SignIn
Kerala Kaumudi Online
Monday, 25 January 2021 11.30 PM IST

ഡിസംബർ ആറിന് അമിത് ഷാ ചെന്നൈയിലെത്തി രജനിയെ കാണും, ഒരാഴ്‌ച കൂടി പിന്നിട്ടാൽ സൂപ്പർ സ്‌റ്റാറിന്റെ ജീവിതത്തിലെ നിർണായക നിമിഷം

amith-shah-rajani

പെരിയ ദളപതി പടയെടുത്ത് വരുമെന്ന് പ്രഖ്യാപിച്ചിട്ട് ഇതുവരെ ഒന്നും സംഭവിച്ചില്ല. കൊവിഡിനെ പേടിച്ച് നൈസായിട്ട് പിൻവലിഞ്ഞെന്ന സൂചന കിട്ടിയപ്പോൾ ഇളയ ദളപതി ആ ഒഴിവിൽ ആടി തിമിർക്കാനെത്തുമോ എന്നാണ് തമിഴ്നാട്ടിലെ സിനിമാ ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

പാർട്ടി ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച രജനികാന്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത് കൊവിഡായിരുന്നു. മാർച്ച് മാസം അവസാനം വരെ രാഷ്ട്രീയ പാർട്ടി രൂപീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ രജനികാന്ത് തമിഴ്നാട്ടിൽ കൊവിഡ് പിടിമുറുക്കിയതോടെ നിസഹായനായി. പക്ഷെ,​ ഇപ്പോൾ പ്രചരിക്കുന്ന രാഷ്ട്രീയ വൃത്താന്തങ്ങൾ ചൂണ്ടിക്കാട്ടുന്നത് രജനികാന്ത് സ്വന്തം പാർട്ടി എന്ന പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ടു പോയി ബി.ജെ.പിയിൽ ചേരുമെന്നാണ്. താരം രജനികാന്ത് ആയതിനാൽ എപ്പോൾ വേണമെങ്കിലും ട്വിസ്റ്റ് സംഭവിക്കാം.

രജനികാന്തുമായി തുല്യനിലയിൽ താരതമ്യം ചെയ്യാൻ പറ്റുന്ന താരമല്ല വിജയ്. പക്ഷെ,​ രജനികാന്ത്- കമലഹാസൻ തലമുറയ്ക്ക് ശേഷമുള്ള തലമുറയിലെ നടന്മാരിൽ മുൻനിരയിലാണ് താനും. ആരാധക സംഘടന ശക്തമാണ്. അതുകൊണ്ടാണ് വിജയ്‌യെ വെള്ളിത്തിരയിൽ ഇറക്കി കളിപ്പിച്ച അച്ഛൻ ചന്ദ്രശേഖർ ഇപ്പോൾ രാഷ്ട്രീയത്തിലും ഇറക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ അധികാരം കൈയാളുന്ന അണ്ണാ ഡി.എം.കെയും പ്രധാന പ്രതിപക്ഷമായ ഡി.എം.കെയും കരുതലോടെയാണ് ഇരുവരുടേയും രാഷ്ട്രീയ പ്രവേശത്തെ നീരീക്ഷിക്കുന്നത്.

രജനിയുടെ പ്രഖ്യാപനങ്ങൾ

രജനികാന്ത് രാഷ്ട്രീയ പ്രവേശ സൂചനകൾ നൽകിയത് 1990 കളിലാണ്. കൃത്യമായ പ്രഖ്യാപനം നടത്തിയത് 2017 ഡിസംബർ 31 ന്. 'ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങും. ഒരു പാർട്ടി രൂപീകരിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയരംഗം നശിച്ചിരിക്കുകയാണ്. എന്റേത് ആത്മീയ രാഷ്ട്രീയമായിരിക്കും. എല്ലാറ്റിനെയും ഒരുപോലെ കാണുന്ന ഒന്ന്.' കോടമ്പാക്കത്തെ സ്വന്തം കല്യാണ മണ്ഡപമായ രാഘവേന്ദ്രയിലാണ് പതിനായിരക്കണക്കിനു ആരാധകരെ സാക്ഷി നിറുത്തി ഈ പ്രഖ്യാപനം.

