SignIn
Kerala Kaumudi Online
Tuesday, 19 January 2021 4.53 AM IST

ബ്രേക്ക് ദി ചെയിൻ

s

രാത്രി ഒത്തിരി വൈകിയിരിക്കുന്നു. അത്യാസന്നനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്ന രോഗിയെ പരിചരിക്കാൻ തന്റെ ഡോക്‌ടർ പോയതു കൊണ്ട് ഇന്നത്തെ തന്റെ പരിശോധന വൈകി. അയാൾ വാച്ചിൽ നോക്കി. പന്ത്രണ്ടരമണി. രാത്രിയുടെ അന്ത്യയാമങ്ങളിലേക്ക് സമയം ഇഴഞ്ഞുനീങ്ങുന്നു. സുപ്രഭാതത്തിനു വേണ്ടി ഇരുട്ടിൽ ശയിച്ച പകൽ പേറ്റുനോവ് അനുഭവിക്കാൻ തുടങ്ങി. ശബ്‌ദമുഖരിതമായ രാത്രികൾ കുറേ നാളായി 'സൈലന്റ് വാലി" പോലെ തികഞ്ഞ ഏകാന്തതയിൽ പൂണ്ടുകിടക്കുന്നു.

ആശുപത്രിയിലും പഴയതുപോലുള്ള ആരവങ്ങളൊന്നുമില്ല. വളരെ കുറച്ച് ആശുപത്രി ജീവനക്കാർ മാത്രം. വൈദ്യുതി ബൾബുകൾ മാത്രം കണ്ണു തുറന്നിരിക്കുന്നു. നിലാവ് പോലെ പ്രകാശം പരന്നൊഴുകുന്നു. ആശുപത്രിയിലെ ഏഴാം നിലയിലെ കണ്ണാടി ഗ്ലാസുകളുടെ വിടവിലൂടെ അയാൾ പുറം ലോകത്തേക്ക് നോക്കി. നഗരം സുഖസുഷുപ്‌തിയിലാണെന്നു പറയാൻ കഴിയില്ല. ചെറിയതോതിൽ മഴ പെയ്‌തുറങ്ങുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ദുരവസ്ഥയിൽ ലോകം പകയ്‌ക്കുന്നതുപോലെ.

സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ റോഡുകൾ നനഞ്ഞു തണുത്തു വിറച്ചിരിക്കുന്നതായി അയാൾക്ക് തോന്നി. ലോകത്തെ മുഴുവൻ മുൾമുനയിൽ നിറുത്തിയിരിക്കുന്ന കൊവി‌ഡ് 19 എന്ന രോഗത്തിന്റെ ഭയാനകത്തിൽ ലോകം മുഴുവൻ പേടിച്ചരണ്ടു ചെറുതായിരിക്കുന്നു. രാത്രി പതിനൊന്നരമണിക്ക് തന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന തന്റെ ഡ്രൈവർ ഇതുവരെ എത്തിയില്ലല്ലോ. അയാൾ ആകാംക്ഷയോടെ കാത്തിരുന്നു. ചില നേരത്ത് ഇരുന്നു മുഷിയുമ്പോൾ ബഡിൽ കയറികിടക്കും. കുറച്ചുനേരം കിടന്നുകഴിയുമ്പോൾ വീണ്ടും എണീറ്റിരിക്കും. ദിവസേന രോഗികളുടെ എണ്ണം പെരുകുന്നു. രോഗവ്യാപനം മൂലം സർക്കാരിനും ഹെൽത്ത് സർവ്വീസിനും തലവേദനയായിരിക്കുന്നു. രോഗം പടർന്നു പിടിക്കാതിരിക്കാൻ രോഗവ്യാപനം തടയാൻ സർക്കാർ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്.

പഴയതുപോലെ ഇഷ്ടംപോലെ യാത്രചെയ്യാൻ കഴിയുന്നില്ല. വഴികളിലുടനീളം കർക്കശമായ പരിശോധന. അതാവാം തന്റെ ഡ്രൈവർ വരാൻ വൈകുന്നത്. സമാധാനിച്ചു.

