രോഗികളും അല്ലാത്തവരും ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യത്യസ്തമാണ്. രോഗികൾ പൊതുവായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം. ആഹാരം തന്നെ ഔഷധം എന്നു കേട്ടിട്ടുണ്ടല്ലോ? ആഹാര കാര്യത്തിൽ അത്രയേറെ ശ്രദ്ധ ഉണ്ടായിരിക്കണമെന്ന് അർത്ഥം. നല്ല ആഹാരത്തിന്റെ മാനദണ്ഡം ഒരിക്കലും രുചി മാത്രമാകരുത്. പ്രായം, കാലാവസ്ഥ, ആഹാരത്തിന്റെ ലഭ്യത, കഴിക്കേണ്ട സമയവും എന്തിനൊപ്പമാണ് കഴിക്കുന്നത് എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകണം.
നമ്മുടെ ആഹാരവിഹാരങ്ങൾ തന്നെയാണ് രോഗത്തെയും ആരോഗ്യത്തെയും പ്രദാനം ചെയ്യുന്നത്. എപ്പോഴും പഥ്യമായവ ശീലിക്കാനും അപഥ്യമായവ ഒഴിവാക്കാനും ശ്രദ്ധിക്കണം.
പല മരുന്നുകളും ഭക്ഷണശേഷം കഴിക്കാനുള്ളതാണ്. പ്രത്യേകിച്ച് ഗുളികകൾ, അരിഷ്ടം തുടങ്ങിയവ. മറ്റു രീതിയിൽ ഉപയോഗിക്കേണ്ടതാണെങ്കിൽ മരുന്ന് എഴുതുമ്പോൾ തന്നെ ഡോക്ടർ അത് പ്രത്യേകം നിർദ്ദേശിക്കും.
ഉപയോഗിക്കുന്നവർ അവ സൂക്ഷ്മതയോടെ പാലിക്കുകയും വേണം. ഗുളിക കഴിക്കാൻ ചൂടാക്കി തണുപ്പിച്ച വെള്ളമാണ് നല്ലത്. തണുത്തവെള്ളം, നാരങ്ങവെള്ളം, സോഡാ, കോള, ചായ, കാപ്പി ഇവ യോടൊപ്പം ഗുളിക കഴിക്കുന്നത് നല്ലതല്ല.
ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിന് അനുസരിച്ചാണ്
ജീവിതശൈലീ രോഗങ്ങൾക്ക് ശമനമുണ്ടാകുന്നത്. അതിനനുസരിച്ച് മരുന്ന് കുറയ്ക്കുവാനും മാറ്റുവാനും കൃത്യമായ ഇടവേളകളിൽ ഡോക്ടറിൽ നിന്ന് ഉപദേശം തേടേണ്ടതുണ്ട്.
തൊട്ടതിനെല്ലാം ആൻറിബയോട്ടിക്കും വേദനാസംഹാരികളും കഴിക്കുവാൻ പാടില്ല. നിവൃത്തിയില്ലെങ്കിൽ മാത്രം കഴിച്ചാൽ മതിയാകും. എങ്കിൽത്തന്നെ രോഗാതുരത വലിയൊരു അളവ് വരെ കുറയ്ക്കാൻ കഴിയും. പെട്ടെന്ന് രോഗം മാറണമെന്ന രോഗികളുടെ നിബന്ധനകൾ ഡോക്ടറെ പലപ്പോഴും സമ്മർദ്ദത്തിലാക്കും.
ദീർഘനാൾ നീണ്ടുനില്ക്കുന്ന രോഗങ്ങൾക്ക് ഏറ്റവും സുരക്ഷിതവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ മരുന്നുകൾ മാത്രമേ കഴിക്കാവൂ. ഒരു രോഗത്തെ ശമിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്ന് മറ്റൊരു രോഗത്തിന് ഇടയാക്കരുത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു മരുന്നും കഴിക്കുകയുമരുത്.
ഒരേ രോഗമുള്ളവരുടെ കൂട്ടായ്മകൾ ഉണ്ടാക്കുകയും ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്. ഓരോ കുടുംബങ്ങളും അവർക്ക് വിശ്വസ്തരായ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരായ ശേഷം മാത്രമേ മറ്റൊരു സ്പെഷ്യലിസ്റ്റിനെയോ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെയോ സമീപിക്കൂ എന്ന് തീരുമാനിക്കണം.
