ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവർട്ട് എഴുതിയ നോവലായ'ഷഗ്ഗി ബെയ്ൻ' കരസ്ഥമാക്കി. ഫാഷൻ ഡിസൈനർ കൂടിയായ ഡഗ്ലസിന്റെ ആദ്യ നോവലാണിത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലെ റൗണ്ട്ഹൗസിൽ നടന്ന ചടങ്ങിൽ ഓൺലൈനിലൂടെ ബ്രിട്ടീഷ് സാഹിത്യകാരിയായ മാർഗരറ്റ് ബസ്ബിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മാർഗരറ്റിനെ കൂടാതെ, സാഹിത്യകാരനായ ലീ ചൈൽഡ്, സാഹിത്യകാരനും വിമർശകനുമായ സമീർ റഹിം, എഴുത്തുകാരനും ടിവി അവതാരകനുമായ ലെം സിസ്സേ, പരിഭാഷകയായ എമിലി വിൽസൺ എന്നിവരും അടങ്ങുന്നതാണ് ജൂറി.
ബി.ബി.സി റേഡിയോ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ ബുക്കർ പുരസ്കാര ജേതാക്കൾ, മുൻ യു,എസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയവർ പങ്കെടുത്തിരുന്നു. 50,000 പൗണ്ടും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ഇതിനു പുറമെ പുരസ്കാരത്തിന് അർഹമായ നോവലിന്റെ ഒരു ഡിസൈനർ പതിപ്പും അന്തിമ പട്ടികയിൽ ഇടംപിടിച്ചതിനു 2500 പൗണ്ടും ഡഗ്ലസിന് ലഭക്കും. ജയിംസ് കെൾമാന് ശേഷം ബുക്കർ നേടുന്ന രണ്ടാമത്തെ സ്കോട്ട്ലൻഡുകാരനാണ് ഡഗ്ലസ്.
ഷഗ്ഗി ബെയ്ൻ
തന്റെ ബാല്യകാലത്തെ പ്രതിസന്ധികളെക്കുറിച്ചാണ് ഡഗ്ലസ് നോവലിൽ വിവരിക്കുന്നത്. 16 വയസുള്ളപ്പോൾ മദ്യത്തിന് അടിമയായി മരിച്ച അമ്മയ്ക്കാണ് അദ്ദേഹം നോവൽ സമർപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ റോയൽ കോളേജ് ഒഫ് ആർട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ഫാഷൻ ഡിസൈനറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഒട്ടേറെ പ്രമുഖ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിച്ച ഡഗ്ലസ് ഒഴിവുസമയങ്ങളിലായിരുന്നു എഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ രചനകൾ ലിറ്റ്ഹബിലും ന്യൂയോർക്കറിലും പ്രസിദ്ധീകരിച്ചിരുന്നു. ഇക്കൊല്ലം തന്നെ രണ്ട് ചെറുകഥകളും പുറത്തിറങ്ങിയിരുന്നു. നിലവിൽ രണ്ടാമത്തെ നോവലായ ലോക്ക് ഏവിന്റെ പണിപ്പുരയിലാണദ്ദേഹം.
വാർത്ത അതീവ സന്തോഷം നൽകുന്നു. പുരസ്കാരം അമ്മയ്ക്ക്
സമർപ്പിക്കുന്നു - ഡഗ്ലസ്