നാടിന്റെയും നാട്ടാരുടെയും സ്വൈരജീവിതത്തിനു വേണ്ടി പൊലീസ് സ്വീകരിക്കുന്ന നടപടികൾ ശ്ലാഘനീയമാണ്. എന്നാൽ ചിലപ്പോൾ അവരുടെ ചില നടപടികളെ ജനം നിശിതമായി വിമർശിക്കുന്നുമുണ്ട്. മുള്ളുകൾ നിറഞ്ഞ റോസാചെടികളിൽ നിന്നാണ് നറുമണം ചൊരിയുന്ന റോസാ പൂക്കൾ വിടരുതന്ന് എന്ന സത്യം ചിലപ്പോൾ ജനം മറക്കുന്നു. പൊലീസുകാർ ലാത്തി പ്രയോഗമല്ല സ്വീകരിക്കുന്നതു അവരുടെ മനസിൽ ഒളിഞ്ഞുകിടന്നിരുന്ന എന്തെല്ലാം കലാരൂപങ്ങളാണ് അവതരിപ്പിച്ച് ജനങ്ങളെ ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്നത്.

ആശുപത്രിമുറിയിലെ തികഞ്ഞ ഏകാന്തതയിൽ അയാൾ പലതും ചിന്തിച്ചുകൂട്ടുകായായിരുന്നു. പെയ്തൊഴിയാതെ നിന്ന വെള്ളപ്പൊക്കത്തിൽ ഉള്ളവനും ഇല്ലാത്തവനും കഴുത്തോളം വെള്ളത്തിൽ കെട്ടിപിടിച്ചുകിടന്നുകൊണ്ട് അലമുറയിട്ട് ഒരു തുള്ളി ദാഹജനത്തിനായി വിലപിച്ചു.

''വെള്ളം തരൂ...വെള്ളം തരൂ...""

വിരോധാഭാസമായി തോന്നി ഈ കാഴ്‌ചകൾ. ഇന്നോ ലോകത്താകെയുള്ള ജനങ്ങൾ വിറയാർന്ന നടുങ്ങിയ സ്വരത്തിൽ വിലപിക്കുന്നു.

''രക്ഷിക്കണേ...രക്ഷിക്കണേ എന്ന്"

രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പറയുന്നതു ഈ അവസരത്തിൽ ഓരോരുത്തരും പാലിക്കുന്നു എന്നത് നല്ല കാര്യമായി അയാൾക്ക് തോന്നി. അപകടങ്ങൾ ഒഴിവാക്കാൻ ഹെൽമറ്റ് ധരിക്കണമെന്നു അനുശാസിച്ചപ്പോൾ, മുഖം തിരിഞ്ഞു നിന്നവർ സമരം ചെയ്തവർ ഒടുവിൽ മുട്ടുമടക്കി. ട്യൂവീലർ ഓടിക്കുന്നവർ മുഴുവൻ ഇന്ന് ഹെൽമറ്റ് ധരിക്കുന്നതുപോലെ എല്ലാവരും 'മാസ്‌ക്" ധരിക്കുന്നതും എത്ര നല്ല കാര്യം.

സാധാരണ രോഗികളെ വീട്ടിലും ആശുപത്രികളിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവരുമായി ഇടപഴകാൻ സന്ദർശിക്കാൻ കഴിയുണ്ടെങ്കിൽ കൊവിഡ് 19 രോഗം പിടിപെട്ടവരുടെ ഏഴലകത്ത് അടുപ്പിക്കുകയില്ല. ഈ രോഗം ഭയങ്കരം;ക്രൂരം.

