കൊച്ചി: ബി.ജെ.പി സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ സമവായത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോഴും പാർട്ടിയിൽ വിമത ശബ്ദമുയർത്തുന്നവരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന കർശന നിലപാടുമായി പാർട്ടി കേന്ദ്ര നേതൃത്വം.സംസ്ഥാന ഭാരവാഹി യോഗത്തിൽ ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധമുയർത്തിയ സംസ്ഥാന ഭാരവാഹികൾക്ക് കേന്ദ്രനിരീക്ഷകർ നൽകിയ മറുപടിയിൽ ഈ മുന്നറിയിപ്പ് പ്രകടമായിരുന്നു.
കൊച്ചിയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ശോഭാ സുരേന്ദ്രനോട് പാർട്ടി കേരള ഘടകത്തിന്റെ പുതിയ ചുമതലക്കാരൻ സി.പി. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചിരുന്നതായി പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു. എന്നിട്ടും പങ്കെടുക്കാതിരുന്ന ശോഭയുടെ നടപടി കേന്ദ്രനിരീക്ഷകരെയും ചൊടിപ്പിച്ചു.യോഗത്തിലെ ചർച്ച പാർട്ടിയിലെ വിമതർക്ക് പ്രഹരമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴാണ് ശോഭാ സുരേന്ദ്രൻ പാർട്ടിയെ വെല്ലുവിളിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഭാരവാഹി പറഞ്ഞു. പാർട്ടിക്കു വേണ്ടി കഠിനാദ്ധ്വാനം നടത്തുന്ന സാധാരണ പ്രവർത്തകർക്ക് ഭരണപങ്കാളിത്തം ലഭിക്കുന്ന തിരഞ്ഞെടുപ്പിൽ അവരുടെ സാദ്ധ്യതകൾ ഇല്ലാതാക്കാനാണ് കലാപക്കൊടിയുയർത്തുന്നതെന്ന് തൃശൂർ ജില്ലയിലെ ഭാരവാഹി പറഞ്ഞു.
പാർട്ടിയുടെ കേരളത്തിലെ പ്രഭാരിമാർ പങ്കെടുത്ത ആദ്യ യോഗവും ബഹിഷ്കരിച്ചതോടെ, വിമതരുടെ മുന്നിലെ വാതിലടയുകയാണ്. സംസ്ഥാന നേതൃത്വവുമായി ഒത്തുപോകാൻ തയ്യാറായാലേ , ശോഭയുടെ പരാതി കേന്ദ്രനേതൃത്വം പരിഗണിക്കാനിടയുള്ളു. പാർട്ടി ഭാരവാഹികൾക്ക് ചുമതല നൽകിയ മേഖലകളിൽ തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാൽ പാർട്ടിയിലെ സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് സംഘടനാ ചുമതല പോലും സ്വീകരിക്കാതെ ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് ഇനി അറിയാനുള്ളത്.