നാഗർകോവിൽ: മാർത്താണ്ഡം ആർ.ടി.ഒ സഞ്ചരിച്ച കാറിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,69,000 രൂപ പിടികൂടി. മാർത്താണ്ഡം ആർ.ടി.ഒ പെരുമാളിൽ നിന്നാണ് പണം കണ്ടെത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെ നാഗർകോവിലിനടുത്ത് ഒഴുകിനാശ്ശേരിയിൽ വച്ച് പെരുമാൾ സഞ്ചരിച്ചിരുന്ന ആർ.ടി.ഒ എന്ന ബോർഡ് വച്ച കാർ വിജിലൻസ് തടയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ വച്ച് ഇന്ന് പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്തിട്ടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പെരുമാളിന് കഴിഞ്ഞില്ല.
തുടർന്ന് പണം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മാർത്താണ്ഡം ആർ.ടി ഓഫീസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി നാഗർകോവിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പെരുമാൾ ജോലി കഴിഞ്ഞ് കാറിൽ മാർത്താണ്ഡത്ത് നിന്ന് തിരുനെൽവേലിയിലേക്ക് പോകുമ്പോഴാണ് നാഗർകോവിലിനടുത്ത് വച്ച് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. വിജിലൻസ് ഡി.എസ്.പി മതിയഴകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരശോധന നടത്തിയത്.