ഒരാളിനു രോഗം പിടിപെട്ടാൽ രോഗവ്യാപനം മൂലം എത്ര പെട്ടെന്നാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. രോഗവ്യാപനം റോക്കറ്റ് പോലെ കുതിച്ചുയർന്നു. ജനം ഭയന്നുവിറയ്‌ക്കുന്നു. പക്ഷേ ഒരുകാര്യം ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ഭയമല്ല വേണ്ടത് കരുതലാണ് ആവശ്യം. രോഗം വരാതിരിക്കാനുള്ള കരുതൽ. എവിടെ എങ്കിലും പോയിട്ടുവരുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. മാസ്‌ക് ധരിക്കാൻ ഒരിക്കലും മറക്കരുത്. സാമൂഹ്യഅകലം പാലിക്കേണ്ടത് തീർച്ചയായും വേണം. ആവശ്യമില്ലാതെ യാത്ര ചെയ്യരുത്. ഇതിലൊക്കെ ഒരുപരിധിവരെയെങ്കിലും താൻ വിജയിച്ചിട്ടുണ്ടെന്നു അയാൾ ആശ്വസിച്ചു. ലോകം മുഴുവൻ അടച്ചുപൂട്ടുന്നു. ലോക്ക് ഡൗൺ. ലോകം നിശ്ചലമായി ദിനരാത്രങ്ങൾ, ജനങ്ങളുടെ കഷ്ടപ്പാടുകൾ, ദുരിതം. സാമ്പത്തികം കൂപ്പ് കുത്തുന്നു. എല്ലാം സഹിച്ചും ജനം അപകടകാരിയായ കൊവിഡ് 19ൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതു പ്രാണഭയം കൊണ്ടാണ്. യേശുദേവന്റെ വചനമാണ് അയാൾ ഓർമ്മിച്ചത്.

''നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക..."

സർക്കാരിനോട് സഹകരിക്കുമ്പോഴാണ് സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുമ്പോഴാണ് ഉത്തമ പൗരന്മാരാകുന്നത്. അല്പം ഇളവുകൾ കൊടുക്കുമ്പോൾ ചിലർ സൂചികയറ്റാനുള്ളിടത്തു തൂമ്പ കയറ്റുന്നു. എന്നു പറുയന്നതുപോലെ പെരുമാറുന്നത് എന്തെല്ലാം പ്രത്യാഘാതങ്ങൾക്ക് വഴി ഒരുങ്ങുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. കഷ്ടം.

'ബ്രേക്ക് ദി ചെയിൻ" എല്ലാവരും അനുസരിക്കണം. ഇത് ലംഘിക്കുന്നവരെക്കുറിച്ചോർത്തപ്പോൾ മനസിൽ ഓടിയെത്തിയത് ഒരു പഴഞ്ചൊല്ലായിരുന്നു. 'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും"

പൊതുശത്രുവിനെ തോല്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നറിയാതെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നീറുന്ന പ്രശ്നങ്ങളിൽ രാഷ്ട്രീയം കലർത്തി ബോംബുകൾ പൊട്ടിക്കുന്നത്. '' പുരകത്തുമ്പോൾ വാഴവെട്ടുന്നു" എന്നു പറയുന്നതുപോലെയാണ്. രാഷ്ട്രീയക്കാർ ജനങ്ങളുടെ നന്മകൾ ലക്ഷ്യമാക്കി പ്രവർത്തിക്കണം.

മുറിക്കുള്ളിൽ അലസമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുു. ഉറങ്ങാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. അയാൾ തന്റെ കാർ വരുന്നതും കാത്ത് അക്ഷമനായി ജനലഴികളുടെ വിടവിലൂടെ പുറത്തേക്ക് നോക്കി. ഏകാന്തതയുടെ തടവറയിൽ കുറേയധികം ചിന്തകൾ കൂട്ടുകാരായി എത്തിയത് നന്നായിയെന്ന് അയാൾക്ക് തോന്നി.

