കുട്ടി ജിറാഫിന്റെയും അമ്മയുടെയും അവസ്ഥ ഇതിനും വരാമെന്ന ആശങ്കയാണ് ജി.പി.എസ് ഘടിപ്പിക്കുന്നതിനായി വനപാലകരെ പ്രേരിപ്പിച്ചത്.
നവംബർ ആദ്യ വാരമാണ് ജിറാഫിന്റെ കൊമ്പുകളിൽ ഒന്നിൽ ജി.പി.എസ് ഘടിപ്പിച്ചതെന്ന് പ്രദേശത്തെ വന്യജീവി സംരക്ഷണ കേന്ദ്രമായ ഇഷാക്ബിനി ഹിരോല കമ്മ്യൂണിറ്റി കൺസർവൻസി മാനേജർ മുഹമ്മദ് അഹമ്മദ്നൂർ പറഞ്ഞു.
അയൽരാജ്യമായ ടാൻസാനിയയിൽ കണ്ടതിനു ഏകദേശം രണ്ട് മാസത്തിന് ശേഷം 2016 മാർച്ചിലാണ് കെനിയയിൽ ആദ്യമായി വെള്ള ജിറാഫുകളെ കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം ഗാരിസ കൗണ്ടിയിൽ പെൺ ജിറാഫിനെയും കുട്ടിയെയും കണ്ടെത്തിയിരുന്നു. മാംസത്തിനും ശരീരഭാഗങ്ങൾക്കുമായാണ് ജിറാഫുകളെ വേട്ട്യക്കാർ ഇരയാക്കുന്നത്. വേട്ടയാടൽ കാരണം കഴിഞ്ഞ 30 വർഷത്തിനിടെ 40 ശതമാനം ജിറാഫുകളാണ് നശിച്ചത്.