പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് ചില ജില്ലകളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ. തർക്ക സീറ്റുകളിൽ ചെറുപ്പക്കാർക്ക് പരിഗണന കിട്ടിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ നാൽപ്പത് ശതമാനം സീറ്റുകൾ നൽകണമെന്നായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തർക്ക സീറ്റുകളിൽ യുവാക്കൾക്ക് അവസരം നൽകണമായിരുന്നുവെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ചിലയിടങ്ങളിൽ അവസാന ചാൻസിനാണ് പരിഗണന നൽകിയത്. ഇതിൽ മാറ്റം വരുത്തണമായിരുന്നു. ചെറുപ്പക്കാർക്ക് കൊടുക്കാവുന്ന സീറ്റുകൾ ഇനിയും ഉണ്ടായിരുന്നു. എന്നാൽ പാർടിയുടെ വിജയസാദ്ധ്യതയെ ബാധിക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കുന്നതിനായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കാണുകയും ജില്ലകളിൽ സന്ദർശനം നടത്തി ഡി സി സി നേതൃത്വത്തെ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകാലങ്ങളെക്കാൾ അവസരം ലഭിച്ചെങ്കിലും ചില ജില്ലകളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്.