തെളിഞ്ഞ ആകാശവും നന്മകൾ നിറഞ്ഞ ഭൂമിയും ഒരിക്കൽകൂടി അയാൾ സ്വപ്നം കണ്ടു. ചുറ്റുപാടുകളുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു പ്രത്യേകശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഒരു ആംബുലൻസ് ചീറിപ്പാഞ്ഞ് ആശുപത്രിലക്ഷ്യമാക്കി വരുന്നതുഅയാൾ കണ്ടു. ആരാണാവോ ഈ രോഗി? എന്തായിരിക്കും അസുഖം?മനസിൽ അറിയാനുള്ള ജിജ്ഞാസ പതഞ്ഞുപൊങ്ങി. തന്റെ കാർ ആളൊഴിഞ്ഞ ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഒതുക്കിയിട്ടിട്ട് ഡ്രൈവർ വന്നു കതകിൽ മുട്ടി. ഇരിപ്പിടങ്ങളിലും ലിപ്റ്റുകളിലും അകലം ചാലിക്കാനുള്ള അടയാളങ്ങൾ കണ്ടു. അയാൾ മെല്ലെ കതക് തുറന്നു. മാസ്ക് ധരിച്ചുവന്ന ഡ്രൈവർ യാത്രയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. എന്നിട്ട് എല്ലാം നിറച്ചുവച്ചിരുന്ന ബാഗും എടുത്ത് രോഗിയുമായി ലിഫ്ടിൽ ഗ്രൗണ്ട് ഫ്ലോറിലിറങ്ങി, കാറിന് സമീപത്തേക്ക് നടന്നു. കാറിന്റെ ഡോർ മെല്ലെ തുറന്നു കാറിനകത്തു കടന്നപ്പോഴും ഡ്രൈവർ കാർ സ്റ്റാർട്ടാക്കി. യാത്ര തുടർന്നപ്പോഴും മനസിലെ ഏകാന്തതയുടെ തടവറയിൽ അയാൾ ചിന്തകളുടെ ലോകത്തായിരുന്നു.

താൻ ഒറ്റയ്ക്കു കാർ ഓടിച്ചു പോകുമ്പോഴൊക്കെ എല്ലായ്പ്പോഴും വഴിയിൽ ബസ് കാത്ത് നിൽക്കുന്നവരെ വിളിച്ച് തന്റെ കാറിൽ കയറ്റികൊണ്ട് പോയിട്ടുണ്ട്. വ്രതംപോലെ അതുതുടർന്നു കൊണ്ടേയിരുന്നു. താൻ വാഹനം എടുക്കാതെ വെളിയിൽ എവിടെ എങ്കിലും പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ തന്നേയും പലരും വിളിച്ച് അവരുടെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയിട്ടുണ്ട്. ന്യൂട്ടന്റെ തേർഡ് ലാ ഓർമ്മിച്ചു.

''ഫോർ എവരി ആക്ഷൻ ദെയർ ഈസ് എ ഈക്വൽ ആന്റ് ഓപോസിറ്റ് റിയാക്ഷൻ."

ജീവിതത്തിൽ ഈ സത്യം പലസന്ദർഭങ്ങളിലും അനുഭവത്തിൽ വന്നിട്ടുള്ളകാര്യം അയാൾ ഓർമ്മിച്ചു. ഇനിയും എത്രയോകാതം യാത്രചെയ്താലേ വീടെത്തു. കാറിന്റെ സീറ്റിൽ ചാരി ഇരുന്നു. ഉറങ്ങിയത് അറിഞ്ഞില്ല.കാറിന്റെ സഡൻ ബ്രേക്കിൽ കാർ കുലുങ്ങി. ഞെട്ടി ഉണർന്നു അയാൾ ചുറ്റുംനോക്കി. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീയാണ് കാറിന്റെ മുന്നിൽ നിൽക്കുന്നതു എന്നു മനസിലായി.

''സിറ്റി വരെ...""

ഒരുപരുങ്ങലോടെ അവൾ പറഞ്ഞുകഴി‌ഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ‌ഡോർ തുറന്നുകൊടുത്തു. ബാക്ക് സീറ്രിൽ തന്റെ അടുത്തു ഇരുത്തി. ഡോർ അടച്ചിട്ട് ഡ്രൈവർ അതിവേഗതയിൽ വണ്ടിവിട്ടുപോയി.

