തിരുവനന്തപുരം: മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയ രണ്ട് സി.പി.എം മന്ത്രിമാർ ആരൊക്കെയെന്ന് സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതേപ്പറ്റി ഇ.ഡി അന്വേഷിക്കുകയാണെന്ന കേരളകൗമുദി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
അടുത്തിടെ വിരമിച്ച ഐ.എ.എസ് ഓഫീസർ വഴിയാണ് ഭൂമി തരപ്പെടുത്തിയതെന്നാണ് വാർത്ത. അത് ശരിയാണെങ്കിൽ വളരെ ഗൗരവമേറിയതാണ്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണം. സ്വർണക്കടത്ത്, മയക്കുമരുന്ന്, അഴിമതികൾ എന്നിവയെപ്പറ്റിയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സർക്കാരും സി.പി.എമ്മും ആസൂത്രിത നീക്കം നടത്തുകയാണ്. മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോഴാണ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം. അതിന് നിയമസഭയെപ്പോലും ദുരുപയോഗിക്കുന്നു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി പിന്നീട് സ്വരം മാറ്റി. അഴിമതി അന്വേഷിക്കുന്നതിനെതിരെ സി.പി.എമ്മും ഇടതുമുന്നണിയും സമരം നടത്തുന്നത് പൊതുസമൂഹത്തിന്റെ നീതിബോധത്തെ അവഹേളിക്കുന്നതാണ്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മുതലാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയെ രക്ഷിക്കാൻ കിണഞ്ഞ് ശ്രമിക്കുന്നു. ഇവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നു. സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിതശ്രമമാണ്. ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നിൽ സർക്കാരാണ്. ശബ്ദരേഖ വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെയാണ് അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് സി.പി.എം സെക്രട്ടേറിയറ്റ് രംഗത്തുവന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു.
വികസനം തടസപ്പെടുത്തുന്നെന്ന് പറഞ്ഞാണ് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമം. ഈ സർക്കാരിന്റെ കീഴിൽ ഒരു വികസനവുമുണ്ടായിട്ടില്ല. സ്വർണക്കടത്തും മയക്കുമരുന്ന് കച്ചവടവും അഴിമതിയും പിൻവാതിൽ നിയമനങ്ങളും കൺസൾട്ടൻസി കമ്മിഷനുമാണ് നടന്നത്. അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചനയെപ്പറ്റിയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.
സി.എ.ജി റിപ്പോർട്ടിനെപ്പറ്റി മന്ത്രി തോമസ് ഐസക് കള്ളപ്രചാരണം നടത്തുന്നു. പാമോയിൽ കേസിൽ കരട് റിപ്പോർട്ടിലില്ലാതിരുന്നത് ഫൈനലിൽ കൂട്ടിച്ചേർത്തത് പൊക്കിപ്പിടിച്ച് പ്രക്ഷോഭം നടത്തി കരുണാകരനെ വേട്ടയാടിയവർ സ്വന്തം കാര്യം വന്നപ്പോൾ ഗൂഢാലോചനയെന്ന് പറയുന്നത് കാപട്യമാണ്. കിഫ്ബി ഓഡിറ്റിംഗ് പൂർത്തിയായിട്ടില്ലെന്ന് ഏജീസ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രങ്ങളിൽ വന്നിരിക്കെ, ഏത് റിപ്പോർട്ടിനെപ്പറ്റിയാണ് ഐസക് ബഹളമുണ്ടാക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.