പാലക്കാട്: ജില്ലയിലെ നഗരസഭകളിൽ കോൺഗ്രസിന് നേതൃത്വം നൽകുന്ന പിന്നാക്ക വിഭാഗക്കാരായ നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വെട്ടിനിരത്തിയതായി ആക്ഷേപം.
നാലു തവണ മത്സരിച്ചെന്ന കാരണം പറഞ്ഞാണ് ഇവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നിഷേധിച്ചത്. എന്നാൽ, മുന്നാക്കക്കാരുടെ കാര്യത്തിൽ ഈ മാനദണ്ഡം ബാധകമാക്കിയിട്ടുമില്ല .ജില്ലയിലെ ഏഴ് നഗരസഭകളിൽ ആറിലും ഈ വിവേചനം നടപ്പാക്കി.സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ഏഴംഗ സ്ക്രീനിംഗ് കമ്മിറ്റി കൺവീനറായ ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ഏകപക്ഷീയമായാണ് വെട്ടിനിരത്തലിന് ചുക്കാൻ പിടിച്ചതെന്നും ആരോപണമുണ്ട്.
ഈഴവ സമുദായാംഗങ്ങളായ ചിറ്റൂർ നഗരസഭാ ചെയർമാൻ കെ.മധു,പാലക്കാട് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.ഭവദാസ്, എഴുത്തച്ചൻ സമുദായാംഗമായ ചെർപ്പുളശേരി നഗരസഭാ വൈസ് ചെയർമാൻ വിനോദ്, മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിലെ പട്ടാമ്പി നഗരസഭാ കൗൺസിലറും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രുഖിയ എന്നിവരെയാണ് ഇക്കാരണം പറഞ്ഞ് തഴഞ്ഞത്. ഈ നഗരസഭകളിലെല്ലാം ഭരണം പിടിക്കുന്നതിന് വലിയ പ്രവർത്തനം
നടത്തി വരുന്നവരാണ് ഇവർ. സീറ്റ് നൽകിയാൽ വിജയിക്കുമെന്നും, ഭരണത്തിൽ നിർണായക സ്ഥാനങ്ങളിലെത്തുമെന്നും ഉറപ്പുള്ളവരെയാണ് തെരഞ്ഞുപിടിച്ച് ഒഴിവാക്കിയത്. എന്നാൽ മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ട പലർക്കും നാലു തവണ മത്സരിച്ചത് അയോഗ്യതയായില്ല. ഷൊർണൂർ,ഒറ്റപ്പാലം നഗരസഭകളിൽ ചിലർക്ക് അഞ്ചാം തവണയും സീറ്റു നൽകി. ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലും ഈ വിവേചനം പ്രകടമാണെന്ന് പിന്നാക്കക്കാരായ നേതാക്കൾ പറയുന്നു.