കാറിൽ കയറിയ സ്ത്രീ ആകെ തളർന്നു വിവശയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകൾ. ചിതറിയ തലമുടി, അലസമായ വസ്ത്രധാരണം. തീരെ നിനച്ചിരിക്കാതെയാണ് ഒരു മിന്നൽപ്പിണർപോലെ അസ്വസ്ഥതയുടെ തരിപ്പ് അയാളുടെ ദേഹമാകെ പടർന്നതു. സ്ഥലകാല ബോധം വീണുകിട്ടിയപ്പോൾ കാറുടമ കൊവിഡ് 19 എന്ന മഹാമാരിയെകുറിച്ചും അകലം പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും ബോധവാനായി.

''ഞങ്ങൾ സിറ്റി വഴിയല്ല പോകുന്നത്. ഇടവഴികളിലൂടെയാണ് വീട്ടിൽ എത്തുന്നത്.""

സ്ത്രീയെ ഇറക്കിവിടാനുള്ള പഴുതു അതായിരുന്നു. വീണ്ടും കാർ ചീറിപ്പാഞ്ഞു. മനസിൽ ഭയം പുരണ്ട വേവലാതിയിൽ കാറിന്റെ ഉടമസ്ഥൻ കാർ ഡ്രൈവറോട് അല്പം നീരസത്തിൽ ചോദിച്ചു. ഈ പാതിരാത്രി പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ ലോകം മുഴുവൻ ഭീതിയിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ എന്തിന് കാർ നിറുത്തി, ആസ്ത്രീയെ കാറിൽ കയറ്റി.

സാറിന്റെ മനസ് വളരെകാലമായി പഠിച്ചിരിക്കുന്ന താൻ, പാതിരാത്രിക്ക് ഒറ്റയ്‌ക്ക് ഒരു സ്ത്രീ കൈ കാണിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ കാർ നിർത്തിയതും. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സ്ത്രീ കാറിനകത്ത് കയറിയതും തെറ്റായി പോയെങ്കിൽ തന്നോട് ക്ഷമിക്കണം. ഡ്രൈവർ കുറ്റബോധത്തോടെ വിനയാന്വിതനായി പറഞ്ഞു. കാർ മുന്നോട്ട് അതിവേഗതയിൽ കുതിച്ചപ്പോഴും കാറുടമയും രോഗിയുമായ അയാളുടെ ഹൃദയത്തിൽ ഒരു കുറ്റബോധം തറച്ചുകൊണ്ടിരുന്നു.

ഒരു സഹായത്തിനുവേണ്ടിയാവാം തന്റെ കാറിൽ പാതിരാത്രി നുഴഞ്ഞുകയറിയത് സ്ത്രീയെ പെരുവഴിയിൽ ഇറക്കിവിട്ടതു ശരിയായില്ലെന്ന ചിന്തയിൽ അയാൾ അസ്വസ്ഥനായി. വിജനമായ റോഡ് നീണ്ടുനിവർന്നു കിട

ക്കുന്നു. സ്ട്രീറ്റ് ലൈറ്റ് മാത്രം കണ്ണുതുറന്നുവച്ച് ഉറങ്ങാതെ റോഡിന് കാവൽ നിൽക്കുന്നു. മഞ്ഞയും വെളുപ്പും നിറത്തിലുള്ള പ്രകാശം പരത്തുന്നതായി അയാൾക്ക് തോന്നി.

