മലയാളത്തിന്റെ പ്രിയങ്കരി അപർണാബാലമുരളി അഭിനന്ദനങ്ങളുടെ നടുവിലാണ്. സൂര്യ നായകനായ 'സൂരരൈ പോട്രു' സിനിമയിലെ മികച്ച പ്രകടനം സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കുന്ന സന്തോഷം അപർണ പങ്കിടുന്നു...
അഭിനന്ദനങ്ങളുടെ നടുവിലാണ് മലയാളത്തിന്റെ സ്വന്തം അപർണാബാലമുരളി. തമിഴ് സൂപ്പർ താരം സൂര്യ നായകനായ 'സൂരരൈ പോട്രു" കൈയടി വാങ്ങുമ്പോൾ ഏറെ അഭിനന്ദനങ്ങൾ അപർണയെ തേടിയെത്തുന്നു. എല്ലാവർക്കും പറയാനുള്ളത് അപർണയുടെ മികവുറ്റ പ്രകടനത്തെക്കുറിച്ചാണ്.
''സുധാ മാം (സുധ കൊങ്കര )പറഞ്ഞിട്ടായിരുന്നു ഞാൻ 'സൂരരൈ പോട്രു" വിന്റെ ഓഡിഷന് പങ്കെടുക്കുന്നത്. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നെ തിരഞ്ഞെടുത്തെന്ന് പറഞ്ഞപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ പേടിയായിരുന്നു. സൂര്യ സാറിനെ പോലെ ഇത്രയും വലിയ ഒരു നടന്റെ നായികയായി എന്ന കാര്യം ആദ്യം എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ നല്ല പേടിയായിരുന്നു. തിരക്കഥ വായിച്ചു കേൾക്കുന്ന സമയത്തെല്ലാം സൂര്യ സാർ അടുത്ത് വരുമ്പോൾ നെഞ്ചിടിപ്പായിരുന്നു. പക്ഷേ, ഒപ്പമുള്ളവരെ പോലും കൂൾ ആക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ചിത്രീകരണം തുടങ്ങിയപ്പോഴേക്കും എന്റെ പേടിയെല്ലാം മാറി""- അപർണ സംസാരിച്ചു തുടങ്ങി.
മലയാളം കൂടെ തന്നെയുണ്ട്
കഴിഞ്ഞ രണ്ടുവർഷമായി ഞാൻ ഈ സിനിമയുടെ പുറകിലാണ്. അതു കൂടാതെ ഞാനൊരു ആർക്കിടെക്ചർ വിദ്യാർത്ഥിയാണ്. പഠനത്തിന്റെയും തിരക്കുണ്ട്, അതുകൊണ്ടാണ് മലയാളത്തിൽ സിനിമ ചെയ്യാൻ കഴിയാഞ്ഞത്. എനിക്ക് മലയാളവും തമിഴുമെല്ലാം ഒരേപോലെയാണ്. നല്ല സിനിമകൾ ചെയ്യുക എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അതിപ്പോൾ മലയാളമായാലും തമിഴായാലും മറ്റേത് ഭാഷയായാലും. നല്ല സിനിമകളുടെ ഭാഗമാകണം. സുധാ മാമുമായി (സംവിധായിക സുധാ കൊങ്കാര) നല്ലൊരു ബന്ധമുണ്ട്. ഓഡിഷന് വേണ്ടി മാം വിളിക്കുകയായിരുന്നു. സൂര്യയുടെ നായിക എന്ന ആകാംക്ഷയിലാണ് ഓഡിഷന് പങ്കെടുക്കുന്നത്. പക്ഷേ ആത്മവിശ്വാസം വളരെ കുറവായിരുന്നു. എന്നെ തിരഞ്ഞെടുത്തെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ പേടിയായിരുന്നു. ചിത്രം നല്ല അഭിപ്രായങ്ങൾ നേടുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ.