തുടർന്ന് ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രത്തെ പാർട്ടി സംവിധാനത്തിലേക്കു മാറ്റി. കൃത്യമായ ഇടവേളകളിൽ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ദിശാബോധവും പ്രതീക്ഷയും നൽകി. സൗജന്യ ഭക്ഷണ വിതരണവും മെഡിക്കൽ ക്യാമ്പുകളും നടത്തി മക്കൾ മൻട്രം മുന്നോട്ട് പോയി.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ , ജനുവരിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ പാർട്ടി പ്രഖ്യാപനമോ സജീവ രാഷ്ട്രീയ പ്രവേശമോ ഉണ്ടാകാത്തത് ആരാധകരെ നിരാശരാക്കി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അതിനാണ് ഒരുങ്ങുന്നതെന്നും രജനികാന്ത് പ്രഖ്യാപിച്ചതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്തുള്ള പോസ്‌റ്ററുകൾ തമിഴകമെമ്പാടും പ്രത്യക്ഷപെട്ടു.

കഴിഞ്ഞ മാർച്ച് അഞ്ചിനും ആറിനുമായി മക്കൾ മൻട്രത്തിന്റെ ജില്ലാ ഭാരവാഹികളെ താരം ചെന്നൈയിലേക്കു വിളിച്ചു വരുത്തി. പാർട്ടി ഘടന, പേര്, ലക്ഷ്യങ്ങളും സ്വഭാവവുമടക്കമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്‌തതോടെ ഉടൻ പ്രഖ്യാപനമെന്ന പ്രതീതി വന്നു. തൊട്ടുപിറകെ തമിഴ്നാട്ടിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ലോക്ക് ഡൗണും കൊവിഡും മൂലം എല്ലാം അനിശ്ചിതത്വത്തിലായി.

വൃക്ക മാറ്റിവച്ചതടക്കമുള്ള രോഗങ്ങളാൽ ദിവസവും മരുന്നു കഴിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ സൂപ്പർതാരത്തിന്. ആരോഗ്യം സംബന്ധിച്ചു കുടുംബത്തിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ട്. സ്വന്തം പാർട്ടി എന്ന തീരുമാനത്തിൽ നിന്നും രജനി പിൻവാങ്ങുമെന്ന സൂചന കിട്ടിയപ്പോഴാണ് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രജനിയുമായി ചർച്ച നടത്തിയത്.

ഡിസംബർ ആറിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എൽ. മുരുകൻ നയിക്കുന്ന വെട്രിവേൽ യാത്ര സമാപിക്കും. അന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്തും. അതിന്റ ഫലമാകും നിർണായകം. ബി.ജെ.പിയിലേക്കുള്ള പ്രവേശമോ,​ സ്വന്തം പാർട്ടി പ്രഖ്യാപനമോ അന്നുണ്ടായില്ലെങ്കിൽ പിന്നെ അതുണ്ടാകാനുള്ള സാദ്ധ്യത ഡിസംബർ 12നാണ് . അന്ന് സൂപ്പർസ്റ്റാറിന് 70 തികയും.

രജനി മക്കൾ മൻട്രത്തിനു സംസ്ഥാനത്ത് ഒരു ലക്ഷം യൂണിറ്റുകളായി. ജില്ലാ തലത്തിൽ ഭാരവാഹികളായി. അടിത്തറ ഭദ്രമാണ്. ആ കരുത്തിലാണ് ബി.ജെ.പി കണ്ണുവച്ചിരിക്കുന്നതും.

അച്ഛൻ വരച്ച വരയിൽ

മാസ് ഹീറോയാണ് വിജയ്‌യും. ഒരു സംവിധായകനായ അച്ഛൻ മകനെ എങ്ങനെ നടനാക്കി , അവിടെ നിന്നും സൂപ്പർതാരമാക്കി വളർത്തിക്കൊണ്ടുവരും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എസ്.എ. ചന്ദ്രശേഖറും മകൻ വിജയ്‌യും. ബാലതാരമാക്കി വിജയ്‌യെ സിനിമയിൽ അവതരിപ്പിച്ചതു തന്നെ ചന്ദ്രശേഖറാണ്. അന്നത്തെ സൂപ്പർതാരമായിരുന്ന വിജയകാന്ത് നായകനാകുന്ന സിനിമകളിൽ ബാലതാരമായും ഫ്ലാഷ് ബാക്ക് സീനിലും പിന്നെ നായകന്റെ അനുജനായും പടിപടിയായി നായകനാക്കുകയായിരുന്നു. രജനികാന്ത് അനുഭവിച്ച ദുരിത ജീവിതത്തിന്റെ ഫ്ലാഷ്‌ബാക്കൊന്നും വിജയ്ക്കില്ല.