റോഡ് വക്കത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരങ്ങൾ പരതുന്നചില പട്ടികളെയും എല്ലുകഷണങ്ങൾക്കായി കടിപിടികൂട്ടുന്ന പട്ടികളെയും വഴിയിൽ കണ്ടു. റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിൽ പ്രകാശം കാണാം. തലങ്ങും വിലങ്ങും ചീറിപ്പായുന്ന പൊലീസ് വാഹനങ്ങൾ മാത്രം. കാറിൽ നിന്ന് ഇറക്കിവിട്ട സ്ത്രീ ആരാണ്? പാതിരാത്രി എന്തിന് കാർ കൈകാണിച്ചുനിറുത്തി. ധൃതിയിൽ കാറിനുള്ളിൽ കടന്നു. അറിയാനുള്ള ആകാംക്ഷ അയാളിൽ നിറഞ്ഞു.

കാറിന്റെ ഉടമ ‌ഡ്രൈവറോടായി പറഞ്ഞു. കാർ തിരിച്ചുവിട്ടു. ആ സ്ത്രീയെ ഇറക്കിവിട്ട സ്ഥലം വരെ പോകൂ... അവരെ കാണണം. ഫ്ലാസ്കിലിരുന്ന വെള്ളം എടുത്തുകുടിച്ചു. കാർ അല്പം കൂടി സ്പീഡ് കൂട്ടിക്കൊള്ളൂ." ഡ്രൈവറോട് പറഞ്ഞിട്ട് വീണ്ടും അയാൾ വെള്ളം കുടിച്ചു.

സ്ത്രീയെ ഇറക്കിവിട്ട സ്ഥലത്ത് നിൽക്കുന്ന പ്രകാശം പരത്തുന്നതെരുവ് വിളക്കിന്റെ വെട്ടത്തിൽ കണ്ടു. അവർ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു. നിസഹായാവാസ്ഥയിൽ. കാർ നിറുത്തി സ്ത്രീയോടായികാര്യം തിരക്കി.

''എന്തിന് കരയുന്നു. എന്താണ് കാര്യം പറയൂ. കരച്ചിൽ നിർത്തൂ. എല്ലാത്തിനും വഴി കണ്ടെത്താം."

തന്നെ സഹായിക്കാൻ ദൈവം പറഞ്ഞയച്ച ഒരു ദേവദൂതനായി അവൾക്ക് തോന്നി. ഗദ്ഗതകണ്ഠയായ അവൾ കണ്ണീർതുടച്ചു. വാക്കുകൾ മുറിഞ്ഞു.

''എന്റെ ഭ‌‌ർത്താവ് ഗൾഫിലാണ്. കൊവിഡ് 19 എന്ന മഹാമാരി മൂലം രോഗത്തിന്റെ വ്യാപനം ഉണ്ടാവാതിരിക്കാൻ ഗൾഫിൽ നിന്നുള്ള വിമാനസർവീസുകൾ നിറുത്തിയിരിക്കുന്നു. അദ്ദേഹത്തിനു ഇതുമൂലം നാട്ടിൽവരാൻ കഴിയുന്നില്ല. വീട്ടിൽ ഞാനും ഉമ്മയും. ഛർദ്ദിയും വിറയലും കൊണ്ട് പിടയുന്ന എന്റെ മകനും. മകനെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ച് സുഖപ്പെടുത്താൻ സിറ്റിയിൽ താമസിക്കുന്ന തന്റെ സഹോദരനെ വിളിക്കാനാണ് ഞാൻ ഈ പാതിരാത്രിയിൽ വീട് വിട്ടിറങ്ങിയത്.""

രോഗിയായ കാറുടമ മറ്റൊന്നും ചിന്തിച്ചില്ല. കാറിൽ കയറൂ. നിങ്ങളുടെ മകനെ ആശുപത്രിയിലെത്തിച്ച് ചികിത്സിക്കാം. കരയാതിരിക്കൂ. എല്ലാം ശരിയാവും. അവൾ പലതും ചിന്തിച്ചു. ഒരുദീർഘനിശ്വാസത്തോടെ കാറിൽ കയറി. വീട്ടിലെത്തി മകനെ കോരി എടുത്തു തോളിൽ കിടത്തി. വലിയ ആശുപത്രിയുടെ മുന്നിൽ കാർ നിന്നു. വീൽ ചെയർ കൊണ്ടുവന്നു സെക്യൂരിറ്റിക്കാരൻ കുഞ്ഞിനെ എമർജൻസി വാർഡിൽ കൊണ്ടുപോയി.

