കണ്ണൂർ: നിലനിൽപ്പ് പോരാട്ടം നടത്തി ജനശ്രദ്ധ നേടിയ കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ പുതിയ തീരുമാനവും ചർച്ചയാകുന്നു. താൻ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു എന്ന് സമൂഹ മാദ്ധ്യമത്തിൽ കഴിഞ്ഞ ദിവസം ചിത്രലേഖ കുറിച്ചിരുന്നു. സി.പി.എമ്മിന്റെ നിരന്തരമായ ശല്യം തന്റെയും കുടുംബത്തിന്റെയും ജീവിതം താറുമാറാക്കിയെന്നും ഇപ്പോൾ നിലനില്പ് മാത്രമാണ് തന്റെ മുന്നിലുള്ള വിഷയമെന്നും അതിനാലാണ് മതം മാറാൻ ആലോചിക്കുന്നതെന്നും ചിത്രലേഖ 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. ഞാൻ പോകാൻ ആലോചിക്കുന്നത് ഏതെങ്കിലും മത സംഘടനയിലേക്കല്ല, ഇസ്ലാം മതത്തിലേക്കാണെന്നും ചിത്രലേഖ കൂട്ടിച്ചേർത്തു.
തന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായി സംസാരിച്ചിരുന്നു. മതം മാറുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാം എടുത്തിട്ടില്ലെന്നും ഭർത്താവും മക്കളുമായി ആലോചിച്ച് പെട്ടെന്ന് മതംമാറ്റ തീരുമാനം എടുക്കുമെന്നും ചിത്രലേഖ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കുന്നു.
സി.പി.എമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. വീടുവയ്ക്കാൻ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഭൂമിപോലും സി.പി.എമ്മുകാർ ഇടപെട്ട് റദ്ദ് ചെയ്യിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടക്കുകയാണ്.
തന്നെ സഹായിക്കാൻ ആരുവന്നാലും സ്വീകരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മതം മാറ്റത്തിന് ശേഷം എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് പോലുള്ള സംഘടനകൾ വീട് വച്ചുതന്നാൽ സ്വീകരിക്കുമെന്നും ചിത്രലേഖ വ്യക്തമാക്കി. ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകാമെന്ന നിലപാടിലാണ് എസ്.ഡി.പി.ഐ നേതൃത്വം.