പൊതുവെ അന്തർമുഖനാണ് വിജയ്. സിനിമയിലെ കഥാപാത്രങ്ങൾ പറയുന്നതു പോലെയൊന്നും പൊതുവേദിയിൽ സംസാരിക്കാറില്ല. 46കാരനായ വിജയ്‌യുടെഫാൻസ് അസോസിയേഷൻ പോലും നിയന്ത്രിക്കുന്നത് അച്ഛനാണ്. വീഴ്ച പോലും ആയുധമാക്കാൻ ചന്ദ്രശേഖറിന് അറിയാം.'മാസ്റ്റർ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആദായനികുതി വകുപ്പ് വിജയ്‌യെ മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോൾ അത് രാഷ്ട്രീയ വൈരമാണെന്ന് വരുത്തുന്നതിനും ആരാധകരെ ഒപ്പം നിറുത്തുന്നതിനും ബി.ജെ.പി യെ എതിർക്കുന്നവരുടെ പിന്തുണ ആർജിക്കുന്നതിനും ചന്ദ്രശേഖറിന് കഴിഞ്ഞു.

1996 ൽ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. അന്ന് ആ ചാൻസ് രജനി കളഞ്ഞുകുളിച്ചു. അതേസമയം ഇപ്പോൾ വിജയ്‌ക്കൊപ്പമാണെന്നാണ് ചന്ദ്രശേഖറും വിജയെ രാഷ്ട്രീയത്തിലെത്തിക്കാൻ ശ്രമിക്കുന്ന ബുദ്ധികേന്ദ്രങ്ങളും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അഖിലേന്ത്യാ ദളപതി മക്കൾ ഇയക്കമെന്ന പേരിൽ മകന്റെ പേരിൽ രാഷ്ട്രീയപാർട്ടി രജിസ്റ്റർ ചെയ്തത്. അച്ഛനുമായി അടുപ്പമുള്ളവരെ മാറ്റി ഫാൻസ് അസോസിയേഷനിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചാണു വിജയ് എതിർപ്പ് പരസ്യമാക്കിയത്. പരസ്യമായി എതിർപ്പാണെങ്കിലും രഹസ്യമായി എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. രാഷ്ട്രീയത്തിൽ ഒരിക്കലും ഇല്ലെന്ന് വിജയ് തീർത്തു പറയാത്തിടത്തോളം കാലം അതു സംഭവിക്കാനുള്ള സാദ്ധ്യത നിലനിൽക്കും.

ചടുലവേഗത്തിലേക്ക് രാഷ്ട്രീയ നീക്കങ്ങൾ

തമിഴക രാഷ്ട്രീയത്തിന് ഡിസംബർ നിർണായകമാകും. ഖുശ്ബു ഇപ്പോൾ ബി.ജെ.പിയിലാണ് നടൻ രാധാരവിയും ബിജെപിയിലെത്തി. എസ്.വി.ശേഖർ, ഗൗതമി, നമിത, ഗായത്രി രഘുറാം എന്നിവർ സംസ്ഥാന ഭാരവാഹികളാണ്. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന യുവനടൻ വിശാലും ബി.ജെ.പിക്കൊപ്പം കൂടാൻ ശ്രമം നടക്കുന്നുണ്ട്. കരുണാനിധിയുടെ മകൻ എം.കെ. അഴഗിരിയെ എൻ.ഡി.എയിൽ എത്തിക്കാനും നീക്കമുണ്ട്.

എന്തൊക്കെ സംഭവിച്ചാലും തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭ ഒറ്റയ്ക്ക് പിടിച്ചെടുക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് ഡി.എം.കെയ്ക്കും. എം.കെ. സ്റ്റാലിനും ഉള്ളത്. ലോക‌്സഭാ തിരഞ്ഞെടുപ്പിൽ തരംഗം ഉണ്ടാക്കാൻ കമലഹാസന്റെ പാർട്ടിക്ക് കഴിയാതെ പോയതും വിജയ്‌കാന്ത്,​ സീമാൻ,​ ശരത്‌കുമാർ എന്നിവരുടെ രാഷ്ട്രീയപാർട്ടികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തതും ഡി.എം.കെ യ്‌ക്ക് നേട്ടമാവുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAJANIKANTH, RAJANIKANTH POLITICAL PARTY, ACTOR VIJAY, VIJAY IN POLITICS, TAMILNADU POLITICS, BJP TAMILNADU, AMITH SHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.