രണ്ടാമതൊരു ഡോക്ടറുടെ നിർദ്ദേശം കൂടി ആവശ്യമാണെന്ന് തോന്നിയാൽ അതിനും മടിക്കരുത്.
വീര്യം കൂടിയ മരുന്നുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് അസിഡിറ്റി വർദ്ധിക്കും. ഇന്നത്തെ ഭക്ഷണ രീതി കാരണം അസിഡിറ്റി ഇല്ലാത്തവർ ചുരുക്കമാണ്. ഏതെങ്കിലും മരുന്നുപയോഗിക്കുമ്പോൾ നെഞ്ചെരിച്ചിൽ, ഗ്യാസ്, പുളിച്ചുതികട്ടൽ തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ നിർദേശം തേടണം. ഒന്നുകിൽ മരുന്ന് ഉപേക്ഷിക്കേണ്ടിവരും. അല്ലെങ്കിൽ അസിഡിറ്റി കുറയാനുള്ള മരുന്ന് കൂടി ഉപയോഗിക്കേണ്ടിവരും. അരിഷ്ടമോ കുപ്പിക്കഷായമോ വേദനസംഹാരികളോ ഉപയോഗിക്കുമ്പോഴും ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ രോഗവും അതിന്റെ ഓരോഘട്ടത്തിലും പല രോഗങ്ങളായി പരിണമിക്കാനുള്ള സാദ്ധ്യതയുണ്ട്. വെറുമൊരു ജലദോഷം തന്നെ പനിയും ചുമയും പിന്നെ സൈനസൈറ്റിസും പിന്നെയും വർദ്ധിച്ചാൽ ഘടനാപരമായ മാറ്റം വരുത്തുന്ന രോഗങ്ങളായും മാറാം. എന്നാൽ തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കാൻ എല്ലാ ലബോറട്ടറി ടെസ്റ്റുകളും ഒരുമിച്ച് ചെയ്യേണ്ട ആവശ്യമില്ല. ആത്യാവശ്യമനുസരിച്ച് ഒന്നിനു പുറകെ മറ്റൊന്നായി പരിശോധനകൾക്ക് വിധേയമാകുന്നതാണ് നല്ലത്.
രോഗം ഏതാണെന്ന് ഉറപ്പിക്കാൻ ഡോക്ടറെ സഹായിക്കുന്നവയാണ് പരിശോധനകൾ. അവ രോഗികൾ നിർദ്ദേശിക്കുന്നതോ സ്വയം പരിശോധിക്കുന്നതോ നിരുത്സാഹപ്പെടുത്തേണ്ടതാണ്.
റേഡിയേഷൻ സാദ്ധ്യതയുള്ള പരിശോധനകൾ നിർദ്ദേശിക്കപ്പെടുന്ന ഗർഭിണികൾ അവർ ഗർഭിണിയാണെന്ന കാര്യം ഡോക്ടറുടെ ശ്രദ്ധയിൽ പ്പെടുത്തണം.
നിരോധിക്കപ്പെട്ട മരുന്നുകൾ പോലും മാർക്കറ്റിൽ ലഭ്യമാണെന്ന ബോധം രോഗികൾക്ക് ഉണ്ടായിരിക്കണം. അതിനാൽ ഒരു പനി വന്നാൽ പോലും അത് ഏതുതരം എന്നറിയാതെ സ്വയം മരുന്ന് വാങ്ങി ഉപയോഗിക്കരുത്.
അലർജിക്കും ചുമയ്ക്കുമുള്ള മരുന്നുകളിൽ പലതിലും മയക്കം ഉണ്ടാക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവ ഉപയോഗിക്കുന്നവർ പെയിൻറിംഗ്, കെട്ടിട നിർമ്മാണം, വാഹനമോടിക്കൽ തുടങ്ങിയവയിൽ നിന്ന് ഒഴിവാകണം.
