പൊതുവെ പുരുഷ കേന്ദ്രീകൃതമെന്ന് പറയുന്ന നമ്മുടെ സിനിമയിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരുപാട് പുരുഷ കഥാപാത്രങ്ങളുണ്ട്. മസിലിന്റെ പെരുക്കം നോക്കിയോ തട്ടുപൊളിപ്പൻ ഡലോഗ് പറയുന്നതു കണക്കിലെടുത്തോ ഒരുപാടുപേരെ ഒരിമിച്ച് ഇടിച്ചു കൂട്ടുന്നതു നോക്കിയോ അല്ല ഞാൻ പുരുഷ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നത്. ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെ അഭിനേതാവ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നീരീക്ഷിച്ചാണ് ഞാൻ അവരെ ഇഷ്ടപ്പെടുന്നത്.
മൂന്നാംപക്കത്തിലെ മുത്തച്ഛൻ
പത്മരാജൻ സംവിധാനം ചെയ്ത 'മൂന്നാം പക്ക"ത്തിലെ തിലകന്റെ തമ്പി എന്ന മുത്തച്ഛൻ വേഷം ഏറെ ഇഷ്ടമാണ്. സിനിമ ആദ്യം കാണുമ്പോൾ കുട്ടിയായിരുന്നു. അതിൽ കൊച്ചു മകൻ പാച്ചുവിന് സ്നേഹിക്കുന്ന മുത്തച്ഛൻ. പാച്ചു ചെറുപ്പക്കാരനാകുമ്പോൾ മുത്തച്ഛനും അതേ പ്രായത്തിലേക്ക് താഴുകയാണ്. അങ്ങനെയൊരു മുത്തച്ഛനെ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.പാച്ചു മരിക്കുമ്പോൾ വളരെ പക്വതയോടെയാണ് പെരുമാറുന്നത്. കരയാതെ മറ്റുള്ളവരെ സമാധാനിപ്പിക്കുന്നു. അവൻ കല്യാണം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നു. ഉള്ളിൽ സങ്കടം ഇരമ്പിയാർക്കുമ്പോഴും പുറത്തുകാണിക്കാതിരുന്ന ആ മുത്തച്ഛൻ എന്റെ മനസിനെ കടഞ്ഞ കഥാപാത്രമാണ്.
ഉറക്കമില്ലാത്ത അച്ഛൻ
എന്നെ അതിശയിപ്പിച്ച അച്ഛൻ വേഷം ചെയ്തത് സലിംകുമാറാണ്. 'അച്ഛൻ ഉറങ്ങാത്ത വീട്ടി"ലെ സാമുവൽ.കേരളത്തെ ഞെട്ടിക്കുന്ന ഒരു പെൺവാണിഭക്കേസിൽ പെട്ടുപോവുകയാണ് അയാളുടെ മകൾ. അവൾ ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിച്ചുകൊണ്ടു പോകണം ആ അച്ഛന്. ചുറ്റും പരിഹാസങ്ങളും തുറിച്ചുനോട്ടങ്ങളും മാത്രം. അടുത്ത് മനമുടഞ്ഞ് മകളും. സത്യത്തിൽ മനസിൽ ഒരു വിങ്ങലില്ലാതെ ലാൽജോസ് സംവിധാനം ചെയ്ത ഈ ചിത്രം കണ്ടിരിക്കാൻ എനിക്കായില്ല. ആ കഥാപാത്രം മറ്റാരെങ്കിലും അവതരിപ്പിച്ചിരുന്നുവെങ്കിൽ നമ്മൾ പ്രതീക്ഷിച്ചുകൊണ്ട് അംഗീകരിക്കും. പക്ഷേ സലിംകുമാർ ഞെട്ടിച്ചുകളഞ്ഞു.
മാതൃകാ കുടുംബനാഥൻ
ഒരു ഉത്തമ കുടുംബനാഥൻ, മാതൃകാ ഭർത്താവ്, ജ്യേഷ്ഠൻ, അച്ഛൻ ഒക്കെയാകാം. അത്തരത്തിലുള്ള മികച്ച വേഷങ്ങൾ കണ്ടിട്ടുള്ളത് മമ്മൂട്ടിയിലാണ്. അതിൽ പ്രധാനം വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരാണ്. സ്നേഹംനിറഞ്ഞ വല്യേട്ടൻ, കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ധ്വാനശീലനായ കർഷകൻ ഇതൊക്കെയാണ് കൊച്ചിൻ ഹനീഫയുടെ ചിത്രത്തിലെ നായകൻ. പ്രേക്ഷകന്റെ തൊണ്ടയിടറിപ്പിക്കുംവിധം അഭിനയവും സംഭാഷണത്തിലെ മോഡുലേഷനുംകൊണ്ട് മമ്മൂട്ടി ഒരു സ്നേഹത്തിരശ്ശീലതന്നെ തീർക്കുന്നത് കാണാം.
എല്ലാം തികഞ്ഞ മകൻ
ഒരു കുടുംബം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന മകൻ. പഠിക്കാൻ മിടുക്കൻ, സത്സ്വഭാവി പക്ഷേ, വിധി അയാളെ കൊലപാതകിയാക്കി. നാട് ഭയക്കുന്ന ഗുണ്ടയാക്കി. മികച്ച മകൻ കഥാപാത്രമായി ഇപ്പോഴും മനസിനെ നൊമ്പരപ്പെടുത്തുന്നത് കിരീടത്തിലെ സേതുമാധവനാണ്. ലോഹിതദാസിന്റെ തിരക്കഥ, സിബിമലയിലിന്റെ സംവിധാനം. ആ മകന്റെ വേദനയിൽ അലിയാതെ സിനിമ കണ്ടു തീർക്കാനാകില്ല. മോഹൻലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്.