SignIn
Kerala Kaumudi Online
Saturday, 28 November 2020 1.30 PM IST

കർമ്മശ്രേഷ്ഠമായ ജീവിതം

ramesan-contractor-

വ്യവസായ പ്രമുഖനും മുൻ എസ്.എൻ ട്രസ്റ്റ്ആർ.ഡി.സി ചെയർമാനും ബൃഹത്തായൊരു സുഹൃദ് വലയത്തിനുടമയുമായ ജി. രമേശൻ കോൺട്രാക്ടർ ഓർമ്മയായിട്ട് നവം. 22ന് ആറുവർഷം.

അശ്രാന്തപരിശ്രമത്തിലൂടെ ജീവിതം ധന്യമാക്കിയ അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു കോൺട്രാക്ടർ. കേവലം നിർദ്ധനാവസ്ഥയിൽ നിന്നുയർന്ന് കരാർ മേഖലയിലും ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരളീയ സമൂഹത്തിൽ സുപരിചിതനാണ്.

കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, പരിപക്വമായ ക്ഷമ, യോജ്യസമയത്ത് ഉചിതമായ രീതിയിൽ പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം ഇതെല്ലാമായിരുന്നു സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ. കരാർ മേഖലയിലും ബിസിനസ് രംഗത്തും കൈക്കൊള്ളുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയായി കൊള്ളണമെന്നില്ല. ഒരുവേള തെറ്റിയാൽ വീഴ്ചയുടെ ആഴവും വലുതായിരിക്കും. എന്നാൽ ഏത് വിഷമഘട്ടത്തെയും നേരിടാൻ സഹായിക്കുന്ന ഒരു കവചമായി ബൃഹത്തായൊരു സുഹൃത്ത് വലയം വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കരാർ വ്യവസായ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സാമുദായിക -സാമൂഹ്യ- സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി.

വ്യവസായം അദ്ദേഹത്തിന്റെ ജീവവായുവും ജീവനോപാധിയുമായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന പണം കൊണ്ടുമാത്രം സംതൃപ്തി നേടാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനങ്ങളെ പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കോളേജിനുണ്ടായ സ്തുത്യർഹമായ നേട്ടങ്ങൾ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തി. കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഫുഡ് കമ്മിറ്റിയിലെ അംഗമെന്ന നിലയിലും അദ്ദേഹത്തിന്റെ സുദീർഘ സേവനം നിസ്തുലമായിരുന്നു.

1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ പുരാതനമായ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ആനയറ കാട്ടിൽ വീട്ടിൽ ദേവകിയായിരുന്നു മാതാവ്. ഗോവിന്ദന്റെ പിതാവ് വേലായുധൻ പേരെടുത്തൊരു ഗവൺമെന്റ് കോൺട്രാക്ടർ ആയിരുന്നു. പിതാമഹന്റെ ആ പാരമ്പര്യത്തിൽ നിന്നാണ് രമേശനും തന്റെ കർമ്മകാണ്ഡം മുഖരിതമാക്കാൻ കോൺട്രാക്ടർ രംഗത്തേക്ക് വന്നത്.

വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി- രാമകൃഷ്ണൻ ദമ്പതികളുടെ ഏകമകൾ ഇന്ദിരാദേവിയാണ് ഭാര്യ. ഇൗ ദമ്പതികൾക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരുമാണുള്ളത്.

കോൺട്രാക്ടർ പണിയിലൂടെ നഷ്ടങ്ങൾ വരുത്തിവച്ച പിതാമഹന്റെ പാത പിന്തുടർന്നാണ് കരാർ പണി ആരംഭിച്ചതെങ്കിലും ജി. രമേശൻ കോൺട്രാക്ടർ പിൽക്കാലത്ത് നേട്ടങ്ങളാണ് കൊയ്തത്.

ഒരുകാലത്ത് അധഃസ്ഥിതർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് ശ്രീപത്മനാഭന്റെ തിരുസന്നിധിയിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിൽ നിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിലാണ് അദ്ദേഹത്തിന്റെ വിപുലമായ സ്ഥാപനങ്ങളുടെ എല്ലാം ആസ്ഥാനം. ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരുത്തിയ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ പൊതുവെ രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയുടെയും പ്രാന്തപ്രദേശത്തിന്റെയും മുഖഛായ മാറ്റുന്നവിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇപ്പോൾ രാജധാനി ഗ്രൂപ്പിനുള്ളത്. രമേശൻ കോൺട്രാക്ടറുടെ ഇളയ മകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. ബിജുരമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.

(ഫോൺ: 9207277773)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESHAN CONTRACTOR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.