ദിവസവും അൽപസമയം വെയിൽ കൊള്ളണം. വ്യായാമം ചെയ്യണം. എന്നാൽ, അമിതമായ വ്യായാമം ആവശ്യമില്ല. പ്രഭാത ,സായാഹ്ന സവാരിക്കിറങ്ങുന്നവർ അതിന് പകരമായി ശാരീരികവും മാനസികവും ആയ ഉല്ലാസം കൂടി ലഭിക്കുന്ന ജൈവകൃഷി പോലുള്ളവയിലേക്ക് മാറുന്നത് കൂടുതൽ നല്ലതായിരിക്കും.
അലർജിയുള്ളവർ അതിനു കാരണമായ വസ്തുക്കൾ മനസ്സിലാക്കി അവയെ ഒഴിവാക്കി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അലർജി രോഗങ്ങളിൽ കാരണത്തെ ഒഴിവാക്കുക എന്നതാണ് പ്രധാന ചികിത്സ. അലർജിക്ക് കാരണമായ വസ്തു എത്ര അളവിൽ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ച് ഒരു ചെറിയ തുമ്മൽ മുതൽ മരണം വരെ സംഭവിക്കാം. മുലപ്പാലിനോട് പോലും അലർജിയുള്ളവർ ഉണ്ടെന്ന് തിരിച്ചറിയുക.
സീൽ പൊട്ടിച്ച ബോട്ടിലുകളിലെ മരുന്നുകൾ എത്ര നാൾ വരെ ഉപയോഗിക്കാം എന്ന കാര്യം അന്വേഷിച്ചറിയണം. ലൂസായി വാങ്ങുന്ന ഔഷധങ്ങൾ കൃത്യമായി പേരും തീയതിയും എങ്ങനെ ഉപയോഗിക്കണമെന്നും ലേബൽ ചെയ്തുവയ്യ്ക്കണം. എക്സ്പെയറി ഡേറ്റ് നിർബന്ധമായും പരിശോധിക്കണം.
ഏത് രോഗം വന്നാലും അതിനു മരുന്ന് കഴിച്ചാൽ മതിയെന്നാണ് വിചാരമെങ്കിൽ അത് പൂർണ്ണമായി ശരിയല്ല. ചികിത്സയുടെ ഒരു ഭാഗം മാത്രമാണ് മരുന്ന്.
ഉറക്കം കുറഞ്ഞാൽ രക്തസമ്മർദ്ദം വർദ്ധിക്കാം. രക്തസമ്മർദ്ദം കൂടിയാൽ ഉറക്കം തൂങ്ങുകയും ചെയ്യാം. അതായത് മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രക്തസമ്മർദ്ദം കൂടിയോ കുറഞ്ഞോ എന്ന് പരിശോധിക്കണമെന്ന് സാരം.
രക്തസമ്മർദ്ദമുള്ളവരും പ്രമേഹമുള്ളവരും അത് ഉണ്ടെന്ന് അറിയുന്ന ദിവസംതന്നെ പുകവലി,മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കണം. പ്രമേഹരോഗികളിൽ കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞു പോകാനും വിരലോ കാലോ മുറിച്ചു കളയാനും പുകവലി കാരണമാകാറുണ്ട്.
കൊളസ്ട്രോൾ കൂടുതലുള്ളവർ ആജീവനാന്തം ഗുളിക വിഴുങ്ങുകയല്ല വേണ്ടത്. സമയത്തുള്ള ആഹാരം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, കൃത്യവും നിയന്ത്രണവുമുള്ള വ്യായാമം ഇവയിലൂടെ കൊളസ്ട്രോൾ കുറയ്ക്കുവാനായി പരിശ്രമിക്കണം.
വെരിക്കോസ് വെയിൻ ഉള്ളവർ ദീർഘനേരം നിൽക്കരുത്. ഇപ്പോൾ എത്ര നേരം നിൽക്കുന്നുണ്ടോ അത് കുറയ്ക്കുക. ശരീരഭാരവും കുറയ്ക്കുക. ഇടയ്ക്കിടക്ക് കാൽ നീട്ടി വച്ച് കിടക്കുക. രണ്ട് മൂന്ന് മണിക്കൂർ നിൽക്കുന്നയാൾ അഞ്ചു മിനിറ്റ് കിടന്നാൽ തന്നെ നല്ല ആശ്വാസം ലഭിക്കും.