അവളുടെ ഹൃദയത്തിൽ ആശ്വാസത്തിന്റെ മഞ്ഞുമഴ പെയ്തിറങ്ങുകയായിരുന്നു. പ്രാർത്ഥനയിൽ മുഴുകി. ഡോക്ടർമാർ മാറിമാറി പരിശോധിച്ചു. പ്രശ്നങ്ങളൊന്നും കാണുന്നില്ല. എല്ലാം നോർമൽ. കുഞ്ഞിന്റെ അമ്മയോട് കാര്യങ്ങൾ തിരക്കി. കഴിഞ്ഞദിവസം എന്ത് ആഹാരമാണ് കഴിച്ചത്? വിശേഷിച്ച് മറ്റെന്തെങ്കിലും സംഭവം പതിവിനു വിപരീതമായി വീട്ടിൽ ഉണ്ടായോ...ഡോക്ടർമാർ ചികഞ്ഞ് പലതും ചോദിച്ചു.

കുഞ്ഞിന്റെ അമ്മ പറഞ്ഞു.

'' ഇന്നലെ വീടുമുറ്റത്തുകളിച്ചുകൊണ്ടിരുന്ന മകൻ ഒരു ചേര ഒരു തവളയെ പിടിച്ച് വിഴുങ്ങുന്നതു കണ്ട് പേടിച്ചരണ്ട് കരഞ്ഞു നിലവിളിച്ചു."

കുട്ടിക്ക് ഭയം മൂലമാണ് വിറയലും ഛർദ്ദിയുമൊക്കെ ഉണ്ടായിരിക്കുന്നത്. പേടിക്കാനൊന്നുമില്ല. വീട്ടിൽകൊണ്ടുപോയി കൂടെ കിടത്തിഉറക്കും. ഉറങ്ങി എണീക്കുമ്പോൾ എല്ലാം ശരിയാവാം. തന്നിരിക്കുന്ന മരുന്നുമൂന്നുനേരം കൊടുക്കാൻ മറക്കരുത്. ''ഹി ഈസ് ആൾ റൈറ്റ്, നതിംഗ് ടു വെറി"

ഡോക്ടർ പറഞ്ഞുനിറുത്തി.

ഉത്കണ്ഠയോടെ വിറങ്ങലിച്ചുനിന്ന രാത്രി വിടരാൻ തുടങ്ങി. കുഞ്ഞിനേയും പേടിച്ചരണ്ട പെറ്റമ്മയേയും അവരുടെ വീട്ടിൽ എത്തിച്ചുമടങ്ങാൻ നേരം നന്ദിയോടെ സ്നേഹത്തിന്റെ ചെറുപുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിടർന്നു. വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുകയും അവർക്ക് വേണ്ടുന്ന സഹായം തക്കസമയത്ത് ചെയ്തുകൊടുക്കുന്നതുമാണ് മനുഷ്യധർമ്മം. കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത എത്രക്രൂരമാണ്. എങ്കിലും ഭയമല്ല കരുതലാണ് വേണ്ടത്. എല്ലാം ശരിയാവും. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഒരു ബിഗ് സല്യൂട്ട് അയാൾ അവരെ നന്ദിയോടെ സ്മരിച്ചു. ചിന്തകളുടെ ലോകത്തു മയങ്ങിപ്പോയ അയാളെ വീടെത്തിയപ്പോൾ ഡ്രൈവർ വിളിച്ചുണർത്തി. കാറിൽ നിന്നിറങ്ങി,വീടിനുമുന്നിൽ വച്ചിരുന്ന സാനിറ്റൈസർ എടുത്ത് കൈയിൽ പുരട്ടി.

അയാൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , STORY
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.