ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,882 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ 90,04,366 ആയി. കഴിഞ്ഞ ദിവസത്തെ പ്രതിദിന രോഗമുക്തി നിരക്ക് 44,807 ആണ്. ഇതുവരെ 84,28,409 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 584 പേർ മരണമടഞ്ഞു. ആകെ മരണമടഞ്ഞവരുടെ എണ്ണം 1,32,162 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,43,794 ആണ്.
രാജ്യത്ത് പ്രതിദിന രോഗവ്യാപനനിരക്ക് കഴിഞ്ഞ 47 ദിവസമായി രോഗമുക്തി നിരക്കിലും താഴെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തി നിരക്കിൽ 77.27 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ് . 7066 പേർ രോഗമുക്തി നേടിയ കേരളമാണ് രോഗമുക്തി നിരക്കിൽ ഒന്നാമത്. ഡൽഹിയിൽ 6901 പേരും മഹാരാഷ്ട്രയിൽ 6608 പേരും രോഗമുക്തി നേടി.
പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ രോഗബാധിതരിൽ 77.28 ശതമാനവും. ഡൽഹി 7486, കേരളം 6419, മഹാരാഷ്ട്ര 5011 എന്നിങ്ങനെയാണ് ഇതിൽ മുൻപന്തിയിലുളള സംസ്ഥാനങ്ങൾ.
രോഗനിരീക്ഷണവും, പരിശോധനയും , രോഗ പ്രതിരോധവും വർദ്ധിപ്പിക്കാൻ ഹരിയാന, രാജസ്ഥാൻ,ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല വിദഗ്ധ സമിതിയെ അയച്ചതായി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേരിയ പറഞ്ഞു. ഡൽഹിയിൽ രോഗവ്യാപനം വർദ്ധിച്ചതിനാൽ അടുത്തുളള ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.