തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ സന്ദേശം പുറത്തുവന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും, ഇപ്പോൾ കേരള പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദസന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച് കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണം. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേശകർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കണം. ജയിൽ നിന്ന് ഇത്തരമൊരു സന്ദേശമയയ്ക്കാൻ സ്വപ്നയ്ക്ക് ആരാണ് സഹായം നൽകിയതെന്ന് കണ്ടെത്തണം. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിനുത്തരം പറയേണ്ടത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കുമെതിരെ ഉയർന്ന ഗുരുതര അഴിമതിയാരോപണങ്ങളിൽ നിന്നും സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ കപടതന്ത്രത്തിന്റെ ഭാഗമാണ് പുതിയ വിവാദം. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കുമെത്തും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. അതിനാൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ്.