അത്ഭുതം സമ്മാനിച്ച നടൻ
ഇത്രയും ലാളിത്യം ജീവിതത്തിൽ സൂക്ഷിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സൂര്യ സാർ ഇതിന്റെ നിർമാതാവ് കൂടിയാണ്. ഒപ്പം നിൽക്കുന്ന എല്ലാ സഹപ്രവർത്തകരെയും അദ്ദേഹം കംഫർട്ടാക്കാറുണ്ട്. സംവിധായകൻ പറയുന്ന സമയത്ത് മേക്കപ്പിട്ട് സാർ ലൊക്കേഷനിൽ എത്തും. അത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. വളരെ പ്രൊഫഷണലായി കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തിയാണ് അദ്ദേഹം. ചിത്രീകരണ സമയത്ത് എന്നെ സാർ ഒരുപാട് സഹായിച്ചിരുന്നു. ലൊക്കേഷനിലേക്ക് ഇടക്ക് ജോ മാഡവും (നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക) വന്നിരുന്നു. അവർ വളരെ സ്നേഹമുള്ള സ്ത്രീയാണ്, നല്ല പെരുമാറ്റവുമാണ്.
തടി കുറയ്ക്കാൻ സമയം തന്നു
സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം സുധാ മാം പറഞ്ഞത് തടി കുറയ്ക്കാനാണ്. അതിന് മാം ഒരുപാട് സമയം തന്നു. പൊതുവെ ഞാൻ ഭക്ഷണപ്രിയയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ഡയറ്റ് ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ പൂർത്തിയാക്കി. അപ്പോൾ തന്നെ പകുതി ആത്മവിശ്വാസം വന്നു. പിന്നീട് തിരക്കഥ വായിച്ചു പഠിക്കുക എന്നതായിരുന്നു. അതും കൂടെ കഴിഞ്ഞപ്പോൾ ഞാൻ ഓകെയായി. ചിത്രീകരണത്തിനായുള്ള ശക്തി വന്നു. ആ കഥാപാത്രത്തിന് വേണ്ടി എന്നെ സ്വയം മാറ്റി എടുക്കാൻ സുധാ മാം ഒരുപാട് സഹായിച്ചിരുന്നു. സാധാരണ തടി കുൂടിയെന്ന പേരിൽ ഒഴിവാക്കുകയാണ് പതിവ്, പക്ഷേ മാം എനിക്ക് എല്ലാത്തിനും സമയം തന്നിരുന്നു.
ജിംസിയും അനുവും പ്രിയപ്പെട്ടത്
എന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് മഹേഷിന്റെ പ്രതികാരവും ബി ടെക്കും സൺഡേ ഹോളിഡേയുമാണ്. ഞാൻ ചെയ്ത എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും അതിൽ ഹൃദയത്തോടു ചേർത്തു നിർത്തുന്നത് ഈ മൂന്ന് സിനിമകളാണ്. എന്റെ മിസ് (തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ഭാര്യ ഉണ്ണിമായ അപർണയുടെ അദ്ധ്യാപികയായിരുന്നു ) പറഞ്ഞിട്ടാണ് 'മഹേഷിന്റെ പ്രതികാര" ത്തിന്റെ ഓഡിഷന് പങ്കെടുക്കുന്നത്. ഇത്രയും വലിയൊരു ടീമിന്റെ കൂടെയാണ് സിനിമ ചെയ്യുന്നതെന്ന ബോധംപോലുമില്ലാതെയാണ് ഓഡിഷന് പോകുന്നത്. ജിംസി എനിക്ക് കിട്ടിയത് വലിയ ഭാഗ്യമായിത്തോന്നി. സിനിമയിൽ എനിക്ക് കിട്ടിയ നല്ലൊരു തുടക്കം തന്നെയായിരുന്നു ജിംസി. അനുവും പ്രിയയുമെല്ലാം ഞാൻ ആസ്വദിച്ച് ചെയ്ത കഥാപാത്രങ്ങളാണ്.
കുടുംബം പോലെ
സിനിമയിൽ എനിക്ക് അധികം സൗഹൃദങ്ങളില്ല. നിരഞ്ജന അനൂപ്, പുണ്യ എലിസബത്ത്, നമിത പ്രമോദ് ഇവരാണ് സിനിമയിലെ എന്റെ അടുത്ത സുഹൃത്തുക്കൾ. ഞങ്ങൾ നല്ല കൂട്ടാണ്. നിരഞ്ജനയുമായി കുടുംബം പോലെയാണ്. നിരഞ്ജനയുടെ അമ്മ നാരായണിമായും നല്ല കൂട്ടാണ്.